psoriasis

ചർമ്മത്തെ ബാധിക്കുന്ന പെട്ടെന്ന് വിട്ടുമാറാത്ത ഒരു രോഗമാണ് സോറിയാസിസ്. കുട്ടികളിലും കൗമാരക്കാരിലും ഈ രോഗം കാണാറുണ്ടെങ്കിലും കൂടുതലായി മുതിർന്നവരിലാണ് ഇത് കണ്ടു വരുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ഒരു പോലെ കാണുന്ന ഈ രോഗം ഒരു പകർച്ചവ്യാധി അല്ല. (അതായത്, രോഗമുള്ളവരിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നില്ല). സോറിയാസിസ് പൂർണമായും ഭേദപ്പെടുത്താവുന്ന ഒരു രോഗമല്ല, മറിച്ച് ഫലവത്തായ ചികിത്സ കൊണ്ട് രോഗലക്ഷണങ്ങളെ മാറ്റി, നിയന്ത്രണ വിധേയമാക്കാവുന്നതാണ്. ലോക സോറിയാസിസ് ദിനമായി ആചരിക്കുന്നു ഇന്ന് രോഗ കാരണങ്ങളെയും പ്രതിവിധികളെയും ഇവിടെ അറിയാം.

കാരണങ്ങൾ

വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ടെങ്കിലും സോറിയാസിസിന്റെ യഥാർത്ഥ കാരണം തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ജനിതകമായ കാരണങ്ങൾ, രോഗപ്രതിരോധശേഷിയിൽ വരുന്ന വ്യത്യാസങ്ങൾ എന്നിവ കൂടാതെ പരിസ്ഥിതി ഘടകങ്ങളും കാരണമായി പറയപ്പെടുന്നു. ഏകദേശം 40 ശതമാനം ആളുകളിലുള്ളത് ജനിതക കാരണങ്ങളാണ്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ചില ബാക്ടീരിയ, വൈറസ് എന്നിവ കൊണ്ടാണ് രോഗം വരാൻ സാധ്യത. മദ്യപാനം, പുകവലി എന്നിവ സോറിയാസിസ് രോഗസാധ്യതകൾ വർധിപ്പിക്കുകയോ രോഗം സ്ഥിരീകരിച്ചവരിൽ രോഗം മൂർച്ഛിക്കുവാനോ കാരണമാകുന്നു.
ആജീവനാന്തം അലട്ടിയേക്കാവുന്ന ഒരു രോഗമാണെങ്കിലും വളരെ ഫലവത്തായി ഇത് നിയന്ത്രിക്കാൻ സാധിക്കും. രോഗബാധിതരിൽ അമിതമായ ഉത്കണ്ഠ, മാനസിക സമ്മർദ്ദം, കുറഞ്ഞ ആത്മവിശ്വാസം തുടങ്ങിയവ കാണുന്നു. തുടക്കത്തിലേ തന്നെ രോഗനിർണയം നടത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താൽ തികഞ്ഞ ആത്മവിശ്വാസത്തോടെ ദൈനംദിന ജീവിതം തുടരാൻ സാധിക്കുന്നു.

രോഗലക്ഷണങ്ങൾ
സോറിയാസിസ് ചർമ്മതത്തിൽ പല തരത്തിൽ പ്രകടമാകാറുണ്ട്. സാധാരണയായി പ്ലേഗ് ഇനത്തിൽ പെട്ട രോഗലക്ഷണം ഏത് പ്രായക്കാരിലും കാണാമെങ്കിലും കൂടുതലായി ചെറുപ്പക്കാരിലും മധ്യവയസ്‌കരിലും ആണ് കണ്ടു വരുന്നത്.
ചർമ്മത്തിൽ നിന്ന് ഉയർന്ന ചുവന്നു തടിച്ച പ്ലേഗുകൾ വെളുത്ത് സ്‌കേൽസ് അഥവാ ശൽക്കങ്ങളോട് കൂടി കാണുന്നു. ഇത് രോഗനിർണയത്തിന് സഹായിക്കുന്നു. തലയിൽ ദീർഘകാലം നിൽക്കുന്ന താരൻ ചിലപ്പോൾ സോറിയാസിസ് ആകാം.

ഗുട്ടാട്ടെ സോറിയാസിസ്: കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന ഈ രോഗയിനം ചെറിയപാടുകളായി ആണ് കാണുന്നത്. സ്‌റെപ്‌ടോകോകസ് അണുബാധ ഇതിന് പ്രേരകമായി കാണുന്നു.
പസ്റ്റുലാർ സോറിയാസിസ്: എന്ന മറ്റൊരു വിഭാഗം നിലവിലുള്ള പാടുകളിലോ അല്ലെങ്കിൽ പുതിയ പാടുകളായോ വരാം. ചിലപ്പോൾ കൈ-കാൽ വെള്ളയിൽ ഒതുങ്ങി നിൽക്കുന്ന പസ്റ്റുലാൽ സോറിയാസിസ് ശരീമാസകലം വ്യാപിക്കുകയും അപകടകാരിയാകുകയും ചെയ്യുന്നു.
ഇൻവെഴ്സ് സോറിയാസിസ്: ശരീരത്തിലെ മടക്കുകളിൽ കാണപ്പെടുന്നു. പലപ്പോഴും ഫംഗൽ ഇൻഫെക്ഷൻ എന്ന തെറ്റിദ്ധരിച്ച് ശരിയായ ചികിത്സ കിട്ടാതെ പോകുന്നു.
ലെയിൽ സോറിയാസിസ്: നഖങ്ങളിൽ മാത്രമായിട്ടോ പ്ലേഗ് രൂപത്തിലുള്ള അസുഖത്തിന്റെ ഭാഗമായിട്ടോ കാണുന്നു.
സോറിയാറ്റിക് ആർത്രൈറ്റിസ്: 30 ശതമാനം സോറിയാസിസ് രോഗികളിൽ സന്ധികളെയും ബാധിക്കുന്നു. ചെറിയ സന്ധികളിലാണ് വേദന, നീര്, എന്നീ രോഗലക്ഷണങ്ങൾ കാണുന്നത്.

രോഗനിർണയവും ചികിത്സയും
രോഗലക്ഷണങ്ങൾ കൊണ്ടു തന്നെ രോഗം നിർണയിക്കാൻ ആകുമെങ്കിലും ഒരു സ്‌കിൻ ബയോപ്സി കൊണ്ടു മാത്രമേ സോറിയാസിസ് സ്ഥിരീകരിക്കാനാകൂ.
ചികിത്സാ രീതികൾ രണ്ട് രീതിയിലാണ്. പുറമെ പുരട്ടുന്ന ലേപനങ്ങളും ആന്തരിക ചികിത്സയും. പെട്രോളിയം ജെല്ലി പോലെയുള്ള ലേപനങ്ങൾ കുളികഴിഞ്ഞുടനെ പുരട്ടേണ്ടതാണ്. വീര്യം കുറഞ്ഞ കോർട്ടികോ സ്റ്റീറോയിഡ് വിഭാഗത്തിൽ പെടുന്ന ലേപനങ്ങൾ കനം കുറഞ്ഞ ചർമ്മത്തിലും വീര്യം കൂടിയവ കട്ടിയുള്ള ചർമ്മത്തിലും ഉപയോഗിക്കേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ശക്തി കൂടിയ സ്റ്റീറോയിഡ് ലേപനങ്ങൾ ദീർഘനാൾ ഉപയോഗിക്കുന്നത് ത്വക്കിന്റെ കട്ടികുറയാൻ ഇടയാക്കുന്നു.
വൈറ്റമിൻ ഡിയ്ക്‌ക് സമാനമായ കാൽസിപോട്രിയോൾ ചില ഭാഗങ്ങളിൽ കോർട്ടിക്കോ സ്റ്റീറോയിഡിന് പകരം ഉപയോഗിക്കാവുന്നതാണ്.
ഷാംപൂ, ക്രീം, എണ്ണ എന്നിങ്ങനെ പല രൂപത്തിൽ വരുന്ന ടാർ പ്രിപ്പറേഷൻ ത്വക്കിന്റെ കട്ടി കുറയ്ക്കാൻ സഹായിക്കുന്നു. പുറമെ പുരട്ടുന്ന ലേപനങ്ങളിൽ അന്ത്രാലിൻ, ടാശറോട്ടീൻ, ടാക്രോലിമസ് എന്നിവയും ഉൾപ്പെടുന്നു.
ഫോട്ടോ തെറാപ്പി മറ്റൊരു ചികിത്സാ രീതിയാണ്. കുട്ടികളിലും ഗർഭിണികളിലും ഇത് സുരക്ഷിതമായി ഉപയോഗിക്കാം.
ആന്തരിക ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു മരുന്നാണ് മെതോട്രെക്‌സൈറ്റ്. കുട്ടികളിലും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന ഒന്നാണിത്. പാർശ്വഫലങ്ങൾ കുറയ്‌ക്കാൻ ഫോളിക് ആസിഡ് ഒപ്പം കഴിക്കുന്നത് നല്ലതാണ്. മെതോട്രെക്‌സേറ്റ് കഴിക്കുന്ന രോഗികൾ രക്തദാനം ഒഴിവാക്കണം. ഗർഭധാരണവും ഒഴിവാക്കേണ്ടതാണ്.
രക്തപരിശോധന പ്രധാനമായും നിശ്ചിത സമയങ്ങളിൽ എൽഎഫ്ടി ചികിത്സ തീരുന്നത് വരെയും ചെയ്യേണ്ടതാണ്.
റെറ്റനോയിഡ്സ്, സൈക്ലോസ്‌പോറിൻ, അസതോപ്രൈൻ എന്നിവ മറ്റ് മരുന്നുകളാണ്. ഏറ്റവും നൂതനമായ ഒന്നാണ് അപ്രെമിലാസ്റ്റ്. ഇൻജെക്ഷൻ ആയി ലഭിക്കുന്ന ജൈവ ഔഷധങ്ങളാണ് മറ്റൊരു ചികിത്സാരീതി. ചിലവേറിയതും പാർശ്വഫലങ്ങൾ ഉള്ളതുമായ ചികിത്സ ആയതു കൊണ്ട് പരിമിതികളുണ്ട്.
മറ്റ് ചികിത്സാ രീതികൾ ഫലപ്രദമല്ലാതെ വരുമ്പോഴും വളരെ ഗുരുതരമായ അവസ്ഥയിലുമാണ് ഈ ജൈവ ഔഷധങ്ങൾ ഉപയോഗിക്കുന്നത്.

ഡോ. രമ ദേവി ടി ജെ
ഡോ. ആശ സക്കറിയ
ഡോ. മിനി പിഎൻ
കൺസൽട്ടന്റ് ഡെർമെറ്റോളജിസ്റ്റ്സ് ആൻഡ് കോസ്‌മെറ്റോളജിസ്റ്റ്,

കിംസ്‌ഹെൽത്ത്, തിരുവനന്തപുരം