
പട്‌ന: ബി.ജെ.പി എം പി മനോജ് തിവാരിയുടെ ഹെലികോപ്റ്റര്‍ പട്‌ന വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. രാഷ്ട്രീയ റാലിക്കായി തിവാരിയും സപ്പോര്‍ട്ട് സ്റ്റാഫും ബെട്ടയ്യയിലേക്കുള്ള യാത്രയിലായിരുന്നു.
രാവിലെ 10.10 ന് പട്ന വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റര്‍, പുറപ്പെട്ട ഉടന്‍ എ.ടി.സിയുമായുള്ള നിയന്ത്രണം നഷ്ടപ്പെട്ടു.സാങ്കേതിക പിഴവ് കാരണം ചോപ്പര്‍ 40 മിനിറ്റ് നേരത്തേക്ക് കണ്ടെത്താനായില്ല. ''പൈലറ്റിന് വഴി തെറ്റിപ്പോയതിനാല്‍ ഇത് ഞങ്ങളെ പരിഭ്രാന്തരാക്കി. ഹെലികോപ്റ്ററും എ.ടി.സിയും തമ്മില്‍ ആശയവിനിമയ പ്രശ്നമുണ്ടായിരുന്നു'', ഹെലികോപ്റ്ററില്‍ മനോജ് തിവാരിക്കൊപ്പം പോയ നീല്‍ ബക്ഷി പറഞ്ഞു.
ഹെലികോപ്റ്ററിന്റെ പൈലറ്റ് ഒരു മാനുവല്‍ ബുക്ക് ഉപയോഗിച്ച് പട്‌ന വിമാനത്താവളത്തിലേക്ക് മടങ്ങി. എ.ടി.സിയുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍, എ.ടി.സിയിലേക്ക് ഒരു സിഗ്‌നല്‍ അയയ്ക്കുന്നതിന് പൈലറ്റിന് എമര്‍ജന്‍സി ലൈറ്റുകള്‍ ഓണാക്കേണ്ടിവന്നു. വിമാനത്താവളത്തില്‍ ഇറങ്ങാന്‍ എ.ടി.സി അനുമതി നല്‍കുന്നതിനുമുമ്പ് പലതവണ പട്‌ന വിമാനത്താവളത്തിന്റെ പരിസരത്ത് തന്നെ പറന്നുയെന്നും, ബക്ഷി പറഞ്ഞു.
എമര്‍ജന്‍സി ലാന്‍ഡിംഗിനിടെ, ഹെലികോപ്റ്റര്‍ സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് വരെ വിമാനത്താവളത്തിലെ മറ്റെല്ലാ പറക്കല്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളെ നേരിടാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഫയര്‍ എഞ്ചിന്‍, മെഡിക്കല്‍ സ്റ്റാഫ്, ആംബുലന്‍സ് തുടങ്ങിയ അടിയന്തര സേവനങ്ങളെ സ്റ്റാന്‍ഡ്ബൈയില്‍ ഏര്‍പ്പെടുത്തി.