
ഷഫ്ന നായികയായ ആദ്യസിനിമയിൽ സജിൻ നായകനായിരുന്നില്ല. പക്ഷേ ഇരുവരും ജീവിതത്തിൽ നായികാ നായകന്മാരായി. അഭിനയത്തിൽ സജീവമാകുന്ന താര ദമ്പതികളുടെ വിശേഷങ്ങൾ......
നിറഞ്ഞ സന്തോഷത്തിൽ സജിനും ഷഫ്നയും.പ്രിയപാതി സജിനെ അഭിനയരംഗത്ത് കാണാനാണ് ഷഫ്നയ്ക്ക് ഏറ്റവും ഇഷ്ടം. ജീവിതത്തിൽ ഏറ്റവും സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ ജോലി വീണ്ടും ചെയ്യാൻ കഴിഞ്ഞതിന്റെ ആഹ്ലാദം സജിന്റെ മനസ് നിറയേ. 'സാന്ത്വനം" സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ ഗൃഹസദസുകളിൽ സ്ഥാനം പിടിച്ചു. അല്പം ഗൗരവക്കാരനായ ശിവ സജിന്റെ നല്ല ചുവടുവയ്പിന് വഴിയൊരുക്കുന്നു. 'ചിന്താവിഷ്ടയായ ശ്യാമള"യിൽ 'അയ്യോ അച്ഛാ പോകല്ലേ" എന്നു പറഞ്ഞ പെൺകുട്ടികളിൽ ഒരാൾക്ക് ഷഫ്നയുടെ കുഞ്ഞു മുഖമായിരുന്നു.'എല്ലാ മാസവും കൃത്യമായി ഫീസ് കൊടുക്കുന്ന കുട്ടിയായാൽ മതി" എന്നു കഥ പറയുമ്പോൾ സിനിമയിൽ അച്ഛനോട് പറയുമ്പോൾ ഷഫ്നയ്ക്ക് വലിയ മുഖം . ഷഫ് ന ഇപ്പോൾ ഗൃഹസദസിൽ നായികാ സാന്നിദ്ധ്യം അറിയിക്കുന്നു. പ്ളസ് ടു സിനിമയിൽ അഭിനയിച്ചാണ് സജിന്റെ തുടക്കം. ആ സിനിമയിൽ നായികയായിരുന്നു ഷഫ്ന. നാലുവർഷത്തെ പ്രണയത്തിനുശേഷം കൗതുകം നിറഞ്ഞ ദിവസം വിവാഹം.11- 12-2013.  ഡിസംബറിൽ സജിന്റെയും ഷഫ്നയുടെയും ഏഴാം വിവാഹ വാർഷികമാണ്. തൃശൂർ അന്തിക്കാടിനടുത്ത് പുത്തൻപീടികയിൽ സജിന്റെ വീടാണ് ഇപ്പോൾ ലൊക്കേഷൻ.

പ്ളസ് ടു സിനിമയിലൂടെയാണ് എത്തിയതെങ്കിലുംസീരിയലിലൂടെ തിരിച്ചുവരവ് ?
സജിൻ: പത്തുവർഷം മുൻപാണ് പ്ളസ് ടുവിൽ അഭിനയിച്ചത്.എന്നാൽ സിനിമയിലൂടെയാണ് അഭിനയരംഗത്തു വന്നതെന്ന് അധികം പേർക്കും അറിയില്ല. ആ സിനിമ വിജയിച്ചില്ല. ഒരു സിനിമ കഴിഞ്ഞാൽ മുൻപോട്ട് പോകാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് അറിയില്ലായിരുന്നു. അത് എന്റെ വീഴ്ചയാണ്. പറഞ്ഞുതരാനും ആരുമില്ലായിരുന്നു.സിനിമയിൽനിന്ന് മാറി നിന്ന സമയത്തും ഓഡീഷനിൽ പങ്കെടുത്തു. എന്നാൽ ഒന്നും ശരിയായി വന്നില്ല. രജപുത്ര രഞ്ജിത്തേട്ടനാണ് സാന്ത്വനത്തിന്റെ നിർമ്മാതാവ്. മടങ്ങിവരാൻ നല്ല അവസരമെന്ന് ഉറപ്പിച്ചു. കഥാപാത്രവും ഇഷ്ടപ്പെട്ടു. ഷഫ്നയാണ് ഈ കഥാപാത്രത്തെക്കുറിച്ച് ആദ്യം പറയുന്നത്.
സാന്ത്വനം സീരിയലിൽ  ശിവയെ അവതരിപ്പിക്കുന്ന സജിൻ ഷഫ്നയുടെ ഭർത്താവാണെന്ന് അധികം പ്രേക്ഷകർക്കും അറിയില്ല?
സോഷ്യൽ മീഡിയയുടെ ഭാഗമായവർക്ക് അറിയാം. ഇപ്പോൾ മറ്റുള്ളവരും ചെറുതായി അറിഞ്ഞുതുടങ്ങി. എന്നാലും ഭൂരിഭാഗം പേർക്കും അറിയില്ല. എന്റെ കഥാപാത്രം ഇഷ്ടപ്പെട്ടു എന്നു അറിയുമ്പോൾ സന്തോഷം. ആളുകൾക്ക് ഇപ്പോൾ വേഗം അഭിപ്രായം പറയാൻ കഴിയുമല്ലോ. എന്നാൽ എനിക്കു തോന്നുന്നത്, ഞാൻ ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ്. ചെയ്യുന്നത് ശരിയാവുന്നില്ലെന്ന തോന്നൽ അനുഭവപ്പെടുന്നു.

വിവാഹശേഷം ഷഫ്ന അഭിനയം നിറുത്തി എന്നാണ് കേട്ടത്?
ഷഫ്ന: അഭിനയം എന്റെ സ്വപ്നമാണെന്ന് ഇക്കയ്ക്ക് അറിയാം. അതു പ്രൊഫഷനായി തുടരുന്നതിൽ എന്നേക്കാൾ സന്തോഷവും ഇഷ്ടവും ഇക്കയ്ക്ക് തന്നെയാണ്. വിവാഹത്തിന് മുൻപ് അഭിനയിച്ചത് സത്യൻ സാറിന്റെ 'ഒരു ഇന്ത്യൻ പ്രണയകഥ"യിലാണ്. ഞാൻ അഭിനയം നിറുത്തിയെന്ന് ആരെക്കെയോ പ്രചരിപ്പിച്ചതാണ്. അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നില്ല.എനിക്കുള്ളത് എന്നെ തേടി വരുമെന്ന് വിശ്വസിക്കുന്ന ആളാണ്. വിവാഹം കഴിഞ്ഞു വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹിച്ചപ്പോഴാണ്  'സുന്ദരി "സീരിയലിൽനിന്ന് വിളി വന്നത്. ആദ്യം വേണ്ടെന്ന് വച്ചെങ്കിലും രണ്ടുമൂന്നുമാസം കഴിഞ്ഞു കറങ്ങി തിരിഞ്ഞു വീണ്ടും വന്നു.ആ സീരിയൽ ശ്രദ്ധേയമായി. അതിനുശേഷം സഹയാത്രിക, ജാഗ്രത, നോക്കെത്താ ദൂരത്ത്, പ്രിയങ്കരി, ഭാഗ്യ ജാതകം എന്നീ സീരിയലുകൾ. തെലുങ്കിൽ ശ്രീമന്തുഡു സീരിയലിൽ അഭിനയിക്കുന്നുണ്ട്. ഒരു പരിധി വരെ സിനിമയേക്കാൾ പ്രശസ്തി സീരിയൽ തന്നു. യു ട്യൂബിലും ഹോട് സ്റ്റാറിലും സീരിയൽ കാണാൻ കഴിയുന്നതിനാൽ ആളുകൾക്ക് കൂടുതൽ പരിചിതമാണ്.രണ്ടു വീട്ടുകാരുടെയും പിന്തുണ  ലഭിക്കുന്നതിനാലാണ് അഭിനയിക്കാൻ കഴിയുന്നത്.
സജിൻ : വിവാഹ ശേഷം അവസരം വന്നപ്പോൾ താത്പര്യമുണ്ടെങ്കിൽ അഭിനയിക്കാൻ പറഞ്ഞു. ഷഫ്ന അഭിനയിക്കുന്നത് എനിക്ക് ഇഷ്ടമാണ്. അതു സന്തോഷമാണെന്നും പറഞ്ഞപ്പോൾ തയാറായി.അഭിനയം ഞങ്ങൾ രണ്ടുപേരുടെയും സ്വപ്നവും ആഗ്രഹവുമാണ്.
ഷഫ്ന : അഭിനയം വിട്ടു ഇക്ക പല ജോലികളും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു ദിവസം പോലും സന്തോഷത്തോടെ വന്നു ഉറങ്ങിയില്ല. എനിക്കു അതു കാണുമ്പോൾ സങ്കടം വരുമായിരുന്നു. ഞാൻ അഭിനയിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം സിനിമയിൽ ഇക്കയെ കാണാനാണ്. അതു തന്നെയാണ് എന്റെ ആഗ്രഹവും.

രണ്ടുപേരും ഇനി എപ്പോഴാണ് ഒന്നിച്ചു അഭിനയിക്കുക ?
സജിൻ :ഷഫ്നയുടെ മുന്നിൽ അഭിനയിക്കാൻ ചമ്മലുണ്ട്. പ്ളസ് ടുവിനുശേഷം ഒന്നിച്ച്  അഭിനയിച്ചില്ല.
ഷഫ്ന : ഒരുമിച്ച് അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണ്.ഇക്ക വേണ്ട, വേണ്ട എന്നു പറയും. ഞാൻ അഭിനയിച്ച സീരിയലിൽനിന്നു പോലും വിളി വന്നതാണ്.
ഒരു  പ്ളസ് ടുകാലം പോലെ ഏറെ സുന്ദരമായി ജീവിതം മുന്നോട്ടുപോകുന്നു?
സജിൻ: ഞങ്ങൾ അധികം മുൻപോട്ട് പോവില്ലെന്ന് പറഞ്ഞവരുണ്ട്. ഒരുപാട് കഥകൾ കേട്ടു.നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ. ഒരേ താത്പര്യങ്ങൾ. യാത്രകൾ ഇഷ്ടമാണ്. സുഹൃത്തുക്കൾക്ക് ഒപ്പം പോകുമ്പോൾ ലഭിക്കുന്ന സന്തോഷത്തിന്റെ അതേ അളവുണ്ട് ഷഫ്നയോടൊപ്പമുള്ള യാത്രയ്ക്കും.
ഷഫ്ന: വിവാഹത്തിനുമുൻപ് നാലു വർഷം പ്രണയിച്ചു. ആസമയത്തുതന്നെ നല്ല വശങ്ങൾ ആള് കാണിച്ചു തന്നു. നെഗറ്റീവ് വശങ്ങളാണ് കൂടുതൽ പറഞ്ഞു തന്നത്. എന്നെ ഒാടിച്ചു വിടാനാണോ എന്നു തമാശ ചോദിച്ചിട്ടുണ്ട്. അതിന്റെ ഗുണം വിവാഹശേഷമാണ് അറിഞ്ഞത്. ആള് ദേഷ്യപ്പെട്ടാൽ എനിക്ക് നടുക്കം തോന്നില്ല.ഇഷ്ടവും ഇഷ്ടക്കേടും നല്ലതും മോശവും എല്ലാം എനിക്ക് ബോദ്ധ്യപ്പെടുത്തി തന്നതാണ്. ഇടയ്ക്ക്  ഞങ്ങൾ തമ്മിൽ വഴക്കിടാറുണ്ട്. പക്ഷേ, അതു അധികനേരം നീണ്ടുനിൽക്കാറില്ല. ഞാൻ സ്വപ്ന ലോകത്താണ് ജീവിക്കുന്നത്.
സജിൻ: ഞാൻ മണ്ണിൽ ചവിട്ടിയും.