
ഇനിയും പ്രണയിച്ചു തീരാത്ത കമിതാക്കളെപ്പോലെയാണ് ആദ്യവിവാഹവാർഷികം ആഘോഷിക്കുന്ന ഹേമന്തും നീലിനയും
ഹേമന്തിനെയും നീലുവിനെയും കാണുമ്പോൾ  ഇന്നലെ പ്രണയിച്ചു തുടങ്ങിയ കമിതാക്കളെപ്പോലെ തോന്നും. ഒരേ മനസുള്ള രണ്ടുപേർ ചേർന്നാലുള്ള ഉത്സവമേളം കണ്ടറിയണമെങ്കിൽ മലപ്പുറം തിരൂരിലെ ഹേമന്തിന്റെ വീട്ടിൽ വരണം. അവിടെ ലോക്ക്ഡൗൺ ഒന്നും ബാധിച്ചിട്ടേയില്ല. ഹേമന്തിന്റെ പ്രിയപാതിയായി നീലു എത്തിയത് കഴിഞ്ഞ വർഷം. 

''ഞങ്ങളുടെ കല്യാണം കഴിഞ്ഞ പിറ്റേദിവസമായിരുന്നു ഓണം.വീട്ടിൽ ആണേൽ വിരുന്നുവന്ന കസിൻസൊന്നും പോയിട്ടില്ലായിരുന്നു.സദ്യയെല്ലാം കഴിച്ച് ഇരിക്കുമ്പോഴാണ് നീലു പറയുന്നത് നമുക്ക് കട്ടപ്പനയ്ക്ക്പോകാമെന്ന്.നീലുവിന്റെ വീട് കട്ടപ്പനയിലാണ് .നീലുവാണെങ്കിൽ വീട് വല്ലാതെ മിസ് ചെയ്യുന്നുമുണ്ട്. എന്നാൽ പോവാമെന്ന് ഞാനും വിചാരിച്ചു. അങ്ങനെ  കട്ടപ്പനയ്ക്ക് തിരിച്ചു. ഞങ്ങൾ ഒരുമിച്ചുള്ള ആദ്യ ലോംഗ് ഡ്രൈവ് അതായിരുന്നു.നേരം ഇരുട്ടി തുടങ്ങിയപ്പോഴേക്കും എനിക്ക് വഴിയാകെ കൺഫ്യൂഷനായി. നീലുവിനറിയാലോ എന്ന ധൈര്യത്തിൽ അങ്ങ്പോയി. നീലു പറയുന്ന വഴി മുഴുവൻപോയി അവസാനം എവിടെയോ എത്തി. ആ പാതിരാത്രി വഴിയും തെറ്റിച്ച് ഒരു കുസലുമില്ലാതെ പുള്ളിക്കാരി ഇരുന്ന് ഒരേചിരി. എനിക്കാണേൽ ചിരിയ്ക്കണോ കരയണോ എന്നൊന്നും അറിയാതെ ഇരുന്നു. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ ലോംഗ് ഡ്രൈവ് ഇത്ര അടിപൊളിയാക്കി തന്ന ആളാണ് ഈ ഇരിക്കുന്നത്  തന്നോട് ചേർന്നിരുന്ന നീലുവിനെ പാളിനോക്കി ഹേമന്ത് പറഞ്ഞു. നീലുവിന്റെ മുഖത്ത് അപ്പോൾ ഒരു കുസൃതി ചിരി വിടർന്നു. ' അതുകൊണ്ട് ഏട്ടൻ ആ വഴിയെല്ലാം കണ്ടല്ലോ"

ഞാൻ ആഗ്രഹിച്ചിരുന്ന ഒരു കൂട്ടുകാരി തന്നെയാണ് നീലു.  ഒരു ഭാര്യ എന്നതിലപ്പുറം ഒരു കൂട്ടുകാരിയെയാണ് എനിക്ക് വേണ്ടിയിരുന്നത് .ഞങ്ങളോട് എല്ലാവരും ചോദിക്കുന്ന ഒന്നാണ് 'നിങ്ങളുടേത് പ്രണയ വിവാഹമാണോയെന്ന് "? സത്യം പറഞ്ഞാൽ വിവാഹാലോചനയായിട്ടാണ് ഞങ്ങൾ പരിചയപ്പെടുന്നത്.നീലുഡോക്ടറാണ്.എന്റെ  പ്രൊഫഷനുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾ.എന്നാലും ഒന്ന് കാണാം എന്ന് വിചാരിച്ചു. ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ ഞങ്ങൾക്കിടയിലെ ആ വൈബ് കണക്ട് ചെയ്യാൻ സാധിച്ചു. പിന്നിട് രണ്ടോ മൂന്നോ തവണയേ   കണ്ടിട്ടുള്ളു. എപ്പോഴും ഫോണിൽ സംസാരിക്കുമായിരുന്നു.  ഞങ്ങൾ രണ്ടുപേരും ചേർന്നാൽ അടിപൊളിയാകുമെന്ന് തോന്നിയപ്പോഴാണ് കല്യാണം കഴിക്കാമെന്ന് തിരുമാനിച്ചത്. വീട്ടിൽ പറഞ്ഞപ്പോൾ രണ്ടു വീട്ടുകാർക്കും സമ്മതം. ഇപ്പോഴും ഞങ്ങൾ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുപേരും ഭക്ഷണപ്രിയരാണ്.  ചിലപ്പോൾ പാതി രാത്രി നീലു പറയും 'വാ നമുക്ക്പോയി കട്ടനും ഓംലെറ്റും അടിക്കാമെന്ന്"  'ഞാൻ അക്കാര്യം മനസിൽ  വിചാരിച്ച സമയത്തായിരിക്കും നീലു അത് പറയുക". ' ഭക്ഷണം പാചകം ചെയ്യുക എന്നത് ഒരു കലയായിട്ടാണ് ഞാൻ കാണുന്നത്. ആ കാര്യത്തിൽ നീലുവിന് ഞാൻ പത്തിൽ പത്ത് മാർക്ക് കൊടുക്കും.

ഞങ്ങൾ രണ്ടുപേരും നോൺ വെജാണ്. എന്റെ ഇഷ്ട വിഭവം ബട്ടർ ചിക്കനാണ്.പുറത്തുപോയാൽ എന്തൊക്കെ ഉണ്ടായാലും ബട്ടർ ചിക്കൻ ഞാൻ ഓർഡർ ചെയ്യുമായിരുന്നു. വിവാഹ ശേഷം എനിക്ക് നീലു തന്ന ബെസ്റ്റ് ഗിഫ്ടാണ് നീലു സ്പെഷ്യൽ ബട്ടർ ചിക്കൻ. നീലു നന്നായി ബട്ടർ ചിക്കൻ വയ്ക്കും. നല്ല ടേസ്റ്റാണ്.എനിക്ക് എപ്പോഴും ഉണ്ടാക്കി തരും.ഏട്ടൻ അടുക്കളയിൽ കാര്യമായി കയറാറില്ലെങ്കിലും നല്ല പ്രോത്സാഹനം തരാറുണ്ടെന്ന് ചിരിയോടെ നീലു പറയുന്നു. ബോറടിച്ചിരിക്കുമ്പോൾ എങ്ങോട്ടേലും ട്രിപ്പ്പോകുന്നതാണ് ഞങ്ങളുടെ മറ്റൊരു പതിവ്.  ഇടയ്ക്ക് ഞാൻ നീലുവിനോട്  വഴക്കിടാറുണ്ട്. ഞാൻ ദേഷ്യപ്പെടുമ്പോഴുള്ള നീലുവിന്റെ മുഖം കാണുമ്പോൾ തന്നെ എനിക്ക് ചിരിവരും. ആ ചിരിയിൽ തീരും  ദേഷ്യവും വഴക്കുമെല്ലാം. സിനിമയിൽ ഞാൻ റൊമാന്റിക് ഹീറോ ആണെങ്കിലും ജീവിതത്തിൽ അത്ര റൊമാന്റിക്കല്ലെന്നാണ് നീലു പറയാറുള്ളത്.