kanittha-thongnak

ബാങ്കോക്ക് : പേടിക്കേണ്ട...ഒറിജിനൽ സോംബിയല്ല. വടക്കൻ തായ്‌ലൻഡിൽ നിന്നുള്ള കനിറ്റ്ത തോംഗ്‌നാക് എന്ന സംരംഭകയാണിത്. സോംബിയുടെ വേഷത്തിൽ സോഷ്യൽ മീഡിയയിലെ ലൈവ് സ്ട്രീമിംഗിലൂടെയുള്ള വസ്ത്രവ്യാപാരമാണ് ഇവരുടെ തൊഴിൽ. വെറും വസ്ത്രവ്യാപാരമല്ല, മരിച്ചവരുടെ വസ്ത്രമാണ് കനിറ്റ്ത വില്ക്കുന്നത്.

മൂന്ന് മണിക്കൂർ നേരം കൊണ്ടാണ് കണ്ടാൽ പേടിക്കുന്ന സോംബി മേക്കപ്പ് 32 കാരിയായ കനിറ്റ്ത ചെയ്യുന്നത്. രാത്രിയിൽ സോംബി രൂപത്തിൽ ഓൺലൈനിലെത്തി ഓരോ വസ്ത്രങ്ങളും എടുത്ത് കാട്ടുന്ന കനിറ്റ്ത അതിന്റെ ഉടമസ്ഥർ എങ്ങനെയാണ് മരിച്ചതെന്നും പറയുന്നു. സോംബി വേഷത്തിൽ എത്താൻ തുടങ്ങിയതോടെ കസ്റ്റമേഴ്സിന്റെ എണ്ണം കൂടിയതായി കനിറ്റ്ത പറയുന്നു.

kanittha-thongnak

ഏകദേശം 6,000 ത്തോളം പേരാണ് കനിറ്റ്തയുടെ ലൈവ് സ്ട്രീമിംഗിൽ വസ്ത്രങ്ങൾ കാണാനെത്തുന്നത്. കനിറ്റ്ത ഇന്റർനെറ്റിൽ നോക്കി സ്വയം പഠിച്ചെടുത്തതാണ് സോംബി മേക്കപ്പ്. 3.2 ഡോളർ ( 238 രൂപ ) വരെയുള്ള വസ്ത്രങ്ങളാണ് കനിറ്റ്ത വില്ക്കുന്നത്. ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കവെയാണ് കനിറ്റ്തയ്ക്ക് ആദ്യമായി ഇങ്ങനെയൊരു ഐഡിയ തോന്നിയത്.

മരിച്ചവരുടെ വസ്ത്രങ്ങൾ ചടങ്ങുകൾക്ക് ശേഷം കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കനിറ്റ്ത സംസ്കാരച്ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്നവരെ സമീപിക്കുകയായിരുന്നു. അവരിൽ നിന്നും ശേഖരിക്കുന്ന വസ്ത്രങ്ങളാണ് ഇപ്പോൾ വില്പന നടത്തുന്നത്. തന്റെ വരുമാനത്തിന്റെ ഒരു ഭാഗം ബുദ്ധക്ഷേത്രങ്ങളിലേക്ക് കനിറ്റ്ത സംഭാവന നൽകുന്നുണ്ട്. വസ്ത്രങ്ങൾ മാത്രമല്ല, സോംബി പാവകൾ ഉൾപ്പെടെ പേടിപ്പിക്കുന്ന വസ്തുക്കളും നിർമിച്ച് വിൽക്കുന്നുണ്ട് കനിറ്റ്ത.