
തിരുവനന്തപുരം: അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങൾ ഒന്നിനുപിറകേ ഒന്നായി ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്കരിക്കാം എന്ന കേരളത്തിലെ പ്രതിപക്ഷത്തെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി എന്നിവരുടെ അറസ്റ്റുകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സർക്കാരിന്റെ തലയിൽ കെട്ടിവച്ച് അഴിമതിയുടെ ദുർഗന്ധം ഭരണകൂടത്തിനുമേൽ എറിഞ്ഞുപിടിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ ഒരു അഴിമതിയും വച്ചുവാഴിക്കില്ല എന്ന നേരത്തത്തെ നിലപാട് തന്നെയാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനത്തെ പുതിയ തലത്തിലേക്ക് ഉയർത്തുക എന്ന ദൗത്യമാണ് സർക്കാരിന്റേതെന്നും തങ്ങളുടെ അനുഭവത്തിലൂടെ ആ യാഥാർഥ്യം അംഗീകരിക്കുന്ന ജനങ്ങളെ തെറ്റായ പ്രചാരണങ്ങളിലൂടെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'കുറെ നാളായി തുടർന്നുവരുന്ന ഈ പ്രവണതയ്ക്ക് ആക്കം കൂടിയത് കഴിഞ്ഞ ജൂലായ് മാസത്തിലാണ്. അവിടം തൊട്ടുള്ള കാര്യങ്ങൾ വസ്തുതാപരമായി പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. യു.എ.ഇ കോണ്സുലേറ്റിലേക്ക് വന്ന നയന്തന്ത്ര ബാഗേജ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അതിനുള്ളിലായി ഒളിപ്പിച്ച് കൊണ്ടുവന്ന 14 കിലോയോളം സ്വർണം കണ്ടെത്തുകയുണ്ടായി. ഇത് കസ്റ്റംസ് നിയമത്തിന്റെ ലംഘനമാണ്.' മുഖ്യമന്ത്രി പറയുന്നു.
ഇത് ഇന്ത്യൻ ഭരഘടനയുടെ ഷെഡ്യൂൾ ഏഴിലെ യൂണിയൻ ലിസ്റ്റിലെ വിഷയമാണെന്നും രാജ്യാതിർത്തി കടന്നുവരുന്ന സാധനസാമഗ്രികൾക്ക് ഡ്യൂട്ടി നൽകിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന് കീഴിലെ ധനമന്ത്രാലയത്തിനാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേസിലെ ഒരു പ്രതിയുമായി കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കറിന് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചപ്പോൾ തന്നെ സർക്കാർ ഇടപെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വരുന്നതുവരെ ശിവശങ്കറിനെ തനിക്ക് പരിചയമുണ്ടായിരുന്നില്ല എന്നും സർക്കാർ വരുമ്പോൾ ചുമതലകൾ നൽകാൻ ഉദ്യോഗസ്ഥരെ അന്വേഷിച്ചുവെന്നും ആ ഘട്ടത്തിൽ മുന്നിൽ വന്ന പേരുകളിൽ ഒന്നാണ് ശിവശങ്കറിന്റേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ വ്യത്യസ്ത ചുമതലകളിൽ പ്രവർത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിർദേശിക്കപ്പെട്ടപ്പോൾ സംശയിക്കാൻ ഒന്നുമുണ്ടായിരുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ ഓഫീസിൽ ഉള്ളവരെല്ലാം വിശ്വസ്തരാണെന്നും പാർട്ടി ശിവശങ്കറിനെ നിർദേശിച്ചിട്ടില്ല എന്നും ഇതിൽ തെറ്റായി ഒന്നും സംസ്ഥാന സർക്കാർ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിപരമായി ശിവശങ്കർ നടത്തിയ ഇടപാടുകളിൽ സർക്കാർ ഉത്തരവാദിയല്ല. മനഃസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് ഈ സർക്കാർ പ്രതിഷ്ഠിച്ചിട്ടില്ല. എം. ശിവശങ്കറിനെ കാട്ടി സർക്കാരിനോട് യുദ്ധംഎം ചെയ്യേണ്ട. പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ വ്യാമോഹമാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.