
കുളത്തൂപ്പുഴയിൽ അടിവേരുകൾ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. മോഹൻലാലാണ് നായകൻ. ചിയേഴ്സ് എന്ന ബാനറിൽ മോഹൻലാലും സെഞ്ച്വറി കൊച്ചുമോനും ചേർന്നാണ് അടിവേരുകൾ നിർമ്മിക്കുന്നത്.ഐ.വി. ശശിയുടെ അസോസിയേറ്റായിരുന്ന അനിൽ ആദ്യമായി സംവിധാനം ചെയ്ത ആ സിനിമയിൽ ഒരു ഫോറസ്റ്റ് ഒാഫീസറുടെ വേഷമായിരുന്നു എനിക്ക്.ഐ.വി. ശശിയും ടി. ദാമോദരനുമടക്കം ആ ഗ്രൂപ്പിലെ എല്ലാവരും കുളത്തൂപ്പുഴയിലുണ്ട്. താമസിക്കാൻ ഹോട്ടലുകളൊന്നുമില്ല. മിൽമയുടെ ഒരു ഗസ്റ്റ് ഹൗസിലും രണ്ടോ മൂന്നോ ടൂറിസ്റ്റ് ബംഗ്ളാവുകളിലുമായാണ് എല്ലാവരുടെയും താമസം.
വനം വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയുമൊക്കെ ടൂറിസ്റ്റ് ബംഗ്ളാവുകളുണ്ട്. വളരെ അപൂർവമായി മാത്രമേ മന്ത്രിമാരോ മറ്റോ അവിടെ വന്ന് താമസിക്കാറുള്ളൂ.എനിക്ക് എന്നും ഷൂട്ടിംഗുണ്ടായിരുന്നില്ല. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോഴേ എനിക്ക് വർക്കുള്ളു. ഞാൻ സ്ഥിരമായി നിൽക്കേണ്ട കാര്യമില്ല.അന്നത്തെ കാലത്ത് കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴയിലെത്താൻ ഒന്നര മണിക്കൂർ മതി.അന്നെനിക്ക് ഒരു മാരുതി കാറുണ്ട്. ഷൂട്ടിംഗ് ഇല്ലെങ്കിൽ ഞാൻ കുളത്തൂപ്പുഴയിൽ നിന്ന് കാറോടിച്ച് വീട്ടിൽ പോകും. ലൊക്കേഷനിൽ വിളിച്ചാൽ ഒന്നരമണിക്കൂർ കൊണ്ട് എത്തുകയും ചെയ്യാം. രാത്രി ഷൂട്ടിംഗുണ്ടെങ്കിൽ മാത്രം കുളത്തൂപ്പുഴയിലെ ഗസ്റ്റ് ഹൗസിൽ താമസിക്കും.കാർത്തികയാണ് അടിവേരുകളിലെ നായിക. ഞാൻ താമസിക്കുന്ന ഗസ്റ്റ് ഹൗസിൽ തന്നെയാണ് കാർത്തികയും താമസിക്കുന്നത്. കാർത്തികയ്ക്ക് എപ്പോഴും ഷൂട്ടിംഗ് കാണും. എന്റെ രംഗങ്ങൾ ഒരു ദിവസം കഴിഞ്ഞാൽ പിന്നെ ഒരുദിവസമോ കുറേ ദിവസങ്ങളോ കഴിഞ്ഞേ കാണൂ.ഗസ്റ്റ് ഹൗസിലെ മാനേജർ ചെറുപ്പക്കാരനാണ്. സന്ധ്യയായിക്കഴിഞ്ഞാൽ ഒരു വനത്തിലകപ്പെട്ട പ്രതീതിയാണ് ഗസ്റ്റ് ഹൗസിൽ. 
എന്തുവാങ്ങണമെങ്കിലും അവിടെ നിന്ന് പുനലൂർ വരെ പോകണം.മാനേജരെ കാണാൻ ഇടയ്ക്ക് ഒരു സുഹൃത്ത് വരും. മോപ്പഡ് പോലെയുള്ള ഒരു ബൈക്കിലാണ് വരവ്. ഏത് കമ്പനിയുടെ ബൈക്കാണെന്നൊന്നും അറിഞ്ഞൂടാ. വല്ലാത്ത ശബ്ദവും ആകൃതിയുമൊക്കെയുള്ള ഒരു ബൈക്ക്.ഒരുദിവസം ഷൂട്ടിംഗ് കഴിഞ്ഞ് വൈകിട്ട് നാല് മണിയായപ്പോൾ ഞാൻ ഗസ്റ്റ് ഹൗസിലേക്ക് വന്നു. എന്നെക്കണ്ട് മാനേജരുടെ സുഹൃത്ത് ചാടിയെഴുന്നേറ്റു.പിറ്റേന്ന് എനിക്ക് രാവിലെ ഷൂട്ടിംഗുണ്ട്. അല്ലെങ്കിൽ കൊല്ലം വരെ പോയിട്ട് വരാമായിരുന്നു. ഇനി ഇവിടെ കിടക്കാം. രാത്രി ടിഫിൻ കാരിയറിൽ ഭക്ഷണം വരും.ഞാൻ പലവിധ ചിന്തകളിൽപ്പെട്ട് നിൽക്കുമ്പോൾ മാനേജരെ സുഹൃത്ത് എന്തോ ഒാർമ്മിപ്പിക്കാനെന്ന പോലെ കണ്ണ് കാണിക്കുന്നത് ഞാൻ കണ്ടു.'ഞാൻ പറഞ്ഞ കാര്യമൊന്ന് ചോദിക്ക്" എന്നതായിരുന്നു ആ കണ്ണ് കാണിക്കൽ കൊണ്ട് ഉദ്ദേശിച്ചതെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസിലായി. 'ശ്ശെ.. ചോദിച്ചാൽ ശരിയാവില്ല" എന്ന ആംഗ്യത്തിൽ സുഹൃത്തിനെ മാനേജർ നിരുത്സാഹപ്പെടുത്തുന്നുമുണ്ട്.സന്ധ്യയാകാറായപ്പോൾ ഞാനെന്റെ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. എവിടെ നിന്നോ ഒരു തണുത്ത കാറ്റ് വീശിയടിച്ചു.മാനേജരുടെ സുഹൃത്ത് അപ്പോഴും അവിടെയുണ്ട്. എന്നെക്കണ്ട് സുഹൃത്ത് വീണ്ടും മാനേജരെ നോക്കി കണ്ണ് കാണിച്ചു.
'പ്ളീസ് എന്ന അപേക്ഷയായിരുന്നു ഇത്തവണത്തെ. കണ്ണുകാണിക്കലിൽ. എനിക്കെന്തോ ഒരു ജിജ്ഞാസ തോന്നി.'എന്താണ്? കുറേ നേരമായല്ലോ?" ഞാൻ മാനേജരുടെ അടുത്തേക്ക് ചെന്നു.'ഒന്നുമില്ല സാർ... ഇയാള് ചുമ്മാ..." മാനേജർ സുഹൃത്തിനെ നോക്കി.ഞാൻ നിർബന്ധിച്ചപ്പോൾ മാനേജർ കാര്യം പറഞ്ഞു. സുഹൃത്തിന്റെ വീട് ഗസ്റ്റ് ഹൗസിന് അടുത്താണ്. ഞാൻ ഭക്ഷണം കഴിക്കാനായി അയാളുടെ വീട്ടിലേക്ക് ചെല്ലുമോയെന്നറിയണം.അപ്പോൾത്തന്നെ ഞാൻ മനസിൽ 'നോ" യെന്ന് പറഞ്ഞുകഴിഞ്ഞിരുന്നു. ഒരു പരിചയവുമില്ലാത്ത ഒരാൾ. അതും രാത്രിയിൽ ഞാൻ അയാളുടെ 'ഭീകര" ബൈക്കിൽ കയറി പോകുകയെന്നത് ഒരിക്കലും നടക്കാത്ത കാര്യം. അയാളുടെ ബൈക്കിനുപുറകെ ഞാൻ ആ വനപ്രദേശത്ത് കൂടി കാറോടിച്ച് ചെല്ലുന്നതും നടക്കാത്ത കാര്യം. എനിക്ക് ടിഫിൻ കാരിയറിൽ ഭക്ഷണമെത്തിയിട്ടുമുണ്ട്.'അയ്യയ്യോ എനിക്ക് രാവിലെ ഷൂട്ടിംഗുണ്ട്. ചിലപ്പോൾ രാത്രിയിലും ഷൂട്ടിംഗ് വരാം. ഏത് സമയത്താ വിളിക്കുന്നതെന്നറിയില്ല. അതുകൊണ്ടാ ഞാൻ കൊല്ലത്ത് പോകാതിരിക്കുന്നത്. ഞാൻ കുറെ ദിവസമുണ്ടിവിടെ. നമുക്ക് നോക്കാം." ഞാൻ മാനേജരുടെ സുഹൃത്തിനോട് പറഞ്ഞു. നോക്കാമെന്നു പറഞ്ഞത് ഒരു വെറും വാക്കായിരുന്നു. അയാളെ വിഷമിപ്പിക്കാതിരിക്കാനായി പറഞ്ഞ വെറും വാക്ക്.'ഏതെങ്കിലും ഒരുദിവസം വന്നാൽ മതി സാർ." അയാൾ പറഞ്ഞു.ഗസ്റ്റ് ഹൗസിൽ ചെല്ലുമ്പോഴൊക്കെ അയാൾ ഉണ്ടാകും.'
ഇന്നെങ്കിലും.."'അയ്യോ.. ഇന്ന് രാത്രി ഷൂട്ടിംഗുണ്ട്."'ശരി സാർ."ഒരു വെപ്രാളവുമില്ലാതെ ക്ഷമയോടുകൂടിയാണ് അയാളുടെ മറുപടികൾ. എനിക്കപ്പോൾ ഒരു സംശയം തോന്നി. ഭക്ഷണം കഴിക്കാൻ എല്ലാദിവസവും വീട്ടിലേക്ക് ക്ഷണിക്കുന്നതെങ്ങനെയാണ്. വീട്ടുകാർക്ക് ഭക്ഷണമൊക്കെ തയ്യാറാക്കി വയ്ക്കേണ്ടേ?ഇയാൾ എന്നെ എപ്പോൾ കണ്ടാലും ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് ക്ഷണിക്കുകയാണ്. അതിലെന്തോ ഒരു പൊരുത്തക്കേടുണ്ട്."ഞാൻ തന്നെ ഒരാളെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചാൽ തയ്യാറെടുപ്പോടെയേ വിളിക്കൂ.ഇയാൾ എല്ലാ ദിവസവും ആത്മവിശ്വാസത്തോടെ എന്നും ഭക്ഷണം കഴിക്കാൻ വിളിക്കുകയാണ്.അയാൾ പോയതിന് ശേഷം ഞാൻ മാനേജരോട് അതിന്റെ 'ഗുട്ടൻസ്" എന്താണെന്ന് ചോദിച്ചു.'അയാള് പാവമാ സാറേ... കുഴപ്പക്കാരനൊന്നുമല്ല."'നിങ്ങൾ അയാളുടെ വീട്ടിൽ പോയിട്ടുണ്ടോ?"'എനിക്കെങ്ങനാ സാറേ ഇവിടുന്ന് പോകാൻ പറ്റുന്നേ?" ആ സമയത്ത് ആരെങ്കിലും കേറി വന്നാലോ?"മാനേജർ ഒരാളെയുള്ളൂ. ഗസ്റ്റ് ഹൗസിലെ കാര്യങ്ങളുടെ മേൽനോട്ടത്തിന് മറ്റാരുമില്ല.ഒരു ദിവസം ഷൂട്ടിംഗില്ലെന്നറിഞ്ഞപ്പോൾ ഞാൻ കൊല്ലത്ത് പോയി. ഷൂട്ടിംഗ് എപ്പോഴുണ്ടോ അപ്പോൾ എത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.നാളെ അതിരാവിലെ ഫസ്റ്റ് ഷോട്ട് വച്ചിരിക്കുകയാണ്. വൈകുന്നേരം അഞ്ചരമണിക്കാണ് എനിക്ക് ഫോൺ വന്നത്. 
ആറ് മണിക്ക് തിരിച്ചാൽ ഏഴരയ്ക്ക് കുളത്തൂപ്പുഴയിലെത്താം. അതിരാവിലെ പോകുന്നതിനേക്കാൾ വൈകിട്ട് തന്നെ തിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.ഏഴേകാൽ കഴിഞ്ഞപ്പോഴേക്കും ഞാൻ കുളത്തൂപ്പുഴയിലെത്തി. ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ മാനേജർക്ക് അതിശയം.'സാറിന് നാളെയല്ലേ ഷൂട്ടിംഗ്"'അതെ. പക്ഷേ വെളുപ്പിന് തിരിച്ചാൽ ശരിയാവില്ല."'സാറേ.. സാറിന് ഫുഡ് വച്ചിട്ടില്ല. ഞാനവരോട് ചോദിച്ചപ്പോൾ സാർ രാവിലെ വരികയുള്ളൂവെന്നാ പറഞ്ഞത്. അവർ കാർത്തിക മാഡത്തിന്റെ മുറിയിൽ മാത്രം ഫുഡ് വച്ചിട്ട് പോയി."'ഇനി ഫുഡ് എവിടെ കിട്ടും?"'പുനലൂര് പോണം സാറേ. എട്ടുമണി കഴിഞ്ഞാൽ അവിടെയും പാടാ."'ഇവിടെ എന്തെങ്കിലുമുണ്ടോ?"'സാർ നേരത്തെ പറഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും അറേഞ്ച് ചെയ്യാമായിരുന്നു. ഇനിയിപ്പോ..."എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് മാനേജരുടെ സുഹൃത്ത്'സാറേ.. എന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വരുമോ"യെന്ന പതിവ് ചോദ്യവുമായി മുന്നിൽ.അയാളുടെ ക്ഷണം സ്വീകരിച്ചില്ലെങ്കിൽ അന്ന് അത്താഴപ്പട്ടിണിയായത് തന്നെ.'ഇവിടെനിന്ന് എത്ര ദൂരമുണ്ട്?" ഞാൻ അയാളോട് ചോദിച്ചു.'സാറേ.. എന്റെ മോപ്പഡിൽ പോയാൽ പത്ത് മിനിട്ട് വേണ്ട."'ഇയാള് എന്നും എന്നെ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്. എന്നെപോലൊരു സിനിമാനടൻ വന്നാൽ അവിടെയെന്തുണ്ട്?"'സാറേ. സാർ വന്ന് കാണ്."'എനിക്ക് നന്നായിട്ടറിയാവുന്നയാളാ സാറേ.." മാനേജർ സുഹൃത്തിനെ പിന്താങ്ങി.'ശരി.. നിങ്ങൾ നിങ്ങളുടെ ബൈക്കിൽ മുന്നിൽ പൊയ്ക്കോ. ഞാനെന്റെ കാറിൽ പിന്നാലെ വരാം." ഗത്യന്തരമില്ലാതെ ഞാൻ മാനേജരുടെ സുഹൃത്തിനോട് പറഞ്ഞു. അങ്ങനെ അയാൾ മുന്നിലും ഞാൻ പിന്നിലുമായി യാത്ര തുടങ്ങി. പറഞ്ഞ പത്ത് മിനിട്ടും കഴിഞ്ഞ് പതിനഞ്ച് മിനുട്ടായി. വഴിക്കിരുവശവും ആൾത്താമസമുള്ളതിന്റെ യാതൊരു ലക്ഷണങ്ങളുമില്ല. ദൂരെ ചില വഴികളിൽ സ്ട്രീറ്റ് ലൈറ്റൊക്കെ കാണാം. പക്ഷേ ഞങ്ങൾ പോകുന്ന വഴിയിൽ സ്ട്രീറ്റ് ലൈറ്റൊന്നുമില്ല.'ഒന്നൊന്നര മണിക്കൂറിനുള്ളിൽ ഞാൻ തിരിച്ച് വന്നില്ലെങ്കിൽ ലൊക്കേഷനിലൊന്ന് അറിയിച്ചേക്കണ"മെന്ന് മാനേജരോട് പറഞ്ഞിട്ടാണ് ഞാൻ അയാളുടെ സുഹൃത്തിനൊപ്പം ഇറങ്ങി പുറപ്പെട്ടത്. കാർ കേടാകുകയോ മറ്റോ ചെയ്താലുള്ള മുൻകരുതലെന്ന നിലയ്ക്കാണ് ഞാനങ്ങനെ പറഞ്ഞത്.ഒടുവിൽ അയാളുടെ വീടെത്തി. ഗേറ്റൊക്കെ തുറന്നിട്ടിരിക്കുകയാണ്. തെറ്റില്ലാത്ത ഒരുനിലവീട്. കാറിന്റെ ലൈറ്റ് കണ്ടപ്പോൾ വീട്ടിലുള്ളവരെല്ലാംകൂടി പുറത്തേക്ക് വന്നു. കാറിൽ നിന്ന് ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ എല്ലാവരും കൂടി 'അയ്യോ..."യെന്ന് പറഞ്ഞു.മാനേജരുടെ സുഹൃത്ത് അഭിമാനത്തോടെ വീട്ടുകാരെ നോക്കി.'വാ സാറേ.." അയാൾ എന്നെ അകത്തേക്ക് ക്ഷണിച്ചു. 
സിറ്റിംഗ് റൂമിൽ കർഷകരായ അയാളുടെ സഹോദരന്മാർ. അയാളുടെയും സഹോദരന്മാരുടെയും ഭാര്യമാരും ഒരു പെങ്ങളുമെല്ലാം നാലഞ്ച് ഏക്കറിലുള്ള ആ വീട്ടിൽ ഒരുമിച്ചാണ് താമസം. പെങ്ങൾ പുനലൂർ എസ്.എൻ. കോളേജിൽ പഠിക്കുന്നു.'നമുക്ക് ഭക്ഷണം കഴിക്കാം." ഒരു ചേട്ടൻ പറഞ്ഞു.'നമ്മൾ കഴിച്ച് തുടങ്ങിയായിരുന്നു. ഇവൻ എല്ലാദിവസവും പറയുും സാറിനെ കൊണ്ടുവരാം, കൊണ്ടുവരാമെന്ന് ആദ്യത്തെ കുറച്ചുദിവസം ഒരു പ്രതീക്ഷയൊക്കെയുണ്ടായിരുന്നു. പിന്നെ ഇവൻ വരുമ്പോഴെ ഇന്നും കിട്ടിയില്ലേയെന്ന് ചോദിച്ച് ഞങ്ങൾ കളിയാക്കും."വലിയൊരു ഹാളിലേക്ക് അവർ എന്നെ കൂട്ടിക്കൊണ്ടുപോയി. ഹാളിനോട് ചേർന്ന് തന്നെയാണ് അടുക്കള. മൂന്ന് അടുപ്പുള്ള അടുക്കള. രണ്ട് അടുപ്പുകളിൽ ചേട്ടന്മാരുടെ ഭാര്യമാർ ദോശ ചൂടോടെ ചുട്ടെടുക്കുകയാണ്. തളിര് ദോശയെന്നാണ് അവർ അതിന് പറഞ്ഞ പേര്. മൂന്നാമത്തെ അടുപ്പിൽ വലിയൊരു കലത്തിൽ പോത്തിറച്ചി വേവിക്കുന്നു. ആ മണം ആരെയും കൊതിപ്പിക്കും.നിരന്നിരുന്ന ആണുങ്ങളുടെ പാത്രങ്ങളിലേക്ക് പെണ്ണുങ്ങൾ ചൂടോടെ ദോശ ചുട്ട് വിളമ്പി. പെങ്ങൾ പോത്തിറച്ചി വേവിച്ചതും താറാവ് മുട്ട പുഴുങ്ങിയതും ദോശയ്ക്കുമേൽ വിളമ്പി.എല്ലാദിവസവും ആ വീട്ടിലെ അത്താഴം ഇങ്ങനെ തന്നെയാണ്. മാനേജരുടെ സുഹൃത്ത് എല്ലാ ദിവസവും എന്നെ വിളിക്കുന്നതിന്റെ കാരണമതാണ്. രാവിലെ തൊട്ട് സന്ധ്യവരെ മൂന്ന് സഹോദരങ്ങളും ഭാര്യമാരും പറമ്പിലാണ്. അവിടെയില്ലാത്ത കാർഷിക വിളകളില്ല. പുനലൂരോ തെന്മലയിലോ സാധനങ്ങൾ വാങ്ങാനും വിൽക്കാനുമായാണ് മാനേജരുടെ സുഹൃത്ത് മോപ്പഡിൽ പോകുന്നത്.ലോകത്ത് എത്രയോ സ്ഥലങ്ങളിൽ നിന്ന് ഏതൊക്കെ തരം ഭക്ഷണം കഴിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ളയാളാണ് ഞാൻ. പക്ഷേ അന്നൊന്നും തോന്നാത്ത ഒരു കൊതി ഭക്ഷണം കഴിക്കാൻ എനിക്ക് തോന്നിപ്പോയി.വായിൽ വച്ചാൽത്തന്നെ അലിഞ്ഞ് പോകുന്നത്ര രുചിയായിരുന്നു പോത്തു കറിക്ക്. കട്ടിയുള്ള ഇറച്ചിയായതിനാൽ ബീഫ് ഞാനങ്ങനെ കഴിക്കാറില്ല. പല്ലിനിടയിൽപ്പെട്ടാൽ പിന്നെ പാടാണ്. പക്ഷേ ഇത് ചിക്കനും മട്ടണും തോന്നുപോകുന്ന സ്വാദ് ലോകമെമ്പാടുമുള്ള എത്രയോ സെവൻ സ്റ്റാർ ഹോട്ടലുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും കിട്ടാത്ത സ്വാദ്.ദോശയ്ക്കും ഇറച്ചിക്കും താറാവ് മുട്ടയ്ക്കുമൊപ്പം അല്പം മധുരക്കള്ള് കൂടിയായപ്പോൾ കുശാൽ. പിന്നിലെ പറമ്പിൽ ചെത്തുണ്ട്.
ജീവിതത്തിൽ രണ്ടോമൂന്നോ ദോശയിൽ കൂടുതൽ കഴിക്കുന്ന പതിവില്ലാത്ത ഞാൻ അന്ന് കണക്കില്ലാത്ത തളിര് ദോശ കഴിച്ചു. മൂക്ക് മുട്ടെ കഴിച്ചുവെന്ന് പറയുന്നതാണ് ശരി.എങ്ങനെയോ കഴിച്ച് എഴുന്നേറ്റ് കൈകഴുകി ഞാൻ വീടിന്റെ മുന്നിൽ വന്നിരുന്നു.'ഞങ്ങളുടെ കോളേജിൽ ആർട്സ് ക്ളബ് ഉദ്ഘാടനത്തിന് സാർ വരുമോ?" ഇളയ പെങ്ങൾ എന്നോട് ചോദിച്ചു.'കൊല്ലത്തുണ്ടെങ്കിൽ ഞാനുറപ്പായും വരാം."അവർ എന്റെ അഡ്രസും ഫോൺ നമ്പരുമൊക്കെ വാങ്ങിച്ചു. പോകാൻ നേരം അവർ എന്നോട് ചോദിച്ചു: 'ഇനി വരുമോ സാറേ.."'ഇനിയാണ് ഞാൻ വരാൻ പോകുന്നത്."മോഹൻലാലുൾപ്പെടെ എല്ലാവരോടും പറയണമെന്നുറപ്പിച്ചാണ് ഞാൻ അവിടം വിട്ടത്.ഷൂട്ടിംഗ് തീരുംമുൻപേ ഒരുദിവസം മോഹൻലാലിനെ കൊണ്ടുവരണം. ജീവിതത്തിൽ ഒരിക്കലും കിട്ടാത്ത ഇൗ സ്വാദ് പരിചയപ്പെടുത്തണം. അവർക്കറിയില്ല ഇത്ര രുചികരമായ ഭക്ഷണമാണ് അവർ ഉണ്ടാക്കുന്നതെന്ന്.തിരിച്ച് ഗസ്റ്റ് ഹൗസിലെത്തിയ ഞാൻ മാനേജർക്ക് ഒരു ഷേക്ഹാൻഡ് നൽകി: 'താങ്ക്യൂ വെരിമച്ച്."പിറ്റേന്ന് ഞാൻ ഷൂട്ടിംഗിന് പോയി. ഇനി നാലുദിവസം നൈറ്റ് ഷൂട്ടിംഗാണ്. 
ഫൈറ്റും ക്ളൈമാക്സുമൊക്കെയാണ്.അഞ്ചോ ആറോ ദിവസം പുലർച്ചെ വന്ന് ഒന്നുരണ്ട് മണിക്കൂർ വിശ്രമിച്ചശേഷം വീണ്ടും ലൊക്കേഷനിലേക്ക്.എന്റെ ഷൂട്ടിംഗ് കഴിഞ്ഞു. ഒരു പാതിരാത്രിക്കാണ് വർക്ക് കഴിഞ്ഞത്.കോട്ടയത്താണ് എന്റെ അടുത്ത സിനിമയുടെ ഷൂട്ടിംഗ്.ഞാൻ മാനേജരോട് പറഞ്ഞു:'നമ്മുടെയാളിനോട് പറയണം ഇതിനിടയ്ക്ക് ഏതെങ്കിലുമൊരു സന്ധ്യയ്ക്ക് വന്നിരുന്നെങ്കിൽ ഞാനവിടെ ചെന്നേനെയെന്ന്.എത്രയോ സന്ധ്യകൾ ഞാൻ നഷ്ടപ്പെടുത്തി! ഇനി ഏത് ഷൂട്ടിംഗിന് വന്നാലും അല്ലെങ്കിൽ കൊല്ലത്ത് നിന്ന് എന്റെ വീട്ടുകാരുടെയോ കൂട്ടുകാരുടെയോ ഒപ്പം ഞാനയാളുടെ വീട്ടിലേക്ക് ചെന്നെന്നുമിരിക്കും."'ഞാൻ പറഞ്ഞേക്കാം സാറേ.. ഇന്നലെയും അയാള് രാത്രിവരെ ഇവിടെയുണ്ടായിരുന്നു. സ്നേഹമുള്ളയാളാ."പക്ഷേ പിന്നീട് കുളത്തൂപ്പുഴയിൽ ഷൂട്ടിംഗൊന്നും വന്നില്ല. കൊല്ലത്ത് നിന്ന് കുളത്തൂപ്പുഴയിൽ വരാനും പറ്റിയില്ല.വർഷങ്ങൾക്കുശേഷം കുളത്തൂപ്പുഴയിൽ ഒരു ഷൂട്ടിംഗ് വന്നു. എനിക്ക് കുളത്തൂപ്പുഴയിലെ വേറൊരു ഗസ്റ്റ് ഹൗസിലാണ് താമസം ഏർപ്പാടാക്കിയിരിക്കുന്നത്.'എനിക്ക് പഴയ ആ ഗസ്റ്റ് ഹൗസിൽ മുറി വേണമെന്ന് പറഞ്ഞപ്പോൾ 'അവിടെ സാർ മാത്രമേ കാണൂ"വെന്ന് പ്രൊഡക്ഷൻ ടീമംഗങ്ങൾ പറഞ്ഞു.'അത് സാരമില്ല. എനിക്ക് അവിടെ നിന്ന് കൊല്ലത്തുപോകുന്നതാണ് എളുപ്പം."പഴയ ആ ഗസ്റ്റ് ഹൗസിൽച്ചെന്ന്. മാനേജർ കുളിക്കുകയാണ്.'എനിക്ക് അത്യാവ്യമായിട്ടൊന്ന് കാണണം."ഞാൻ റിസപ്ഷനിൽ പറഞ്ഞേല്പിച്ചു.മുറിയിലേക്ക് പോയി കുറച്ച് കഴിഞ്ഞപ്പോൾ മാനേജർ വന്നു. വേറൊരു മാനേജർ.'പുതിയ ആളാണോ?"'അല്ല കുറെക്കാലമായി."'ഇതിന് മുൻപ് ഒരു മാനേജരുണ്ടായിരുന്നല്ലോ?"'അയ്യോ. എനിക്കറിയില്ല."പഴയ മാനേജരുടെ പേരും സുഹൃത്തിന്റെ പേരുമൊന്നും എനിക്കറിയില്ല. കംപ്യൂട്ടറൊന്നുമില്ലാത്ത കാലമാണ്. സെൽഫോണുമില്ല. 
ഒരാളെ തേടിക്കണ്ടുപിടിക്കാൻ അല്പം പാടാണ്.പല പരാതികളും വന്നതിനാൽ ലോക്കൽസുമായി ബന്ധം പാടില്ലെന്നാണ് പുതിയ നിയമമെന്ന് പുതിയ മാനേജർ എന്നോട് പറഞ്ഞു. മോപ്പഡിൽ വന്നയാളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ആ മറുപടി.തളിര് ദോശയുടെയും പോത്തുകറിയുടെയും മധുരക്കള്ളിന്റെയും സ്വാദ് എന്റെ നാവിൽ നിന്ന് മാറുന്നില്ല.ഷൂട്ടിംഗ് നേരത്തെ തീർന്ന ഒരുദിവസം കാറിൽ ഒരൂഹം വച്ച് ഞാനാ വീട് തേടിപ്പോയി. പക്ഷേ വഴി പലവട്ടം തെറ്റി.അന്ന് അയാളെ പിന്തുടർന്നാണ് ഞാൻ അങ്ങോട്ട് പോയതും. ഇങ്ങോട്ട് വന്നതും.ഏതൊക്കെ ഉൾവഴികളുണ്ടോ ആ വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചു.അയാളെയും അയാളിലൂടെ തളിര് ദോശയിലേക്കും പോത്തിറച്ചിയിലേക്കും മധുരക്കള്ളിലേക്കുമെത്താമെന്ന് ഞാൻ വിചാരിച്ചു. കാമുകിയെ പിരിഞ്ഞ കാമുകൻ അവളെ കണ്ടുമുട്ടിയ വഴികളിൽ അവൾ വീണ്ടും വന്നാലോയെന്ന മോഹത്തോടെ അലയുന്ന പോലെ ഞാൻ അലഞ്ഞു.മൂന്നോ നാലോ ദിവസം ഞാൻ പല വഴികളിലൂടെ പോയി. പക്ഷേ ആ വഴികളൊന്നും യഥാർത്ഥ വഴികളായിരുന്നില്ല.ആ വഴികളിലെവിടെയെങ്കിലും വച്ച് അയാൾ എനിക്കെതിരേ വരണേയെന്ന് ഞാൻ പ്രാർത്ഥിച്ചു. പക്ഷേ പ്രാർത്ഥനകളൊന്നും ഫലിച്ചില്ല. അയാൾ ഒരിക്കൽ പോലും എനിക്കെതിരെ വന്നില്ല.'നല്ല തളിര് ദോശയും പോത്തിറച്ചിയും മധുരക്കള്ളും കിട്ടുന്ന ഒരു വീട് ഇവിടെ അടുത്തെങ്ങാനുമുണ്ടോ?"യെന്ന് ആരോടും ചോദിക്കാനും കഴിയില്ല.ഇന്നും കുളത്തൂപ്പുഴ വഴി പോകുമ്പോൾ തളിര് ദോശയുടെയും പോത്തിറച്ചിയുടെയും മധുരക്കള്ളിന്റെയും കൊതിപ്പിക്കുന്ന മണം എന്റെ മൂക്കിലേക്കും മനസിലേക്കും കയറിവരും.മറ്റേതു ജോലി ചെയ്താലും കിട്ടാത്ത ചില സൗഭാഗ്യങ്ങളാണവ. സിനിമയുടെ ശക്തിയും അത് തന്നെയാണ്.
മുകേഷ് കഥകൾ