
മാസ്റ്റർ പീസ്, മധുരരാജ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ മഹിമ നമ്പ്യാർ മലയാളിയാണെന്ന് പലർക്കുമറിയില്ല....
ഡേൺ ഒൗട്ട് ഫിറ്റിൽ മോഡേൺ ഒൗട്ട് ലുക്കുള്ള ഒരു ഫോട്ടോ ഷൂട്ട് ചെയ്യണം.കൊവിഡ് കാലത്ത് അമ്പത്തിയാറ് കിലോയിൽ നിന്ന് നാല്പത്തിയെട്ട് കിലോയിലേക്ക് തന്റെ ശരീരഭാരം കുറച്ചപ്പോൾ മുതൽ മഹിമാ നമ്പ്യാരുടെ മനസിൽ തോന്നിയ മോഹം.
കാസർഗോഡ് നീലേശ്വരം ഹെർമിറ്റേജിലെ ഫോട്ടോ ഷൂട്ടിന് ഒടുവിലാണ് ബി.എം.ഡബ്ള്യു ബൈക്കിൽ കുറച്ച് ഫോട്ടോസെടുത്താലോ എന്ന ഐഡിയ ഫോട്ടോഗ്രാഫർ ശബരി പറയുന്നത്. അതൊരു നല്ല ഐഡിയയായി മഹിമയ്ക്കും തോന്നി.
'ബൈക്ക് ഒാടിക്കാൻ നേരത്തെ അറിയാം. വിക്രം പ്രഭു നായകനായ അസുര ഗുരു എന്ന തമിഴ് സിനിമയിൽ എനിക്ക് ഒരു ഡിറ്റക്ടീവിന്റെ റോളായിരുന്നു. ആ സിനിമയിലെ കുറേ സീനുകളിൽ ഞാൻ ബൈക്ക് ഒാടിക്കുന്നുണ്ട്.ഡ്രൈവിംഗ് ലൈസൻസ് എടുത്തു. ടൂ വീലർ മാത്രമേ ഞാൻ ഒാടിക്കൂ. ഫോർ വീലർ ഒാടിക്കാൻ ഭയങ്കര പേടിയാണ്. ബൈക്കാണെങ്കിൽ എനിക്ക് പേടിയില്ലാതെ ഒാടിക്കാം. ഫോർ വീലർ കുറച്ച് ബുദ്ധിമുട്ടാണ്." മഹിമ പറയുന്നു.തമിഴിൽ കുറ്റം 23 എന്ന സിനിമ ചെയ്തിട്ടും 'കുടിക്കമാട്ടേനേ നീ, എന്ന പണ്ണുവേ" എന്ന ഡബ്സ് മാഷ് ചെയ്തതിന് ശേഷമാണ് എനിക്ക് മലയാളത്തിൽ നിന്ന് ഒാഫറുകൾ വരാൻ തുടങ്ങിയത്. അങ്ങനെയാണ് മാസ്റ്റർ പീസും മധുരരാജയും ചെയ്യുന്നത്.പലർക്കും ഞാനൊരു മലയാളിയാണെന്നകാര്യം ഇപ്പോഴും അറിയില്ല. അതുകൊണ്ടായിരിക്കാം മലയാളത്തേക്കാൾ കൂടുതൽ തമിഴ് സിനിമകളിൽ ഒാഫർ കിട്ടിയത്. അറിയാവുന്നവർ മലയാളിയായിട്ടും എന്തേ മലയാളത്തിൽ ഇത്രയും കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചതെന്നും ചോദിക്കാറുണ്ട്.

ഞാൻ കാസർകോടുകാരിയായതും ഒരു കാരണമാകാം. കാസർകോടിന് പകരം എറണാകുളത്തായിരുന്നു സെറ്റിൽ ചെയ്തിരുന്നതെങ്കിൽ സിനിമാ മേഖലയുമായി കുറച്ചൂടെ അടുപ്പമുണ്ടായേനെ.മലയാളത്തിൽ എം. പത്മകുമാർ സാറിന്റെ സിനിമയാണ് കമ്മിറ്റ് ചെയ്തിട്ടുള്ളത്. ആസിഫ് അലിയാണ് നായകൻ. മലയാളത്തിൽ ഇനി കൂടുതൽ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. ഇപ്പോൾ ഇൗ ലോക് ഡൗണും കൊറോണയുമൊക്കെ കാരണം ഒ.ടി.ടി പ്ളാറ്റ് ഫോമിലുള്ള സിനിമകളാണ് മിക്കവരും കൂടുതൽ പ്രിഫർ ചെയ്യുന്നത്. എന്നായിരിക്കും തിയേറ്ററുകൾ തുറക്കുന്നതെന്നും ആർക്കുമറിയില്ല. വരുന്ന ഒാഫറുകൾ മിക്കതും ഒ.ടി.ടി പ്ളാറ്റ് ഫോമിൽ ചെയ്യുന്ന സിനിമകളുടേതാണ്.
ലോക് ഡൗണിന് ഒരാഴ്ച മുൻപാണ് ഞാനഭിനയിച്ച അസുരഗുരു റിലീസായത്. പെട്ടെന്ന് ലോക് ഡൗൺ വന്നപ്പോൾ നിർമ്മാതാവിന് അപ്രതീക്ഷിതമായ നഷ്ടം വന്നു. പിന്നീട് ആ സിനിമ നെറ്റ് ഫ്ളിക്സിൽ റിലീസ് ചെയ്തു.മാസ്റ്റർ പീസിലും മധുരരാജയിലും ഞാനൊരു 'പാവം കുട്ടി"യായിരുന്നു. ഞാനും ഒരുപാവം കുട്ടി തന്നെയാണ്. പക്ഷേ അത്ര പഞ്ച പാവമൊന്നുമല്ല. നന്നായി സംസാരിക്കുന്ന ഒരല്പം വായാടിയായിട്ടുള്ളയാളുമാണ് ഞാൻ. പക്ഷേ മലയാളത്തിൽ രണ്ട് സിനിമയിലും എനിക്ക് കിട്ടിയത് എന്റെയാ വായാടി സ്വഭാവത്തിന് നേർവിപരീതമായ കഥാപാത്രങ്ങളും.സോഷ്യൽ മീഡിയയിലൊന്നും ഞാൻ അത്ര സജീവമായിരുന്നില്ല. ലോക് ഡൗണിനുശേഷമാണ് വെറുതേയിരുന്ന് ബോറടിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായത്.

ഞാൻ മലയാളിയാണെന്ന കാര്യം കുറേപ്പേർക്കെങ്കിലും മനസിലായത് സോഷ്യൽ മീഡിയയിൽ സജീവമായതിന് ശേഷമാണ്. ഫേസ്ബുക്കിൽ ഞാനില്ല. സ്കൂളിൽ പഠിക്കുമ്പോൾ ഫേസ് ബുക്കിൽ ഒരു അക്കൗണ്ടുണ്ടായിരുന്നു. അതിന്റെ പാസ്വേർഡുപോലും മറന്നു.എന്റെ പേരിൽ കുറേ ഫേസ്ബുക്ക് പേജുകളുണ്ട്. പക്ഷേ അതൊന്നും ഒഫീഷ്യലല്ല. ഇൻസ്റ്റഗ്രാമിൽ ഞാൻ ആക്ടീവാണ്. ഇൻസ്റ്റഗ്രാമിൽ ഞാൻ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളാണ് പലരും അനൗദ്യോഗിക ഫേസ്ബുക്ക് പേജുകളിലിടുന്നത്. ഞാനും ആ പേജുകൾ കാണാറുണ്ട്. അമ്മ ഫേസ്ബുക്കിലുള്ളത് കൊണ്ട് അമ്മയും ആ പേജിലെ പോസ്റ്റുകൾ നോക്കിയിട്ട് എന്നോട് പറയാറുണ്ട്. അത് വലിയ ഉപദ്രവമൊന്നുമില്ലാത്തത് കൊണ്ട് ഞാനാ പേജ് ഫേക്കാണെന്നൊന്നും പറയാറില്ല. ട്വിറ്ററിലുമുണ്ട്.സിനിമയിൽ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സനുഷയാണ്. കൊടിവീരൻ എന്ന തമിഴ് സിനിമയിൽ ഞാനും സനുഷയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഷംനയുമുണ്ടായിരുന്നു ആ സിനിമയിൽ. ഷംന മധുരരാജയിലുമുണ്ടായിരുന്നല്ലോ.മധുരരാജയിലും മാസ്റ്റർ പീസിലും നാടൻ വേഷങ്ങളാണ് ചെയ്തത്. ശരിക്കും ഞാൻ അത്ര നാടനല്ല. അത്യാവശ്യം മോഡേൺ ഒൗട്ട് ഫിറ്റ്സ് ഉപയോഗിക്കുന്ന മോഡേൺ ഒൗട്ട് ലുക്കുള്ള ഒരാളാണ്. അങ്ങനെയുള്ള ഒരു കഥാപാത്രം ചെയ്യണമെന്നുണ്ട്. പാവം കുട്ടിയെന്ന ഇമേജ് മാറ്റിയെടുക്കണം.
പത്താം ക്ളാസിൽ പഠിക്കുമ്പോഴാണ് ഞാൻ കാര്യസ്ഥനിൽ അഭിനയിക്കുന്നത്. പണ്ട് മുതലേ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എനിക്ക് സിനിമാ പശ്ചാത്തലമോ സിനിമയിൽ പരിചയക്കാരോ ഇല്ലായിരുന്നു.ഒരു മാഗസിനിൽ എന്റെ ഫോട്ടോ കണ്ട് കാര്യസ്ഥനിലേക്ക് ഒാഫർ വരുന്നത്. ദിലീപേട്ടന്റെ അനിയത്തി വേഷമായിരുന്നു. കാമറയെന്താ ആക്ഷനെന്തായെന്നറിയാത്ത സമയത്താണ് കാര്യസ്ഥൻ ചെയ്യുന്നത്. ഒരുപാട് ആർട്ടിസ്റ്റുകളുള്ള വലിയ ക്യാൻവാസിലുള്ള ആ സിനിമയിൽ നിന്ന് എനിക്ക് കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റി.പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി. സുശീലനാണ് തമിഴിൽ എനിക്ക് അവസരം കിട്ടാൻ കാരണമായത്.ഞാനിപ്പോഴും കൂടുതൽ ചെയ്യുന്നത് തമിഴ് സിനിമകളാണ്. കാസർകോട് നിന്ന് എറണാകുളത്തേക്ക് സെറ്റിൽ ചെയ്യണോ അതോ ചെന്നൈയിൽ സെറ്റിൽ ചെയ്യണോയെന്ന കൺഫ്യൂഷനുണ്ട്. ഇതുവരെ ഒരു തീരുമാനവുമെടുത്തില്ല.