
മലയാളത്തിനു  ഒരു  വനിത  സംവിധായിക  കൂടി. മഹാകവി  പി. കുഞ്ഞിരാമൻ നായരുടെ  ചെറുമകൾ സീമ  ശ്രീകുമാർ
സീൻ 1
സംഗീതത്തിൽ ബിരുദം നേടി പാട്ടുവഴിയിലാണ് സീമ ശ്രീകുമാറിന്റെ ആദ്യ ചുവടുവയ്പ്. കർണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. കൈതപ്രം,ജി. വേണുഗോപാൽ, ഉണ്ണിമേനോൻ, മധു ബാലകൃഷ്ണൻ എന്നിവരുടെ സംഗീത നിശയിൽ ഗായികയായി. ജീവിതത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് മുത്തച്ഛൻ മഹാകവി പി കുഞ്ഞിരാമൻ നായരുടെ കവിതകൾ ചെറുമകളെ ഒാർമപ്പെടുത്തി.ഫലം പിന്നീടാണ് ലഭിക്കുക.എം. വി ശ്രീകുമാറിന്റെ മറുപാതിയായി കാനഡയിൽ എത്തുന്നതോടെ സിനിമ സ്വപ്നലോകമായി മാറി. ശ്രീകുമാർ സൗണ്ട് എൻജിനിയറാണ്. കാനഡ ഫിലിം സ്കൂളിൽ ഡിപ്ളോമ ഇൻ ഡയറക്ഷൻ ആൻഡ് ഫോട്ടോഗ്രഫി വിത്ത് ക്രിയേറ്റീവ് ലൈറ്റിംഗ് കോഴ്സ് കഴിഞ്ഞ ഉടൻ സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചു. അതാണ് 'ഒരു കനേഡിയൻ ഡയറി". സീമ ശ്രീകുമാറിന്റെ ആദ്യ സംവിധാന സംരംഭം. റൊമാന്റിക് സൈക്കോ ത്രില്ലർ . സൂര്യയുടെയും സേറയുടെയും കഥയാണ്  'ഒരു കനേഡിയൻ ഡയറി". നാട്ടിൽ നിന്ന് കാനഡയിൽ വരുന്ന സൂര്യ പ്രണയിനിയായ സേറയെ തേടിപ്പോകുന്നതാണ് പ്രമേയം.എവിടെയാണ് സേറ, എങ്ങനെയാണ് സേറ എല്ലാത്തിനും മറുപടി തരും 'ഒരു കനേഡിയൻ ഡയറി". ശ്രീം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം.
സീൻ 2
സംവിധായിക മാത്രമല്ല പുതുമുഖം. കാമറയുടെ മുന്നിലും പിന്നിലും എല്ലാം പുതിയ മുഖങ്ങൾ. പുതുമുഖങ്ങളായ പോൾ പൗലോസും സിമ്രാനുമാണ് സൂര്യയും സേറയും. പൂജ സെബാസ്റ്റ്യനാണ് മറ്റൊരു നായിക. സേറയെ അവതരിപ്പിക്കുന്ന സിമ്രാൻ സീമയുടെ മകളാണ്. കഥാപാത്രത്തിനു അനുയോജ്യരായവരെയാണ് തിരഞ്ഞെടുത്തത്.സംവിധായിക എന്ന നിലയിൽ പുതിയ മുഖങ്ങളിൽ സീമയ്ക്ക് തികഞ്ഞ വിശ്വാസം.തിരക്കഥ ആവശ്യപ്പെടുന്നതും പുതുമുഖങ്ങളെ.ലാസ്റ്റ് ബെഞ്ച്, കാഞ്ചിപുരത്തെ കല്യാണം എന്നീ സിനിമകളിൽ പൂജ അഭിനയിച്ചിട്ടുണ്ട്. കോമഡി ഷോയിലൂടെ ശ്രദ്ധേയനായ, പ്രസാദ് മുഹമ്മ, അഖിൽ, ആർ.സി. കവലിയൂർ, യൂസഫ് എന്നിവരും താരനിരയിലുണ്ട്.കാനഡയിലെ മഞ്ഞുകാലവും വേനൽക്കാലവും ശരത് കാലവും വസന്തകാലവും സിനിമയിൽ മുഖ്യ കഥാപാത്രമാണ്. മഴയുടെ സാന്നിദ്ധ്യവുമുണ്ട്. എൺപതു ശതമാനം ചിത്രീകരണവും കാനഡയിൽ . ടൊറന്റോ, ഹാമിൽട്ടൺ, നയാഗ്ര, സോമ്പിൾ, ലണ്ടൻ ഒൺന്റാറിയോ എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ. മൈനസ് 25 ഡിഗ്രി സെൽഷ്യസിൽ ചിത്രീകരിച്ചതാണ് ഗാനരംഗം.കേരളവും കഥയുടെ ഭൂമികയാണ്. കാനഡയിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരു കനേഡിയൻ ഡയറി.തിരക്കഥാകൃത്തിന്റെ കുപ്പായവും സീമ ശ്രീകുമാർ അണിയുന്നുണ്ട്.
സീൻ 3
തിയേറ്റർ പ്രൊജക്ടർ മേഖലയിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമുണ്ട് ഭർത്താവ് എം. വി ശ്രീകുമാറിന്. 'ഒരു കനേഡിയൻ ഡയറി"യുടെ ഛായാഗ്രഹകനും ശ്രീകുമാർ തന്നെ.ശബ്ദവും പാട്ടും ഈണവും എല്ലാം ശ്രീകുമാറിന്റെയും സീമയുടെയും മനസിലുണ്ട്. ആ താത്പര്യത്തിൽ കാനഡയിലെ മലയാളം ചാനൽ മലയാള മയൂരത്തിൽ റീജണൽ മാനേജരായി സീമ ജോലിചെയ്തു. സംഗീത സംഗമം എന്ന പരിപാടിയുടെ അവതാരക. രാഗങ്ങളെ കോർത്തിണക്കിയതാണ്  സംഗീത സംഗമം.'ഒരു കനേഡിയൻ ഡയറി"യിൽ ഗായകരായി ഉണ്ണിമേനോനും മധു ബാലകൃഷ്ണനുമുണ്ട്. സീമയുടെ ഗായിക ശബ്ദവും കേൾക്കാം. ആൽബവും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്യുമ്പോഴും ലക്ഷ്യം സിനിമ തന്നെയായിരുന്നു. അച്ഛൻ ശിവകുമാർ വാരിക്കര ഗാനരചയിതാക്കളിൽ ഒരാളാകുന്നു. അച്ഛൻ എഴുതിയ കുറ്റാലം കുളിരുണ്ട് എന്ന ഗാനം ശ്രോതാക്കൾ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ .ശ്രീതി സുജയ് ആണ് മറ്റൊരു ഗാനരചയിതാവ്.കെ.എ. ലത്തീഫ്  സംഗീത സംവിധായകൻ. ആദ്യ സിനിമ മലയാളത്തിൽ തന്നെ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. മലയാള സിനിമയ്ക്ക് എല്ലായിടത്തും പ്രേക്ഷകരുണ്ടെന്ന് കാനഡ കാട്ടി തന്നിട്ടുണ്ട്. അടുത്ത ചിത്രവും മലയാളത്തിൽ തന്നെയായിരിക്കും.
സീൻ 4
കാനഡയിൽ എത്തിയപ്പോൾ മുതൽ അവിടത്തെ മനോഹാരിത മനംമയക്കിയിരുന്നു. കാലാവസ്ഥ ഒരു കഥാപാത്രമായതിനാൽ രണ്ടുവർഷം വേണ്ടിവന്നു ചിത്രീകരണത്തിന്. കാനഡയിലെ ചിത്രീകരണത്തിനു ശേഷമായിരുന്നു കേരളത്തിൽ . ലോക് ഡൗണിന് മുൻപ് പൂർത്തിയായി. സിനിമ ചെയ്യാൻ കുടുംബം ഒപ്പം നിന്നത് സന്തോഷവും ഊർജ്ജവും പകർന്നു. ആൺ മക്കളായ മനീഷും പ്രവിഡും തന്ന പിന്തുണ വളരെ വലുതാണ്.അമ്മ രാധ ശിവകുമാർ . കാഞ്ഞങ്ങാടാണ് സീമ ശ്രീകുമാറിന്റെ കുടുംബ വേരുകൾ. തിയേറ്റർ റിലീസു തന്നെയാണ് ലക്ഷ്യം. ഒരുപാട് യാത്രയിലൂടെ സഞ്ചരിച്ച സിനിമ വലിയ സ്ക്രീനിൽ തന്നെ കാണണമെന്നാണ് ആഗ്രഹം.കഥയുടെ ആശയം പലരോടും പങ്കുവച്ചിരുന്നു. എന്നാൽ സ്വന്തം എഴുത്തായിരിക്കും നല്ലതെന്ന് തോന്നി. സീമ ശ്രീകുമാറിന്റെ വാക്കുകൾ കുത്തിക്കുറിച്ചാൽ ഇങ്ങനെ: ഞാൻ ഒരു എഴുത്തുകാരിയല്ല. എഴുതിപ്പോയി. ഇനിയും എഴുതും.മുത്തച്ഛന്റെ അനുഗ്രഹം ഉണ്ടാകും.