
ചായില്യം, അമീബ എന്നീ ചിത്രങ്ങൾക്കുശേഷം മൂന്നാം തവണയാണ് സംസ്ഥാന ചലച്ചിത്രപുരസ്കാരം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ  മനോജ് കാനയെ തേടിയെത്തുന്നത്....അവർക്കാർക്കും അഭിനയിക്കാനറിയില്ല. സിനിമാ ചിത്രീകരണം പോലും കാണുന്നത് അവർ ആദ്യമായിട്ടാണ്. ആദിവാസി ഊരുകളിലെ ഇരുൾ വീണ ദുരിത ജീവിതങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നപ്പോൾ മനോജ് കാന എന്ന ചലച്ചിത്ര സംവിധായകനെ തേടി രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് തേടിയെത്തുകയായിരുന്നു.

മനോജ് സംവിധാനംചെയ്ത 'കെഞ്ചിര' സിനിമ അങ്ങനെ ആദിവാസി ജീവിതത്തിനു നേരെ പിടിച്ച കണ്ണാടിയായി മാറുന്നതും സത്യസന്ധമായ ആവിഷ്കാരം എന്ന നിലയിലാണ്. അഭിനയിക്കാനറിയാത്ത ഒരുകൂട്ടം മനുഷ്യർ ക്യാമറയ്ക്കുമുന്നിൽ ജീവിച്ചപ്പോഴാണ് കെഞ്ചിരയെന്ന സിനിമ പിറക്കുന്നത്. മികച്ച രണ്ടാമത്തെ ചിത്രം, മികച്ച ഛായാഗ്രാഹകൻ, മികച്ച വസ്ത്രാലങ്കാരം എന്നീ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ 'കെഞ്ചിര" സ്വന്തമാക്കുമ്പോൾ കച്ചവടമൂല്യത്തേക്കാൾ കലയുടെ മനുഷ്യപക്ഷ രാഷ്ട്രീയമൂല്യമാണ് അംഗീകരിക്കപ്പെടുന്നത്. കെഞ്ചിരയുടെ പിറവിയെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും മനോജ് കാന പറയുന്നു.
വിവേചനങ്ങളും നീതിനിഷേധങ്ങളും
 ഇരുപത്തിയഞ്ച് വർഷമായി ആദിവാസി വിഭാഗങ്ങൾക്കിടയിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ അവരുടെ വേദനകളും പ്രശ്നങ്ങളും എന്റേത് കൂടിയാണ്. അവർ എന്നോട് എല്ലാ പ്രശ്നങ്ങളും അവരിലൊരാളെന്ന പോലെ തുറന്ന് പറയാറുണ്ട്. സ്നേഹവും കരുതലും കരുണയും അവർക്ക് പലപ്പോഴും കിട്ടാറില്ല. അവരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങളും മറ്റും ഇവിടെ അട്ടിമറിക്കപ്പെടുകയാണ്. പലരും കവർന്നെടുക്കുകയാണ്. അവരുടെ യഥാർത്ഥ പ്രശ്നങ്ങൾ കണ്ടെത്താനും  അതു പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുമാണ് ഞാൻ ശ്രമിച്ചത്.

പതിമൂന്നാം വയസിൽ ഗർഭിണി
പതിമൂന്നാം വയസിൽ ഗർഭിണിയാകുന്ന കെഞ്ചിര എന്ന പെൺകുട്ടിയിലൂടെ ആദിവാസിസമൂഹം കാലങ്ങളായി അനുഭവിക്കുന്ന വിവേചനങ്ങളും നീതിനിഷേധങ്ങളുമാണ് സിനിമ പറയുന്നത്. വയനാട്ടിലെ കൂടൽക്കടവിലായിരുന്നു ചിത്രീകരണം. കെഞ്ചിരയായി വേഷമിട്ട ഒമ്പതാം ക്ലാസുകാരി വിനുഷയടക്കം അഭിനയിച്ചവരെല്ലാം ആദിവാസി ഊരിലുള്ളവരുമാണ്. ഭൂരിഭാഗം പേർക്കും എഴുത്തും വായനയും അറിയാത്തതിനാൽ സംഭാഷണം പഠിച്ചുപറയുകയായിരുന്നില്ല. സാഹചര്യങ്ങൾക്കനുസരിച്ചുള്ള സ്വാഭാവിക സംഭാഷണങ്ങളാണ് എല്ലാവരുടേതും.കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഈ ചിത്രം അംഗീകാരം നേടിയിരുന്നു.
പൊതുസമൂഹം ആദിവാസി വിഭാഗങ്ങളോട് ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സിനിമ പറയുന്നത്. ഏറെ വർഷങ്ങളായി ആദിവാസികൾക്കൊപ്പം ജീവിക്കുകയും നാടകം കളിക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന ആളാണ് ഞാൻ. വർഷങ്ങളെടുത്താണ് 'കെഞ്ചിര" പൂർത്തിയാക്കിയത്.
വിഷയം കണ്ടതും ഇടപെട്ടതും
ഞാൻ കണ്ടതും ഇടപെട്ടതുമായ വിഷയമാണ് കെഞ്ചിരയിൽ പറഞ്ഞത്. പ്രായപൂർത്തിയാകാത്ത ആദിവാസി ബാലികമാർ ഗർഭം ധരിക്കുന്നത് കോളനികളിൽ നിത്യ സംഭവമാണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥ. മുത്തച്ഛൻ ഒരു ബാലികയെ ഗർഭിണിയാക്കിയ സംഭവത്തിൽ എനിക്ക് ഇടപെടേണ്ടി വന്നു. ഇവിടുത്തെ പെൺകുട്ടികളെ അത്തരക്കാരിൽ നിന്നു രക്ഷിക്കാൻ ആ കോളനിക്ക് ദിവസങ്ങളോളം കാവൽ നിൽക്കേണ്ടി വന്നിട്ടുണ്ട്. അവിഹിത ഗർഭം ധരിച്ച പെൺകുട്ടിക്ക് ആ മുത്തച്ഛൻ നൽകിയത് വെറും 200 രൂപയാണ്. പെൺകുട്ടിയുടെ ചാരിത്രത്തിന് വില പറയുന്ന ഒരു സമൂഹം. അവർക്കെതിരെയാണ് ഈ സിനിമ. പൊള്ളിക്കുന്ന അവരുടെ ജീവിതയാഥാർഥങ്ങൾ പറയാനാണ് കെഞ്ചിരയിലൂടെ ശ്രമിച്ചത്. പുറത്ത് നിന്നു ആദിവാസികളിലേക്ക് നോക്കാനല്ല ഞാൻ ശ്രമിച്ചത്. അവരുടെ കൂടെ നിന്ന് അവർക്കൊപ്പം അവരുടെ പ്രശ്നങ്ങൾ കാണുകയും അനുഭവിക്കുകയുമായിരുന്നു. അത്തരം അനുഭവങ്ങൾ എന്നെ ആക്രമിക്കുന്ന വേളകളിലാണ് ഇത്തരം സിനിമകൾ പിറന്നു വീഴുന്നത്.

നാടകത്തിലൂടെ സിനിമയിലേക്ക്
സംസ്ഥാന അവാർഡ് നേടിയ ഉറാട്ടി എന്ന നാടകത്തിലൂടെയാണ് ഞാൻ ഈ രംഗത്ത് എത്തുന്നത്. ഇക്കൊല്ലം ഒരു നാടകം കളിക്കാം, അടുത്ത വർഷം വേറൊന്ന് എന്ന നിലയിൽ ഞാനൊരിക്കലും നാടക പ്രവർത്തനം നടത്തിയില്ല. ഉറാട്ടി നാടകം കളിച്ചു കൊണ്ടിരിക്കെ വയനാട്ടിലെ പട്ടിണി മരണം പ്രമേയമാക്കി മറ്റൊരു തെരുവു നാടകവും കളിച്ചു. വയനാട്ടിലെ ആദിവാസികൾ മണ്ണ് തിന്ന് വിശപ്പടക്കുന്നതായിരുന്നു വിഷയം. മണ്ണപ്പം എന്നാണ് അവർ വിളിച്ചിരുന്നത്. ചിതൽപുറ്റിലെ മണ്ണ് കുഴച്ച് ഉരുളയാക്കിയാണ് കഴിക്കുക. അതിനൊപ്പം കാപ്പിയും. ഇതാണ് കുട്ടികൾ മുതൽ വൃദ്ധൻ വരെയുള്ളവരുടെ പ്രധാനഭക്ഷണം. ഇത് പതിവായി കഴിക്കുന്നവർ കുടൽ ഭിത്തി തകർന്ന് മാരക രോഗം വന്ന് മരിക്കുന്നത് ഒരു കാലത്ത് വയനാട്ടിലെ പതിവ് കാഴ്ചയായിരുന്നു. പക്ഷേ അന്നത്തെ സർക്കാരൊന്നും പട്ടിണി മരണം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അമിത മദ്യപാനമാണ് മരണ കാരണമെന്ന് അവർ വിധിയെഴുതും. അതിനെ അടിസ്ഥാനമാക്കിയാണ് അന്ന് നാടകം തയ്യാറാക്കിയത്. പിൽക്കാലത്ത് കെഞ്ചിരയ്ക്ക് വിഷയമായതും ഈ സംഭവം തന്നെ. അന്ന് ആ നാടകത്തിൽ അഭിനയിച്ചവരും ആദിവാസികളായിരുന്നു. വയനാട് മുതൽ തിരുവനന്തപുരം വരെ മൂവായിരത്തോളം വേദികളിലാണ് അവതരിപ്പിച്ചത്. നാടകം കളിച്ച് തളരുമ്പോൾ പൈപ്പ് വെള്ളം കുടിച്ച്  ബസ് സ്റ്റാന്റിൽ കിടന്നുറങ്ങും. അങ്ങനെ ആദിവാസി വിഭാഗത്തിന്റെ വേദന തന്റേതാക്കി മാറ്റിയാണ് ഞാൻ നാടകവും സിനിമയും ഒരുക്കിയത്. 
അമീബയുണ്ടാകുന്നത്
എന്റെ നാട്ടിലെ എൻഡോസൾഫാൻ ദുരിത ബാധിതരെയാണ് ഈ ചിത്രത്തിലേക്ക്  കൊണ്ടുവന്നത്. ഒരിക്കലും അവരെ കാമറയ്ക്ക് മുന്നിൽ കൊണ്ടുവന്നല്ല അവരുടെ ദുരിതം പറഞ്ഞത്. അഞ്ച് വയസുള്ളപ്പോഴാണ് ശീലാവതി ശയ്യാവലംബയായത്. ഇപ്പോൾ അവർക്ക് വയസ് നാൽപതായി. ഇത്രയും കാലം അവർ എൻഡോസൾഫാൻ ദുരിതം പേറുകയായിരുന്നു. സ്കൂളിൽ പോയത് പോലും അവർക്ക് ഓർമയുണ്ട്. പക്ഷേവീട്ടിലെ ചുമരുകൾക്കിടയിൽ വെറുമൊരു മനുഷ്യക്കോലമായി കഴിയുകയാണ് അവർ. ഇവരുടെ ദുരിതം എന്നെ ശരിക്കും കടന്നാക്രമിക്കുകയായിരുന്നു. അങ്ങനെയാണ് അമീബയുണ്ടാകുന്നത്. സിനിമ എനിക്ക് രാഷ്ട്രീയമാണ്. എന്നാൽ അതൊരിക്കലും ഏതെങ്കിലും പാർട്ടി രാഷ്ട്രീയമല്ല.
അടുത്ത ചിത്രം
എല്ലാ ചിത്രവും ഒന്നിനൊന്ന് മെച്ചപ്പെടാനാണ് ഓരോ ചലച്ചിത്ര കാരനും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവാർഡുകൾ നൽകുന്നത് വലിയ ഉത്തരവാദിത്വമാണ്. ഇതിൽ നിന്ന് വ്യത്യസ്തമായ ചിത്രം ചെയ്യാനാണ ് ആഗ്രഹം. മൊബൈൽ ഫോണിന്റെയും സമൂഹമാദ്ധ്യമങ്ങളുടെയും പൊളിച്ചെഴുത്താണ് ഉദ്ദേശിക്കുന്നത്. കഥ ചർച്ച ചെയ്ത് വരുന്നതേയുള്ളൂ. ഒരു മാസത്തിനകം ചിത്രീകരണം തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.