
ഒരു സന്തുഷ്ട കുടുംബം പോലെ 'അളിയൻസ് ".  നാട്ടിൻപുറത്തെ കണ്ടു മറന്ന കാഴ്ചകളും സാധാരണ ജീവിതത്തിലെ രസച്ചരടും കോർത്തിണക്കിയാണ് അളിയൻസ് ഒരുക്കിയിരിക്കുന്നത്. ശക്തമായ കൂട്ടുകെട്ടാണ് അളിയൻസിന്റെ വിജയം. കനകനും ക്ളീറ്റസും തങ്കുവും ലില്ലിയും ഗിരിരാജനും മുത്തും മലയാളിക്ക് കുടുംബാംഗങ്ങൾ. കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അളിയൻസ് സിറ്റുവേഷണൽ കോമഡി ( സിറ്റ് കോം)നിറച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. നൂറ്റി ഇരുപതു എപ്പിസോഡ് പിന്നിടുകയാണ് അളിയൻസ് .
 ''ടീം വർക്കിന്റെ വിജയമാണിത്. വലിയ ഒരുകൂട്ടായ്മ നൽകുന്ന ശക്തി. ഞങ്ങൾ എല്ലാവരും കൂടി ഇരുന്ന് ആശയങ്ങൾ കണ്ടെത്തും. ലൊക്കേഷനിലിരുന്നു സ്ക്രിപ്ട് വായിക്കും. അപ്പോൾത്തന്നെ നിർദ്ദേശങ്ങൾ ഉണ്ടാകുന്നു. നല്ലത് സ്വീകരിക്കും. ആവർത്തന വിരസത അനുഭവപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് - സംവിധായകൻ രാജേഷ് തലച്ചിറയുടെ വാക്കുകൾ. കഥാപാത്രങ്ങൾക്ക് ആർഭാട വേഷമില്ല. മേക്കപ്പില്ല. സ്വന്തം വീടിനുള്ളിൽ വീട്ടുകാർ അറിയാതെ കാമറ വച്ചാൽ എങ്ങനെ പെരുമാറും എന്ന രീതിയിലാണ് ചിത്രീകരണം. അതുകൊണ്ടുതന്നെയാണ് കനകനും ലില്ലിയും ക്ളീറ്റസും തങ്കവും നമ്മുടെ സ്വീകരണമുറി വിട്ടുപോകാത്തത്. ''അരമണിക്കൂർ നേരം കൊണ്ടു പറയുന്നത് പരിമിതമായ വിഷയങ്ങൾ. സിങ്ക് സൗണ്ട് ചിത്രീകരണമാണ്. അഞ്ചുമിനിട്ട് സീനും ഒറ്റ ടേക്കിൽ പോകും. രണ്ട് കാമറയുടെ സഹായത്തോടെ ചിത്രീകരണം. താരങ്ങൾ എല്ലാവരും സിങ്ക് സൗണ്ട് സംവിധാനവുമായി ചേർന്നുനിൽക്കുന്നു. അളിയൻസ് ഗ്രൂപ്പും അളിയൻസ് ഫേസ് ബുക്ക് കൂട്ടായ്മയും പങ്കുവയ്ക്കുന്ന ആശയങ്ങളും സ്വീകരിക്കാറുണ്ട്. അഞ്ച് സംസ്ഥാന അവാർഡുകൾ അളിയൻസ് കരസ്ഥമാക്കിയിട്ടുണ്ട് -" അളിയൻസിന്റെ രസക്കൂട്ടിനു പിന്നിലെ കഥ വെളിപ്പെടുത്തി രാജേഷ് തലച്ചിറ.രാജീവ് കരുമാടിയാണ് മുഖ്യതിരക്കഥാകൃത്ത്. ശ്രീകുമാർ അറയ്ക്കൽ, ഷിഹാബ് കരുനാഗപ്പള്ളി, സുകു കിള്ളിപ്പാലം എന്നിവരും എഴുത്തിൽ സഹായിക്കുന്നു. ഗൃഹാതുരത്വത്തിന്റെ കാഴ്ചയാണ് അളിയൻസ് തരുന്നതെന്ന് പ്രവാസി മലയാളികൾ സാക്ഷ്യപ്പെടുത്തുന്നു. അതാണ് അളിയൻസിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ സീരിയൽ ലൊക്കേഷൻ പോലെ ആർഭാടങ്ങളില്ല.  സ്വന്തം ഭാഷയിലാണ് കഥാപാത്രങ്ങളുടെ സംസാരം. തിരുവനന്തപുരം മുതൽ വള്ളുവനാടൻ ഭാഷ വരെ അളിയൻസിലെ കഥാപാത്രങ്ങളിൽനിന്ന് കേൾക്കാം. സ്വാഭാവികമായ അഭിനയം കാഴ്ചവച്ച് താരങ്ങൾ. കഥ രൂപപ്പെടുമ്പോൾ മുതൽ താരങ്ങൾ എല്ലാവരുമുണ്ട്. അളിയൻസ് വേൾഡ് വൈഡും,  അളിയൻസ് ഫാൻസ് വാട്സ് ആപ്പ് ഗ്രൂപ്പും അളിയൻസിനെ കൊണ്ടുനടക്കുകയാണ്. 
മാനംമുട്ടേ പ്രതീക്ഷയിലാണ്  പ്രേക്ഷകർ.രത്നമ്മായി ആയി അഭിനയിക്കുന്ന സേതു ലക്ഷമിയും കനകന്റെ മക്കളായി അഭിനയിക്കുന്ന ബാലതാരങ്ങൾ സയ്യും നല്ലുവും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മൂലം അളിയൻസ് കുടുംബത്തിൽ എത്തുന്നില്ല. അപ്പോൾ നമുക്ക് അളിയൻസിനെ കാണാം. തിങ്കൾ മുതൽ വ്യാഴം വരെ .സമയം വൈകിട്ട് 7നും.രാത്രി 10നും.യുട്യൂബിലുമുണ്ട് കുടുംബ കാഴ്ചക്കാർ.കനകനായും മുത്തുരാമനായും മാത്രമല്ല, ഇവരുടെ അച്ഛനായും അനീഷ് രവി എത്തുന്നു.റിയാസ് നർമകലയാണ് ക്ളീറ്റസിനെ അവതരിപ്പിക്കുന്നത്. ഗിരിരാജൻ അമ്മാവൻ മണി ഷൊർണൂരും മഞ്ജു സുനിച്ചൻ തങ്കവും സൗമ്യ ഭാഗ്യം പിള്ള ലില്ലിയെയും അവതരിപ്പിക്കുന്നു. ബേബി അക്ഷയ ആണ് മുത്ത്. പ്രൊഡക് ഷൻ എക്സിക്യൂട്ടിവ് ശ്യാം വെമ്പായം. നിർമാണം റാംജി കൃഷ്ണൻ( കൗമുദി ടിവി).