
ഇപ്പോൾ നാടകം  കളിക്കാറില്ല ,സമയം ഇല്ലാത്തതാണ്  പ്രധാനകാരണം .സിനിമയോടാണ്  കൂടുതൽ  പ്രേമം
അരങ്ങിൽ നിന്ന് അഭ്രപാളിയിലേക്ക് അനിൽ നെടുമങ്ങാട് നടന്നു കയറിയിട്ട്  പതിറ്റാണ്ടിനോട് അടുക്കുന്നു . ചെറുപ്പം മുതലേ സിനിമയോട് ഏറെ അടുപ്പമുള്ള അനിലിന്റെ സിനിമയാത്ര അത്ര സുഖകരമായിരുന്നില്ല.അനിൽ നെടുമങ്ങാടിന്റെ മുഖം സ്ക്രീനിൽ കാണുമ്പോൾ പ്രേക്ഷകന് ചെറിയൊരു ചങ്കിടിപ്പാണ്. ഇയാൾ നായകന്റെ കൂടെയാണോ, അതോ പ്രതി നായകനാണോയെന്ന് പ്രേക്ഷകർക്ക് ആദ്യം പിടികിട്ടില്ല. ഫ്രഡ്ഡിയും സുരേന്ദ്രനാശാനും റാഫേലും രാജനും സി.ഐ സതീഷുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു കഥാപാത്രങ്ങളാണ് . സ്വാഭാവിക അഭിനയ മികവ് തന്നെയാണ് അനിൽ നെടുമങ്ങാട് എന്ന നടനെ മലയാളികളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. തിരുവനന്തപുരത്ത് നെടുമങ്ങാട് ജനിച്ചു വളർന്ന അനിൽ നെടുമങ്ങാട് താൻ സഞ്ചരിച്ച സിനിമ ജീവിതത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി....

സിനിമ ബാല്യകാല സുഹൃത്ത്
'ഓർമ്മവച്ച കാലം മുതലേ സിനിമ കാണുന്നുണ്ട്.അരശുപറമ്പിലെ കുടുംബ വീട്ടിൽ നിന്ന് നെടുമങ്ങാട് ടൗണിലേക്ക് താമസം മാറിയത് സിനിമയുമായി കൂടുതൽ അടുപ്പിച്ചു, അക്കാലത്ത് സിനിമ ഒരു ശീലമായിരുന്നു. ഞങ്ങൾക്ക് അത് വിനോദവും . ആദ്യമായി വലിയ സ്ക്രീനിൽ കാണുന്ന മുഖങ്ങൾ പ്രേം നസീറിന്റെയും സത്യന്റെയും സുകുമാരന്റെയും ജയന്റെയുംസോമന്റെയുമൊക്കെയാണ്. അത്ഭുതംപോലെയായിരുന്നു അന്നെനിക്ക് സിനിമ. യു.പി സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക്പോകും. തിയേറ്ററിൽ മുഴുവൻ കുട്ടികളായിരിക്കും. ആദ്യമായി അങ്ങനെ കണ്ട ചിത്രം 'സ്ഫോടന'മാണ്. റാണിയും ,സൂര്യയും ഭുവനേശ്വരിയുമായിരുന്നു നെടുമങ്ങാട് നെഞ്ചു വിരിച്ച് നിന്നിരുന്ന തിയേറ്ററുകൾ. ആദ്യത്തെ എ.സി . തിയേറ്റർ സൂര്യയായിരുന്നു. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും തിയേറ്റർ വിസിറ്റ് നിർബന്ധമായിരുന്നു. ഒരു രൂപയും ഒന്നര രൂപയുമൊക്കെയാണ് അന്നത്തെ ടിക്കറ്റ് നിരക്ക്. വീട്ടിൽ നിന്ന് അടിച്ച് മാറ്റുന്ന ചില്ലറയാണ് ടിക്കറ്റ് തുക .

അരങ്ങിൽ തകർത്തു , ഇനി അഭ്രപാളിയിൽ
ചെറുപ്പം മുതൽ കാണുന്ന സിനിമകൾ തന്നെയാണ് അഭിനയത്തോടുള്ള എന്റെ അഭിനിവേശം. മലയാള സിനിമയിൽ ഒരുകാലത്ത് അരങ്ങ് വാണിരുന്ന താരങ്ങളുടെ അഭിനയം കണ്ട് വാ പൊളിച്ചു നിന്ന സമയങ്ങൾ ഉണ്ടായിരുന്നു. ജയനും സുകുമാരനുമൊക്കെ സ്കൂൾ കാലഘട്ടത്തിൽ എന്റെ ഹീറോസ് ആയിരുന്നു.കോളിളക്കവും ശരപഞ്ജരവുമെല്ലാം ഇളക്കിമറിച്ച കാലമായിരുന്നു അത്. സുകുമാരൻ എന്ന നടൻ അസാധ്യ നടനാണ്. മാളയും പപ്പുവുമൊക്കെ അന്ന് ഞങ്ങളെ ചിരിപ്പിച്ചിരുന്ന നടന്മാരാണ് . സ്കൂൾ കലോത്സവവേദികളിൽ മികച്ച നടനാവാനായിരുന്നു ഞാൻ അന്നും ശ്രമിച്ചിരുന്നത്. അരങ്ങ് തകർക്കുമ്പോൾ വേദിയിലെ കൈയടി ലഹരിയായി മാറിയ കാലം. പിന്നിട് ലാലേട്ടനും മമ്മൂക്കയും വന്നു. കൗമാരത്തിൽ അവരെ ആഘോഷിച്ചു. വയസുകൂടുംതോറും അഭിനയമോഹം കൂടിവന്നു. സിനിമയോടുള്ള ഇഷ്ടംകൊണ്ട് നാടകങ്ങൾ കളിച്ചു. അഭിനയത്തിനോടുള്ള അതിയായ ആഗ്രഹം തന്നെയാണ് എന്നെ സ്കൂൾ ഒഫ് ഡ്രാമയിൽ എത്തിച്ചത്. ജീവിതത്തിന്റെ മറ്റൊരു അദ്ധ്യായമാണ് അവിടെ തുറന്നത്. അഭിനയമോഹവുമായി എത്തിയ ഒരുപാട് ഹൃദയങ്ങൾ ഒരു കുടക്കീഴിൽ വന്നു. മലയാള സിനിമയിലെ രഞ്ജിത്തേട്ടൻ (സംവിധായകൻ രഞ്ജിത്ത് ) സ്കൂൾ ഒഫ് ഡ്രാമയിലെ സീനിയറായിരുന്നു. അവിടെ പഠിക്കുന്ന എല്ലാവർക്കും സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്  രഞ്ജിത്തേട്ടൻ. 
സിനിമയിൽ നിന്ന് സൗഹൃദങ്ങൾ ഉണ്ടാക്കിയെങ്കിലും സിനിമ വിദൂരതയിൽ തന്നെനിന്നു. അവസരങ്ങൾചോദിച്ചിട്ടുണ്ട്, നാടകങ്ങൾ കളിച്ചു സന്തോഷം കണ്ടെത്തി. എന്റെ ഇതുവരെയുള്ള ജീവിതത്തതിന്റെ പകുതിയിലധികവും ഞാൻ അരങ്ങിലായിരുന്നു. നാടകം തുടങ്ങുന്നതിന് മുൻപുള്ള ഓരോ ബെല്ലും ഒരു വികാരമാണ് . ഇപ്പോൾ നാടകം കളിക്കാറില്ല , സമയമില്ലാത്തതാണ് പ്രധാന കാരണം . സിനിമയോടാണ് കൂടുതൽ പ്രേമം. 2005 മുതൽ സിനിമയിൽ ഉണ്ടെങ്കിലും 2020 ലാണ് അടിത്തറ ഇട്ടത്.

തസ്കരവീരൻ മുതൽ അയ്യപ്പനും കോശി വരെ
മമ്മൂക്കയുടെ തസ്കരവീരനാണ് എന്റെ ആദ്യസിനിമ എന്ന്കേൾക്കുമ്പോൾ എല്ലാവരും ഞെട്ടാറുണ്ട്. 'അതിൽ എവിടെയാടെ നീ ?" എന്നചോദ്യം ഞാൻ നേരിട്ടിട്ടുണ്ട്. ബാറിൽ ഇരുന്നു മദ്യപിക്കുന്ന ബാങ്ക് മാനേജരുടെ ചെറിയവേഷമായിരുന്നു. എന്റെ ആദ്യസിനിമ രാജീവ് ഏട്ടന്റെ (രാജീവ് രവി ) ഞാൻ സ്റ്റീവ് ലോപസ് എന്നാണ് പലരും വിചാരിച്ചിരുന്നത്. ഫ്രഡ്ഡി എന്ന കഥാപാത്രം നാടക ഗ്രൂപ്പിൽ നിന്ന് വന്നുചേർന്നതാണ്. ആ സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും നാടക ആർട്ടിസ്റ്റുമാരാണ്. രാജീവ് ഏട്ടൻ കമ്മട്ടിപ്പാടത്തിലും വിളിച്ചപ്പോൾ സന്തോഷമായി. സുരേന്ദ്രനാശാൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏറെ പ്രശംസകൾ വന്നുചേർന്ന കഥാപാത്രം കൂടിയാണ് അത്. ഇതിനിടയിൽ കുറച്ച് സിനിമകൾ ചെയ്തുവെങ്കിലും അതൊന്നും ശ്രദ്ധയിൽ പെട്ടില്ല. പാവാടയിൽ കഥാപാത്രമായാലും , ഇളയരാജയിലെ കഥാപാത്രമായാലും പ്രതിക്ഷിച്ച അത്ര ശ്രദ്ധിക്കപ്പെട്ടില്ല.ജോഷി സാറിന്റെ പൊറിഞ്ചു മറിയംജോസിലെ റാഫേൽ എന്ന കഥാപാത്രം നന്നായിരുന്നുവെന്ന് എല്ലാവരും പറഞ്ഞിരുന്നു. അയ്യപ്പനുംകോശിയിലെ സി .ഐ സതീഷിന്റെവേഷം ഇങ്ങോട്ട് തേടിയെത്തിയതാണ്. സിനിമയിലെ മുഴുനീള കഥാപാത്രമാണെന്നറിഞ്ഞപ്പോൾ സന്തോഷംതോന്നി. സച്ചിയേട്ടനാണ് ധൈര്യം തന്നത്. സച്ചിയേട്ടന്റെ വിയോഗം ഏറെ തളർത്തി . ഒരുപാട് നല്ല സിനിമകൾ ബാക്കിയാക്കിയാണ് സച്ചിയേട്ടൻ യാത്രയായത് . എനിക്ക് സിനിമയിൽ ഒരു മേൽവിലാസം ഉണ്ടാക്കി തന്നത് കഥാപാത്രങ്ങളിലൊന്നാണ് അയ്യപ്പനും കോശിയിലേത്. പ്രതിനായകന്റെ മുഖമാണ് എനിക്കെന്ന് പലരും പറയുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന ചിത്രത്തിലെ രാജൻ എന്ന കഥാപാത്രം ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നതാണ്. എനിക്ക് എല്ലാ രീതിയിലുള്ള കഥാപാത്രങ്ങളും ചെയ്യണം. അതിനായി കാത്തിരിക്കുകയാണ്.