
ഖുഷ്ബുവിന്റെ രാഷ്ട്രീയ  ചുവടുമാറ്റം ചർച്ചയാകുന്നു....
 അവർ പോയതിൽ ഒരു പ്രശ്നവുമില്ല, പാർട്ടി അണികൾക്ക് അവർ വെറുമൊരു നടി മാത്രമാണ് ...." ആറുവർഷം കോൺഗ്രസിനൊപ്പം സഞ്ചരിച്ച ശേഷം ബി.ജെ.പിയിലേക്ക് ചേക്കേറിയ നടി ഖുഷ്ബു കേട്ടതിൽ വച്ച് ഏറ്റവും ദുഃഖകരമായ വാക്കുകളിൽ ഒന്നായിരിക്കാം ഇത്. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ( ടി.എൻ.സി.സി ) പ്രസിഡന്റ് കെ.എസ്. അഴഗിരിയുടെ ഈ പ്രസ്താവനയ്ക്ക് ശേഷം താൻ പാർട്ടി വിട്ട തീരുമാനം ശരിയായിരുന്നു എന്ന് ഉറപ്പിച്ചു പറയുകയാണ് ഖുഷ്ബു.അഴഗിരിയുടെ വാക്കുകൾ പോലെയായിരുന്നോ ഖുഷ്ബു.? അവർ തമിഴ്നാടിന് വെറുമൊരു നടി മാത്രമായിരുന്നോ ? അങ്ങനെയെങ്കിൽ അവർക്ക് വേണ്ടി ആരാധകർ ക്ഷേത്രം പണിയുമായിരുന്നോ ? ഇന്ത്യയിൽ എത്രയോ മഹാനടിമാർ അഭ്രപാളിയിൽ പ്രത്യക്ഷപ്പെട്ട് ആരാധകരെ കീഴടക്കി. എന്നാൽ അവരിൽ എത്രപേർക്ക് ആരാധകർ അമ്പലം പണിതിട്ടുണ്ട്? . എന്നാൽ ഖുഷ്ബു എന്ന നടിയുടെ പേരിൽ ആരാധകർ തിരുച്ചിറപ്പള്ളിയിൽ ഒരു ക്ഷേത്രം പടുത്തുയർത്തി.

ഇന്ത്യയിൽ ഈ ' ഭാഗ്യം " കൈവരിച്ച ഒരേയൊരു നടി. മാത്രമല്ല, ഖുഷ്ബു ഇഡലി, ഖുഷ്ബു ജിമുക്കി, ഖുഷ്ബു സാരി, ഖുഷ്ബു കോഫി..... ഇങ്ങനെ ഉപ്പ് തൊട്ട് കർപ്പൂരം വരെ ഖുഷ്ബു മയം. ! അതൊക്കെ ഒരു കാലം, അന്നത്തെ ആ പ്രതാപം ഇന്ന് ഇല്ലാത്തതിനാലാവാം അവർ ഇന്ന് വെറുമൊരു നടിയായി മാത്രം മാറിയത്. കേവലമൊരു അഭിനേതാവിന് സ്വപ്നം കാണാവുന്നതിലപ്പുറം സ്നേഹവും അംഗീകാരങ്ങളും സ്വന്തമാക്കിയെങ്കിലും സിനിമാ ലോകത്ത് നേടിയെടുത്ത ഗ്ലാമറസ് പരിവേഷം ഖുഷ്ബുവിന് ഇതുവരെ രാഷ്ട്രീയത്തിൽ ലഭിച്ചില്ല.
 ദക്ഷിണേന്ത്യയിലെ  താരറാണി
1970 സെപ്തംബർ 29ന് മുംബൈയിലെ ഒരു മുസ്ളിം കുടുംബത്തിൽ ജനിച്ച നഖത് ഖാൻ എന്ന ഖുഷ്ബു ദ ബേണിംഗ് ട്രെയിൻ, ലാവാരിസ്, കാലിയ, നസീബ്, ദർദ് കാ റിഷ്ത, ബെമിസൽ തുടങ്ങിയ ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ബാലതാരമായാണ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. 1985ൽ ജാനൂ എന്ന ചിത്രത്തിൽ ജാക്കി ഷെറോഫിന്റെ നായികയായി. 1990ൽ ആമിർ ഖാൻ. മാധുരി ദീക്ഷിത് എന്നിവർ അഭിനയിച്ച ' ദീവാന മുജ്സാ നഹീം " എന്ന ചിത്രത്തിൽ സഹനടിയായും ശ്രദ്ധിക്കപ്പെട്ടു.
എന്നാൽ ദക്ഷിണേന്ത്യ ഇരുകൈകളും നീട്ടി സ്വീകരിച്ചതോടെയാണ് ഖുഷ്ബുവിന്റെ തലവര മാറിയത്. ഹിന്ദി സിനിമയെ വിട്ട് തനിക്കറിയാത്ത ഒരു ഭാഷ സംസാരിക്കുന്ന നാട്ടിലെത്തി അവിടുത്തെ സൂപ്പർസ്റ്റാർ ആയി മാറാനുള്ള യോഗം ഖുഷ്ബുവിനുണ്ടായിരുന്നു. രജനീകാന്ത്, കമലഹാസൻ, ചിരഞ്ജീവി, അംബരീഷ്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മുൻനിരനായകൻമാരുടെയെല്ലാം നായികയായി തിളങ്ങാൻ ഖുഷ്ബുവിനായി.

ആദ്യകാലത്ത് തമിഴ്നാട്ടിൽ ഏതെങ്കിലും പരിപാടികളിൽ ഖുഷ്ബു ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ പരിപാടിയിൽ പങ്കെടുത്തിരുന്ന പല രാഷ്ട്രീയക്കാർക്കും അസൂയ തോന്നിയിരുന്നു. കാരണം, എല്ലാ കാമറക്കണ്ണുകളും ഖുഷ്ബുവിന് നേരേയായിരുന്നു. തമിഴ്നാട് സർക്കാരിന്റെ മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും ഖുഷ്ബുവിന് ലഭിച്ചിട്ടുണ്ട്. 50കാരിയായ ഖുഷ്ബു ഇതുവരെ 200 ലേറെ ചിത്രങ്ങളിലാണ് അഭിനയിച്ചത്. 90കളിൽ നടൻ പ്രഭുവും ഖുഷ്ബുവും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് സംവിധായകൻ സി.സുന്ദറിനെ വിവാഹം കഴിച്ചതോടെ തമിഴ്നാടിന്റെ സ്വന്തം മരുമകളായി മാറി.
രാഷ്ട്രീയത്തിലേക്ക്
സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്ന്  സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയാൻ തുടങ്ങിയതോടെയാണ് ഖുഷ്ബുവിന്റെ തിളക്കം മങ്ങാൻ തുടങ്ങിയത്. നാവിൽ നിന്ന് പോയ വാക്കുകൾ ആറുകുതിര പിടിച്ചാലും തിരിച്ചുകിട്ടില്ല എന്ന് പറയുന്നത് പോലെ ഖുഷ്ബുവിന്റെ പല പ്രസ്താവനകളും അവർക്ക് നേരെ തന്നെ തിരിഞ്ഞ മൂർച്ഛയേറിയ വാളുകളായി മാറിയിരുന്നു. ഖുഷ്ബുവിനെ ക്ഷേത്രത്തിൽ ദേവതയായി പ്രതിഷ്ഠിച്ച അതേ ആരാധകർ തന്നെ അവരെ പ്രതിനായികയാക്കി മാറ്റി. വിവാഹപൂർവ ലൈംഗിക ബന്ധത്തെ അനുകൂലിക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവന ചെന്നെത്തിയത് സുപ്രീം കോടതി വരെ. ഖുഷ്ബുവിനും അവരുടെ വീടിനും നേരെ തമിഴ് ജനതയുടെ രോഷപ്രകടനം നടന്നു. ആരാധകർ സമ്മാനിച്ച ക്ഷേത്രം അതേ ആരാധകർ തന്നെ, തല്ലിത്തകർത്തു. സ്വന്തം അഭിപ്രായങ്ങൾ എന്തു വന്നാലും തുറന്നു പറയുമെന്ന പ്രതിച്ഛായയാണ് ഖുഷ്ബുവിന് മുന്നിൽ രാഷ്ട്രീയത്തിന്റെ വാതിൽ തുറന്നത്. അങ്ങനെ 2010ൽ ഡി.എം.കെയിലൂടെ തുടക്കം. ആദ്യമൊക്കെ ഡി.എം.കെ വേദികളിലെ കരുത്തുറ്റ താരസാന്നിദ്ധ്യമായെങ്കിലും പിന്നീട് കഥ മാറി തുടങ്ങി. ഡി.എം.കെ നേതാവും കരുണാനിധിയുടെ മകനുമായ എം.കെ സ്റ്റാലിനെതിരെ നടത്തിയ പരാമർശത്തിലൂടെ ഡി.എം.കെ പ്രവർത്തകരുടെ കണ്ണിലെ കരടായി മാറി.

വൈകാതെ 2014ൽ ഡി.എം.കെയ്ക്ക് ഫുൾസ്റ്റോപ്പിട്ട് കോൺഗ്രസിനോട് കൈകോർത്തു. ദേശീയ വക്താവ് എന്ന പദവി കോൺഗ്രസ് ഖുഷ്ബുവിന് മേൽ ചാർത്തിക്കൊടുത്തു. പ്രധാന എതിരാളികളായ ബി.ജെ.പിയെ കടന്നാക്രമിക്കാൻ കിട്ടിയ ഓരോ അവസരവും വിനിയോഗിച്ച് ശ്രദ്ധനേടാൻ ഖുഷ്ബു ശ്രമിച്ചു. എന്നാൽ അവിടെയും ഖുഷ്ബു മനസിൽ ആഗ്രഹിച്ച ട്വിസ്റ്റ് നടന്നില്ല. ആഗ്രഹങ്ങൾ ഇനിയും നടക്കില്ലെന്ന് കണ്ടതോടെ ആറ് വർഷത്തെ കോൺഗ്രസ് ജീവിതത്തിന് കർട്ടനിട്ടു. ഒടുവിൽ താൻ ഒരിക്കൽ നിഷിദ്ധമായി വിമർശിച്ച ബി.ജെ.പിയെ തന്നെ തന്റെ അടുത്ത തട്ടകമാക്കാൻ ഖുഷ്ബു തീരുമാനിക്കുകയായിരുന്നു.
വിമർശനങ്ങൾ
എല്ലാം വെട്ടിത്തുറന്ന് പറയുന്ന ഖുഷ്ബു കോൺഗ്രസിനുള്ളിൽ നേരിട്ട അതൃപ്തി മാത്രം വ്യക്തമാക്കിയില്ല. രാജി വയ്ക്കുന്നത് വരെ പാർട്ടി വിടില്ലെന്നായിരുന്നു ഖുഷ്ബു പറഞ്ഞിരുന്നത്. എന്നാൽ മുമ്പ് ദേശീയ വിദ്യാഭ്യാസനയത്തെ അനുകൂലിച്ചതുൾപ്പെടെയുള്ള സൂചനകളിലൂടെ ഖുഷ്ബുവിന്റെ പാർട്ടി മാറ്റം ചർച്ചയായി തുടങ്ങിയിരുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി ഖുഷ്ബുവിനെ എങ്ങനെ പരിഗണിക്കുമെന്നാണ് ഇപ്പോൾ ഏവരും ആകാംഷയോടെ നോക്കിക്കാണുന്നത്.അടിക്കടിയുള്ള പാർട്ടിമാറ്റത്തിന്റെ പേരിൽ ഖുഷ്ബുവിന് നേരെ വിമർശനങ്ങളുടെ പെരുമഴ തന്നെയാണ് പെയ്തിറങ്ങിയത്. അവസരവാദിയെന്നും സ്വാർത്ഥയെന്നും ഖുഷ്ബുവിനെ പലരും വിളിച്ചു. ആഗ്രഹിക്കുന്ന പദവി നേടിയെടുക്കുന്നതല്ല രാഷ്ട്രീയമെന്നും ക്ഷമയും പ്രത്യയശാസ്ത്രവുമാണ് വേണ്ടതെന്നും പലരും കുറ്റപ്പെടുത്തി. എങ്കിലും ഖുഷ്ബു തളർന്നിട്ടില്ല. തന്റെ തീരുമാനങ്ങൾ തെറ്റിയിട്ടില്ലെന്ന് ഖുഷ്ബു വൈകാതെ തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് അവരുടെ ആരാധകർ.