
നിർമാണരംഗത്തേക്കുള്ള തിരിച്ചുവരവിൽ  സ്വർഗചിത്ര  അപ്പച്ചന്  മമ്മൂട്ടി, ഫഹദ് ഫാസിൽ  സിനിമകൾ
ദേശീയ അവാർഡ് -മണിച്ചിത്രത്താഴ് ,സംസ്ഥാന അവാർഡ്-ഗോഡ് ഫാദർ,  മണിച്ചിത്രത്താഴ്  
നാൽപ്പതുവർഷം മുമ്പ് എല്ലാ ഞായർ ദിവസവും കോഴിക്കോട് നഗരത്തിലെ തിയേറ്ററുകളിൽ പി. ഡി എബ്രഹാം എന്ന ചെറുപ്പക്കാരൻ മൂന്നു സിനിമകൾ കാണുമായിരുന്നു.അന്ന് പറമ്പിലെ കൃഷിപണിക്ക് പൂർണ അവധി.പുതുപ്പാടി പിണക്കാട്ട് ദേവസ്യയ്ക്കും ഭാര്യ ഏലിയാമ്മയ്ക്കും മകൻ' സിനിമാപ്രാന്തൻ" ആണെന്ന് അറിയാം.ഇതു നല്ല ശീലമായി അവർ കണ്ടു. കാരണം മകന് മറ്റു ദുശീലമില്ല.കുറെ വർഷം കഴിഞ്ഞ്  'സംഗം" തിയേറ്ററിൽ 'നോക്കെത്താദൂരത്ത് കണ്ണുംനട്ട് "കണ്ടിറങ്ങുമ്പോൾ മൂന്നു കാര്യങ്ങൾ ഉറപ്പിച്ചു. ആദ്യമായി നിർമിക്കുന്ന സിനിമയുടെ സംവിധായകൻ ഫാസിൽ. ബാനർ സ്വർഗചിത്ര . ടൈറ്റിൽ കാർഡ് തെളിയുമ്പോൾ മദർ തെരേസയുടെ രൂപം ആലേഖനം ചെയ് ത ലോഗോ.മദർ തെരേസയോടുള്ള ആരാധനയാണ് അതിന് കാരണം. വയനാട് ചുരം കയറി പുതുപ്പാടിയിൽ ബസ് ഇറങ്ങുമ്പോൾ മറ്റൊന്നു കൂടി ഉറപ്പിച്ചു. പിറ്റേ ദിവസം പുലർച്ചെ ആലപ്പുഴയ്ക്ക് പുറപ്പെടണം.സംവിധായകൻ ഫാസിലിനു മുന്നിൽ ആഗ്രഹത്തിന്റെ ഫിലിം പെട്ടി തുറന്നു. സിനിമയെ അഗാധമായി സ് നേഹിക്കുന്ന കർഷകനാണെന്ന് വയനാടൻ കാപ്പിയുടെ വീര്യത്തിൽ പറഞ്ഞു. പി. ഡി എബ്രഹം എന്ന സിനിമാപ്രാന്തിനെ ഫാസിൽ പെട്ടെന്ന് തിരിച്ചറിഞ്ഞു. 'നോക്കത്തെദൂരത്ത് കണ്ണുംനട്ട് " കഴിഞ്ഞ് ഫാസിൽ 'എന്നെന്നും കണ്ണേട്ടന്റെ" സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചു.
ആ സിനിമയുടെ നിലമ്പൂരിലെ ലൊക്കേഷനിലേക്ക് പി.ഡി. എബ്രഹാമിന്റെ അടുത്ത യാത്ര. കോഴിക്കോട്  'വാർത്ത" യുടെ ലൊക്കേഷനിൽ പോയി മമ്മൂട്ടിയെ കണ്ടു. ഒരു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഫാസിലിന്റെ സംവിധാനത്തിൽ ആദ്യ സിനിമ ജനിച്ചു.പൂവിനു പുതിയ പൂന്തെന്നൽ. നായകൻ മമ്മൂട്ടി. നിർമാതാവിന്റെ കുപ്പായം അണിയുമെന്ന് ഉറപ്പിച്ചപ്പോൾ തന്നെ അപ്പച്ചൻ എന്ന തന്റെ വിളിപ്പേരിനെ കൂടെകൂട്ടണമെന്ന് തീരുമാനിച്ചു. അങ്ങനെ നിർമാണം സ്വർഗചിത്ര അപ്പച്ചൻ എന്നു വെള്ളിത്തിരയിൽ തെളിഞ്ഞു.പൂവിനു പുതിയ പൂന്തെന്നൽ കഴിഞ്ഞു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,റാംജി റാവു സ്പീക്കിംഗ്, ഗോഡ് ഫാദർ, വിയറ്റ് നാം കോളനി, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, വേഷം തുടങ്ങിയ സിനിമകൾ. കലാപരമായും സാമ്പത്തികപരമായും മുന്നിൽ നിൽക്കുന്ന സിനിമകൾ മാത്രമേ അപ്പച്ചൻ നിർമിച്ചിട്ടുള്ളൂ. ചന്ദ്രലേഖ, ആറാംതമ്പുരാൻ, നരസിംഹം, കാക്കക്കുയിൽ, അയാൾ കഥ എഴുതുകയാണ്,റൺവേ തുടങ്ങി  വിതരണ ചെയ്ത സിനിമകളിലും ആ കൈയെപ്പ് പതിഞ്ഞു.പതിമൂന്നു വർഷം വെള്ളിത്തിരയിൽനിന്ന് മാറിനിന്ന അപ്പച്ചൻ വീണ്ടും വരികയാണ്. സി. ബി.െഎ  ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം നിർമ്മിക്കാനാണ് വരവ്. എന്നും ലാളിത്യം നിറഞ്ഞ പെരുമാറ്റം കാത്തുസൂക്ഷിക്കുന്ന അപ്പച്ചൻ കോഴിക്കോട് മാവൂർ റോഡിൽ ' സ്വർഗചിത്ര" എന്ന വീട്ടിൽ നല്ല കുടുംബനാഥന്റെ വേഷത്തിൽ കഴിയുന്നു.
സിനിമയുടെ മറ്റു മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കാതെ നിർമാണം തന്നെ എന്തിന് തിരഞ്ഞെടുത്തു?
പാട്ട് പാടാനോ, അഭിനയിക്കാനോ സംവിധാനം ചെയ്യാനോ ആഗ്രഹം തോന്നിയില്ല. അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ സിനിമ കണ്ടു തുടങ്ങി. പുതുപ്പാടി ജയ ടാക്കീസിൽ കളിയോടവും ജ്ഞാനസുന്ദരിയും ഭാര്യയും കണ്ട നാൾ മുതൽ എന്റെ മനസിൽ കയറിയതാണ് നിർമാതാവിന്റെ പേര്. എന്നെങ്കിലും ഒരു സിനിമ നിർമിക്കണമെന്ന് അന്നേ ആഗ്രഹിച്ചു. പണം മുടക്കുന്ന ആളിന് ലാഭം ലഭിക്കും. നഷ്ടത്തെപ്പറ്റി ചിന്തിച്ചില്ല. പാരമ്പര്യമായി കർഷക കുടുംബമാണ്. കൃഷിയിൽനിന്ന് നല്ല വരുമാനം ലഭിക്കുന്നുണ്ട്. സിനിമയിൽ പണം മുടക്കിയാലും അതു തിരികെ ലഭിക്കുമെന്ന് സ്വഭാവികമായും ചിന്തിക്കുമല്ലോ. എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. മഹേന്ദ്രയുടെ ഡീസൽ ജീപ്പുകൾ വടക്കേ ഇന്ത്യയിൽ നിന്ന് കേരളത്തിൽ എത്തിച്ച് വില്പന നടത്തുന്നതാണ് ആ സമയത്ത് എന്റെ ജോലി. ആ പണമാണ് പൂവിനു പുതിയ പൂന്തെന്നൽ നിർമ്മിക്കാൻ മൂലധനം.നിർമിച്ചും വിതരണം ചെയ്തും നാല്പതു സിനിമകൾ.ഇതിൽ 25 ഹിറ്റുകൾ. പത്തു സിനിമകൾ ശരാശരി വിജയം നേടി. അഞ്ച് എണ്ണം പരാജയം.എന്നാൽ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തിൽ മാത്രം ഒരു സിനിമയും നിർമിച്ചില്ല.

മണ്ണ് ചതിക്കില്ലെന്ന് പറയുന്നതുപോലെ പ്രേക്ഷക വിശ്വാസം ഉറപ്പിച്ചതാണ് ഫാസിൽ- സ്വർഗചിത്ര അപ്പച്ചൻ കൂട്ടുകെട്ട്?
തുടർച്ചയായി പതിനൊന്ന് സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു.മാനത്തെ വെള്ളിത്തേര് ഒഴികെ എല്ലാം സൂപ്പർ ഹിറ്റുകൾ. ഒരു സംവിധായകനും നിർമാതാവും കൂടി ഇങ്ങനെ ഒന്നിക്കുന്നത് അപൂർവമാണ്. ആറു സിനിമകൾ ഞാൻ തന്നെ നിർമിച്ചതാണ്. മറ്റുള്ളവ ഫാസിൽ സാറും സഹോദരനും ചേർന്ന് നിർമിച്ചത്. വൈകാരികത സൂക്ഷിക്കുന്ന ആളാണ് ഞാൻ. ഫാസിൽ സാറിന്റെ സിനിമയിൽ കുടുംബ ബന്ധങ്ങളുടെ വൈകാരിക തലമുണ്ട്. പിന്നെ നല്ല പാട്ടും. പൂവിനു പുതിയ പൂന്തെന്നലിന്റെ ലൊക്കേഷനിലാണ് സിദ്ധിഖിനെയും ലാലിനെയും കാണുന്നത്. അവർ അന്ന് ഫാസിൽ സാറിന്റെ ശിഷ്യർ. ഞങ്ങൾ മൂന്നുപേരും ഒരേ മുറിയിലാണ് താമസിച്ചത്. സാധാരണ നിർമാതാവിന് സംവിധായകനായും നായകനടനായും മാത്രമേ അടുപ്പം ഉണ്ടാവൂ. ഫാസിൽ സാറിനോട് ബഹുമാനമായിരുന്നെങ്കിലും കൂടുതൽ അടുപ്പം സിദ്ധിഖിനോടും ലാലിനോടുമായിരുന്നു. ഒന്നിച്ചായിരുന്നു ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നത്.ഞാൻ നിർമിച്ച റാംജി റാവു സ്പീക്കിംഗിലൂടെ അവർ സംവിധായകരായി. ഫാസിൽ സാർ കഴിഞ്ഞാൽ എന്റെ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത് സിദ്ധിഖ് ലാലാണ്.
മലയാള സിനിമയുടെ ചരിത്രത്തിൽ സർവകാല കളക് ഷൻ റെക്കോർഡ്ഭേദിച്ചു മണിച്ചിത്രത്താഴും ഗോഡ് ഫാദറും?
രണ്ടു സിനിമയും സാമ്പത്തികപരമായും കലാപരമായും വലിയ നേട്ടങ്ങൾ തന്നു.മണിച്ചിത്രത്താഴിന് മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന പുരസ്കാരം ലഭിച്ചു.ഗോഡ്ഫാദറിനും ലഭിച്ചു ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം.ശോഭനയ്ക്ക് ദേശീയ പുരസ്കാരം. എത്രയോ ഭാഷകളിൽ മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തു. തിരുവനന്തപുരം ശ്രീകുമാർ തിയേറ്ററിൽ മണിച്ചിത്രത്താഴ് 466 ദിവസം റെഗുലർ ഷോ പ്രദർശിപ്പിച്ചു. അതു ചരിത്രസംഭവമാണ്. ഗോഡ് ഫാദർ പ്രദർശിപ്പിച്ചത് 405 ദിവസം.മണിച്ചിത്രത്താഴും ഗോഡ്ഫാദറും, അനിയത്തിപ്രാവും, റാംജിറാവു സ് പീക്കിംഗും എപ്പോൾ ചാനലിൽ വന്നാലും ജനപ്രിയതയുണ്ട്. അത് എന്നും ഉണ്ടാവും.
സിനിമയിൽ സ്വർഗചിത്ര അപ്പച്ചൻ നൽകിയ സംഭാവന എന്തായിരിക്കും?
നല്ല ഒരുപിടി സിനിമകൾ നിർമിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. നിർമിച്ചതും വിതരണം ചെയ്തതുമായ എല്ലാ സിനിമയിലും നല്ല ഒരു സന്ദേശം പറയാൻ ശ്രമിച്ചു. എല്ലാ മതസ്ഥർക്കും സ്വർഗമുണ്ട്. സുന്ദരമായ ഇടം.ചിത്രം എന്നാൽ സിനിമ. അതാണ് സ്വർഗചിത്ര. ആ ബാനറിന് ഇപ്പോഴും മൂല്യമുണ്ട്. അതു നല്ല സിനിമ നിർമിക്കുകയും പ്രതിഭാധനരായ സംവിധായകർ ഒരുക്കുകയും ചെയ്തതു കൊണ്ടുമാണ്. ഏതു താരത്തിനോട് ഞാൻ ഡേറ്റ് ചോദിച്ചാലും തരില്ലെന്ന് പറയില്ല. എല്ലാവരും എന്നെപ്പറ്റി നല്ലതു മാത്രമേ പറയുവെന്ന് ഉറപ്പാണ്. കുഞ്ചാക്കോ ബോബൻ ഉൾപ്പെടെ എത്രയോ പുതിയ താരങ്ങൾ എന്റെ സിനിമയിലൂടെ വന്നു.മഹാനായ നാടക ആചാര്യൻ എൻ. എൻ പിള്ള സാറിനെ ഇപ്പോഴും ഒാർമിക്കുന്നത് ഗോഡ് ഫാദറിലൂടെയും അഞ്ഞൂറാൻ എന്ന കഥാപാത്രത്തിലൂടെയുമാണ്. ആരെയും മനപൂർവം കൊണ്ടുവരാൻ ശ്രമിച്ചില്ല. ഒരു ബോണസ് പോലെ വന്നു ചേരുകയായിരുന്നു.

സൂക്ഷ്മായി കഥ തിരഞ്ഞെടുക്കുന്നതാണ് രീതിയെങ്കിലും പരാജയംനേരിട്ട സിനിമകൾക്ക് എന്താണ് സംഭവിച്ചത്?
തിരക്കഥയിൽ വേണ്ടത്ര ശ്രദ്ധിച്ചില്ല. വിതരണം ചെയ്ത 'പ്രജ"  പൂർണ തിരക്കഥയില്ലാതെയാണ് ചിത്രീകരിച്ചത്. രഞ്ജിയുടെ രീതി അങ്ങനെയാണ്. അതിനെ ഒരു കുറ്റമായി പറയുന്നതല്ല. ഫാസിൽ സാറും സിദ്ധിഖ് ലാലും തിരക്കഥ പൂർത്തിയായാൽ മാത്രമേ ചിത്രീകരണം ആരംഭിക്കൂ. പൂർണ തിരക്കഥ ഉണ്ടെങ്കിൽ താരങ്ങളെ നിശ്ചയിക്കാൻ കഴിയും. അപ്പോൾ സിനിമയുടെ കഥ എന്താണെന്ന് നിർമാതാവിന് അറിയാനും  കഴിയും.
വലിയ വിജയങ്ങൾ നേടിയിട്ടും ഇടവേള സംഭവിക്കാൻ എന്താണ് കാരണം?
വിജയ് സിനിമ അഴകിയ തമിഴ് മകൻ കഴിഞ്ഞു നിർമാണ മേഖലയിലേക്ക് തിരിഞ്ഞു. ഷോപ്പിംഗ് മാൾ കോഴിക്കോട് പണികഴിപ്പിച്ചു. പിന്നാലെ മറ്റൊന്നു കൂടി. തുടർന്ന് ആ മേഖലയിൽ നല്ല തിരക്കായി. മാത്രമല്ല, ഒരു കഥ ലഭിച്ചാൽ മനസിൽ കിടന്ന് പാകപ്പെടുത്തിയശേഷം നിർമാണം ആരംഭിക്കുന്നതാണ് രീതി. പെട്ടെന്ന് ഒരു കഥയുമായി വന്നാൽ എനിക്ക് സിനിമ നിർമിക്കാൻ കഴിയില്ല. നല്ല സംവിധായകർക്ക് സ്വർഗചിത്രയെ ആവശ്യമില്ല. എനിക്ക് അവരെയാണ് ആവശ്യം. ഞാനായിട്ട് അതിനു ശ്രമിച്ചിരുന്നെങ്കിൽ ഇടവേള ഉണ്ടാവില്ലായിരുന്നു.
വീണ്ടും ഒരു ഫാസിൽ സിനിമ എപ്പോൾ  ഉണ്ടാവും ?
ഫാസിൽ സാർ തീരുമാനിക്കട്ടെ.അനിയത്തി പ്രാവ് കഴിഞ്ഞു ഇരുപത്തിമൂന്നു വർഷമായി. അടുത്ത വർഷം ഫഹദ് ഫാസിൽ സിനിമ ഉണ്ടാവും. അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ഫാസിൽ സാറിനെ കാണാൻ ആദ്യമായി വീട്ടിൽ ചെന്നപ്പോൾ ഷാനുവിന് ഒരു വയസാണ്.എന്റെ എല്ലാവരവിലും ഷാനുവിന് ചോക് ളേറ്റ് ഉണ്ടാവും.ഇനി , മറന്നു പോയാൽ ആലപ്പുഴ ടൗണിൽ ഷാനുവിനെ കൂട്ടി പോവും. ഇൗ കഥകൾ നസ്റിയയ്ക്ക് അറിയാം. എന്റെ സിനിമയിൽ ഷാനു നായകനായി അഭിനയിക്കാൻ പോകുന്നത് ആദ്യം.അതിന്റെ സന്തോഷമുണ്ട്.
സിദ്ധിഖ് ലാലിനുശേഷം മറ്റൊരു പുതുമുഖസംവിധായകനെ പരിചയപ്പെടുത്തിയില്ല?
മനഃപൂർവം സംഭവിച്ചതല്ല. നല്ല കഥയുമായി ഒരാൾ പോലും വന്നില്ല. അങ്ങനെ ഒരാൾ വന്നാൽ തീർച്ചയായും സിനിമ ചെയ്യും. എന്നാൽ തമിഴിൽ ചെയ്ത വിജയ് ചിത്രം അഴകിയ തമിഴ് മകന്റെ സംവിധായകൻ ഭരതൻ നവാഗതനായിരുന്നു. അയാൾ നല്ല കഥ പറഞ്ഞു. അഴകിയ തമിഴ് മകനാണ് ഒടുവിൽ നിർമ്മിച്ചത്.
രണ്ടാം വരവിലും അപ്രതീക്ഷിതം പോലെ ആദ്യം മമ്മൂട്ടി സിനിമ ?
'വേഷം" കഴിഞ്ഞപ്പോൾ മമ്മുക്കയ്ക്ക് ഒരു ചെറിയ അഡ്വാൻസ് നൽകി. പിന്നീട് എവിടെവച്ചെങ്കിലും കാണുമ്പോൾ കടം എന്റെ കൈയിലുണ്ടെന്ന് മമ്മുക്ക തമാശ പറയും. സി. ബി. െഎയുടെ അഞ്ചാം ഭാഗം കെ.മധുവും സ്വാമിയും ചേർന്ന് ആലോചിക്കുന്നുണ്ടെന്ന് മമ്മുക്ക പറയുന്നത് നാലു വർഷം മുമ്പാണ്.നാലുമാസം മുമ്പാണ് തിരക്കഥ കൃത്യമായി വന്നത്. സി.ബി .െഎയുടെ നാലു ഭാഗങ്ങളും നന്നായി ഒാടി. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. പ്രേക്ഷകർ മാറി.ആസ്വാദന രീതി മാറി. മുമ്പ് നല്ല സിനിമ നിർമിച്ചുവെന്ന് പറയുന്നതിൽ കാര്യമില്ല. ഇപ്പോൾ എന്തു ചെയ്തു എന്നേ പ്രേക്ഷകർ വിലയിരുത്തൂ. സ്വർഗചിത്ര എന്ന ബാനർ കണ്ട് ആദ്യ ദിവസം ആള് കയറും. സിനിമ മോശമെങ്കിൽ പൂർവാധികം ശക്തിയോടെ തിരസ്കരിക്കും. ഒരു മാപ്പ് പോലും തരില്ല.
സ്വന്തം സിനിമയിൽ കാണുന്നതുപോലെ മനോഹരമാണല്ലേ കുടുംബ ജീവിതം?
എല്ലാ ദൈവാനുഗ്രഹം.മണിച്ചിത്രത്താഴ് സിനിമയ്ക്കും വീടിനുംഒരേ വയസാണ്. ഭാര്യ ലില്ലി. മൂത്തമകൻ സനീഷ് മരുമകൾ സുനിത രണ്ടാമത്തെ മകൻ മനീഷ്. മരുമകൾ സ്വപ്ന, സാറയും മിയയും പേരക്കുട്ടികൾ. ബിസിനസ് രംഗത്താണ് മക്കൾ. എല്ലാവരും ഒരേ വീട്ടിലാണ് താമസം. കൃഷി ഉപേക്ഷിച്ചില്ല. ഞാൻ വന്നത് അവിടെ നിന്നാണല്ലോ.