
പതിനെട്ടാംപടി, വരനെ ആവശ്യമുണ്ട്  എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ വഫ ഖദീജ  അഭിഭാഷകയായി എൻറോൾ ചെയ്യാൻ ഒരുങ്ങുന്നു......
മംഗലാപുരത്ത് അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമാണ് മുത്തച്ഛൻ എം.ബി. അബ്ദുൾ റഹ്മാൻ. കുട്ടിക്കാലം തൊട്ടേ ഞാൻ മുത്തച്ഛന്റെ ഒാഫീസിൽ പോകുമായിരുന്നു. മുത്തച്ഛൻ ജോലിത്തിരക്കിൽ മുഴുകുമ്പോൾ ഞാനവിടെ കളികളിൽ ഏർപ്പെടും. ഇടയ്ക്ക് ഞാൻ മുത്തച്ഛൻ ജോലി ചെയ്യുന്നത് ശ്രദ്ധിക്കും. അന്ന് തൊട്ടേ ഒരു അഭിഭാഷക ആകണമെന്ന മോഹം എന്റെയുള്ളിലുണ്ടായിരുന്നു. പിന്നീടെപ്പോഴോ വക്കീലാകണോയെന്ന കാര്യത്തിൽ ഒരു ആശയക്കുഴപ്പമുണ്ടായി. അഭിനയമെന്നത് അപ്പോഴും എന്റെ സ്വപ്നത്തിലേയുണ്ടായിരുന്നില്ല. ട്വൽത്ത് കഴിഞ്ഞപ്പോഴാണ് നിയമം പഠിക്കണമെന്ന മോഹം വീണ്ടും മനസിലേക്ക് വന്നത്. നുവൽസിൽ എൻട്രൻസ് പരീക്ഷയെഴുതി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്-കൊച്ചി) എനിക്ക് റാങ്ക് കിട്ടി. പ്ളേസ്മെന്റും അവിടെത്തന്നെയായി. അഞ്ചുവർഷം  അവിടെ പഠിച്ചു. ഇൗ വർഷമായിരുന്നു എന്റെ ഗ്രാജുവേഷൻ. കൊവിഡ് കാരണം അവസാന സെമസ്റ്റർ ഒാൺലൈനായാണ് ചെയ്തത്. അത് കഴിഞ്ഞ് എനിക്ക് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. 

കൊറിയോഗ്രാഫറായ സജ്ന  നജാം  കുടുംബ സുഹൃത്താണ്. സജ്ന ആന്റിയുടെ മകൾ റിയാ നജാം എന്റെ സ്കൂളിലാണ് പഠിച്ചത്. റിയ പതിനെട്ടാംപടിയിലെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാളായിരുന്നു. ഒാഡിഷനൊക്കെ കഴിഞ്ഞിട്ടും ഞാനവതരിപ്പിച്ച ക്യാരക്ടർ ചെയ്യാൻ ആളെ കിട്ടിയിട്ടുണ്ടായിരുന്നില്ല. കുട്ടിത്തവും നിഷ് കളങ്കതയുമുള്ള ഒരാളെയായിരുന്നു അവർക്കാവശ്യം. റിയയാണ് ശങ്കർ സാറി (ശങ്കർ രാമകൃഷ്ണൻ)നോട് എന്റെ പേര്  നിർദ്ദേശിക്കുന്നത്. പതിനെട്ടാംപടിയിൽ പുതുമുഖങ്ങളായിരുന്നു കൂടുതലും. മമ്മുക്ക സാറിന്റെയൊപ്പം എനിക്ക് കോമ്പിനേഷൻ സീനുണ്ടാകുമെന്ന് വൈകിയാണ്  അറിഞ്ഞത്. ചെറിയൊരു സീനായിരുന്നു അത്. ശങ്കർ സർ അവസാനനിമിഷം പറഞ്ഞതുകൊണ്ട് എനിക്ക് മാനസികമായി തയ്യാറെടുക്കാനൊന്നും സമയം കിട്ടിയില്ല.പതിനെട്ടാംപടിയിൽ ആദ്യമായി അഭിനയിക്കുന്നവർക്കൊപ്പം ഒരു കംഫർട്ട് സോണുണ്ടായിരുന്നു. അതേസമയം മമ്മുക്ക സാറും പൃഥ്വിരാജും ഉൾപ്പെടെയുള്ള വലിയ താരങ്ങളും. എന്നാലും എനിക്കത് നല്ലൊരു എക്സ്പീര്യൻസായിരുന്നു.
വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായ ജിതിൻ എന്റെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു. ആ ഇന്റർവ്യൂവിൽ എന്റെ മാതൃഭാഷ ബ്യാരിയാണെന്ന് പറഞ്ഞിരുന്നു.അനൂപിന് (സംവിധായകൻ അനൂപ് സത്യൻ) വ്യത്യസ്തമായ സാംസാര ശൈലിയുള്ള ഒരാളെയായിരുന്നു ആവശ്യം. അനൂപ് ഡിസിപ്ളിനുള്ള പ്രൊഫഷണലായ ഒരാളായിരുന്നു. സിനിമ റിലീസായി ഒരു വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്റെ സുഹൃത്തും വഴികാട്ടിയുമാണ് അനൂപ്. എനിക്ക് സിനിമയ്ക്കകത്തും പുറത്തുമുള്ള എന്ത് സംശയമുണ്ടെങ്കിലും ഞാൻ അനൂപിനെയാണ് വിളിക്കാറ്.

മമ്മുക്ക സാറിനൊപ്പം അഭിനയിച്ചശേഷം രണ്ടാമത്തെ സിനിമയിൽ ദുൽഖറിനോടൊപ്പം അഭിനയിക്കാൻ സാധിച്ചത് മഹാഭാഗ്യമായാണ് കരുതുന്നത്. ദുൽഖർ ഒരു സ്വീറ്റ് പേഴ്സൺ ആണ്. മമ്മുക്ക സാറിനോടൊപ്പം അഭിനയിക്കുമ്പോൾ എനിക്കല്പം പേടിയുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് അത്രയ്ക്ക് സംസാരിച്ചൊന്നുമില്ല. പക്ഷേ ദുൽഖർ തമാശ പറഞ്ഞ് നമ്മളെ കൂളാക്കും. പേടിയുണ്ടെങ്കിൽ പോലും ഒരു സുഹൃത്തിനെപ്പോലെ സംസാരിച്ച് ദുൽഖർ ആ പേടിയില്ലാതെയാക്കും.എന്റെ ജോലി എപ്പോൾ തുടങ്ങുമെന്നറിയാത്തതിനാൽ ഞാൻ പുതിയ പ്രോജക്ടുകളൊന്നും കമ്മിറ്റ് ചെയ്തില്ല.രണ്ട് സിനിമകൾ ചെയ്ത ശേഷം ഒരു ഷോർട്ട് ഫിലിമിൽ ചെറിയ ഒരു വേഷം അവതരിപ്പിച്ചു. മൂത്തോനിലഭിനയിച്ച മല്ലിക രാജുതോമസ്  തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണത്. രണ്ടുദിവസംകൊണ്ട് ഷൂട്ടിംഗ് തീർന്നു. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമാണത്.തിരുവനന്തപുരത്ത് ഹോളി ഏയ്ഞ്ചൽസ് സ്കൂളിൽ പഠിക്കുമ്പോൾ മലയാളം സംസാരിക്കാനുള്ള അവസരം അത്ര  ലഭിച്ചില്ല. വീട്ടിൽ ബ്യാരി ഭാഷയാണ് സംസാരിക്കുന്നത്. സ്കൂളിൽ ഇംഗ്ളീഷ് മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്ന് നിയമമുണ്ടായിരുന്നു. പക്ഷേ കൊച്ചിയിൽ വന്നശേഷം കുറേ മലയാളി സുഹൃത്തുക്കളെ കിട്ടി. അവർ മലയാളം സംസാരിക്കാൻ എന്നെ പ്രോത്സാഹിപ്പിച്ചു. തെറ്റിയാലും അവർ എന്നെ കറക്ട് ചെയ്യും. അവർക്കും ഇഷ്ടമാണ് എന്റെ മലയാളം കേൾക്കാൻ.അച്ഛൻ അബ്ദുൾ ഖാദർ തിരുവനന്തപുരം വെള്ളയമ്പലത്ത് 'സാൽവാഡൈൻ"  റെസ്റ്റോറന്റ് നടത്തുന്നു. അമ്മ ഷഹിദ വീട്ടമ്മ. അനിയൻമാരിൽ വഫീക്ക് അച്ഛനെ ബിസിനസിൽ സഹായിക്കുന്നു. വസീം  പത്താം ക്ളാസിൽ  പഠിക്കുന്നു.
സൈബർ ബുള്ളിയിംഗിന്എതിരെ നിയമം ശക്തമാക്കണം
'സൈബർ ബുള്ളിയിംഗിനെക്കുറിച്ച് എല്ലാവർക്കും ഒരഭിപ്രായമുണ്ടാകണം. മിക്കവരും ഏതെങ്കിലും സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലുണ്ടാവും. സൈബർ ബുള്ളിയിംഗ് മിക്കവരും നേരിടുന്ന കാര്യവുമാണ്. നമ്മളാരും അത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കരുത്. ആരെങ്കിലും സൈബർ ബുള്ളിയിംഗ് ചെയ്യുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന്  ബോദ്ധ്യപ്പെടുത്തണം. നിയമം പഠിച്ച ഒരു പെൺകുട്ടിയെന്ന നിലയിൽ സൈബർ ബുള്ളിയിംഗിനെതിരെ ഇപ്പോഴുള്ള നിയമം ശക്തമല്ലെന്നാണ് എന്റെ അഭിപ്രായം. ഒരുപാട് പഴുതുകളുണ്ട്. നിയമം കാലാനുസൃതമായി പരിഷ്കരിക്കണം." വഫ പറയുന്നു