
റാപ്പ് സംഗീതത്തിൽ പെൺശബ്ദം തീർക്കുകയാണ് ജയരാജ് വാര്യരുടെ മകൾ ഇന്ദുലേഖ....
അരുതായ്മകളെ എങ്ങനെ പ്രതിരോധിക്കാം? എങ്ങനെ തെറ്റുകളെ ശരിയാക്കാം? എന്നെല്ലാം ചോദിച്ചാൽ ഇന്ദുലേഖ രണ്ട് ആയുധങ്ങൾ മുന്നിൽ വെയ്ക്കും. ഒന്ന് പേന. മറ്റൊന്ന് മൈക്ക്. തെറ്റുകളെ പേനകൊണ്ട് വാക്കുകളാൽ വരച്ചിടും. അതിന് ആധുനികകാല സംഗീതം പകർന്ന് മിന്നൽവേഗത്തിൽ പുതുതലമുറയ്ക്കും പഴമക്കാർക്കും കൊളളുന്നതരത്തിൽ പാടി ഫലിപ്പിക്കും. അതെ, റാപ്പ് മ്യൂസിക്കിലൂടെ സാമൂഹ്യപ്രതിബദ്ധത നിറവേറ്റുകയുമാണ് ഇന്ദുലേഖ, അച്ഛൻ നടന്ന വഴിയുടെ ഒരു കൈവഴിയിലൂടെ.ഹാസ്യവും ആക്ഷേപവും അനുകരണവും സംഗീതവും അഭിനയവും ഭാഷയും ശരീരഭാഷയും ഓട്ടൻതുളളലും സിനിമയുമെല്ലാം കൃത്യമായ അനുപാതത്തിൽ ഇണക്കിച്ചേർത്ത് കാരിക്കേച്ചർ ഷോ എന്ന കലാരൂപത്തിലൂടെ മൂന്ന് പതിറ്റാണ്ടിലേറെക്കാലം വേദികളിൽ നിറഞ്ഞുനിന്ന ചലച്ചിത്രനടൻ ജയരാജ് വാര്യരുടെ മകളാണ് ഇന്ദുലേഖ.സ്ത്രീപക്ഷ ചിന്തകളുടെ ആവിഷ്കാരമായ ഇന്ദുലേഖയുടെ പെൺറാപ്പ് ഹിറ്റാണ്. സൈബർ ബുളളിയിംഗിന്റെയും  വ്യാജവാർത്തകളുടെയും കാലത്തെ റാപ്പിലൂടെ വിമർശിക്കാനൊരുങ്ങുകയാണ് പിന്നണി ഗായിക കൂടിയായ ഇന്ദുലേഖ. പൊയ്മുഖങ്ങൾ എന്നാണ് റാപ്പിന്റെ പേര്. ഇതും അടിച്ചമർത്തപ്പെട്ടവന്റെ തുറന്നു പറച്ചിലാണെന്ന് ഇന്ദുലേഖ പറയുന്നു.
റാപ്പിന്റെ  ഒരുക്കങ്ങൾ പങ്കിടുകയാണ് ഈ പാട്ടുകാരി: എങ്ങനെയാണ് റാപ്പ് സംഗീതം ഒരുക്കുന്നത്? 
റാപ്പ് മ്യൂസിക്കിൽ പരീക്ഷണം നടത്തണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, പ്രത്യേകിച്ച് പരിശീലനമൊന്നും ഇല്ലായിരുന്നു. എഴുതുന്ന ശീലമില്ലാത്തതിനാൽ ആദ്യം മടിച്ചു. റാപ്പിനോടുള്ള കൗതുകം കാരണം വരികൾ എഴുതി നോക്കി. മനസിൽ ഒരു ബീറ്റ് അതിനു മുൻപേ ഉണ്ടാകും. ആ ഒരു താളത്തിൽ വരികൾ കുറിച്ചിടും. കാര്യമായ ഉപകരണസംഗീതങ്ങൾ റാപ്പിന് വേണ്ട. ഇലക്ട്രോണിക് മ്യൂസിക് മാത്രം മതി. ഇന്റർനെറ്റിൽ അതെല്ലാം ധാരാളം ലഭ്യമാണ്. സ്റ്റുഡിയോയിൽ പോയി ചെയ്യാറില്ല. വീട്ടിൽ തന്നെ റെക്കാഡിംഗിന് ചെറിയ സ്റ്റുഡിയോ ഉണ്ട്. ഇപ്പോൾ ചെന്നൈയിൽ ആയതിനാൽ ധാരാളം സ്റ്റുഡിയോകൾ ഉണ്ട്. അതിനാൽ പുതിയ റാപ്പ് പുറത്ത് പോയി ചെയ്യണമെന്നാണ് ആഗ്രഹം. 

റെക്കാഡ് ചെയ്ത ശേഷം?
പെൺറാപ്പ് ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തത്. വലിയ സ്വീകാര്യത അതിന് ലഭിച്ചു. മലയാളത്തിൽ റാപ്പ് ചെയ്യുന്ന അധികം സ്ത്രീശബ്ദങ്ങൾ ഇല്ലാത്തതുകൊണ്ടും അത് വേറിട്ട അനുഭവമായെന്ന് പലരും പറഞ്ഞു. 
ഇനി യുട്യൂബിൽ പോസ്റ്റ് ചെയ്യാനാണ് ആഗ്രഹം. ഇന്ദുലേഖ വാര്യർ എന്നൊരു സ്വന്തം യുട്യൂബ് ചാനൽ ഉണ്ട്. ആ യൂട്യൂബിന് ഇപ്പോൾ കൂടുതൽ പേരുടെ സ്വീകാര്യതയുമുണ്ട്. 
യാത്രയിലും കമ്പമുണ്ടല്ലോ?
കുറേ യാത്രാവിശേഷങ്ങൾ യുട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. വിവാഹശേഷം രാജസ്ഥാൻ, ജയ്പൂർ, ആസാം, മേഘാലയ, ലക്നൗ, ഗ്രീസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. അവിടുത്തെ കാഴ്ചകളും വിശേഷങ്ങളുമെല്ലാം പങ്കിട്ടു. ട്രാവൽവ്ളോഗിനെക്കുറിച്ചും പലരും നല്ല അഭിപ്രായം പറഞ്ഞു. അതിനിടയിലാണ് റാപ്പിലും ഒരു കൈവെച്ചത്. 

ചെന്നൈയിലെ ജീവിതം?
ഒന്നര വർഷം മുൻപാണ് ചെന്നൈയിലെത്തിയത്. ലോക്ക്ഡൗണിന്റെ വിരസതയ്ക്കിടയിലാണ് ഇതെല്ലാം പരീക്ഷിച്ചത്. ചെന്നൈ ആവടിയിലാണ് താമസം. ഭർത്താവ് ആനന്ദ് സിവിൽ സർവീസ്  ഡിഫൻസ് വിഭാഗത്തിന്റെ അക്കൗണ്ട്സിൽ ജോലി. റാപ്പ് സംഗീതം ആനന്ദിനും വളരെ ഇഷ്ടമാണ്. എം.ബി.എ  കഴിഞ്ഞ ശേഷം ചെന്നൈയിൽ ജോലി ലഭിച്ചിരുന്നു. അപ്പോഴേയ്ക്കും ലോക്ക്ഡൗണായി. ജോലിയ്ക്ക് പോകാനും കഴിയാതായി. ഇതിനിടയിൽ അത്യാവശ്യം വീഡിയോ എഡിറ്റിംഗും പഠിച്ചു. ഇനി നവംബറിൽ നാട്ടിലെത്തണമെന്നാണ് ആഗ്രഹം. കൂടുതൽ പേർ സിനിമാമേഖലയിൽ നിന്ന് ഇന്ദുലേഖയുടെ റാപ്പിന് ലൈക്കുമായെത്തി. മോഹൻലാലും സുരേഷ് ഗോപിയുമെല്ലാം  മെസേജ് അയച്ചത് പ്രോത്സാഹനമായി.ഇന്ദുലേഖ സ്വയം എഴുതി ചിട്ടപ്പെടുത്തി പാടിയ ആ പെൺറാപ്പ് ഇതാ: '' അടുച്ചുറച്ചവീട്ടിനുള്ളിൽ ഒച്ചയെതടവിലാക്കി,ഉച്ചയും വെളിച്ചവും വിധിച്ചതല്ലയെന്നു പ്രാകികാകനൊച്ചവച്ച നേരം കാലുരണ്ടും ചക്രമാക്കിസ്വപ്നവും ഋതുക്കളും അടുപ്പിലിട്ട് ചാരമാക്കിആരു പെണ്ണിനെ അടുക്കളയ്ക്ക് കാവലാക്കി?ആര് പെൺനാക്കിൽ ഞാണുകൾ വരിഞ്ഞുകെട്ടി?പെണ്ണുപൊള്ളയെന്ന് നാടുറക്കെയേറ്റുപാടിപെണ്ണ് പൊന്നെന്ന് പെണ്ണുമാത്രമോർത്തുപാടി... ""
തൃശൂർ പെരിങ്ങാവിലെ 'സൗഗന്ധിക"ത്തിൽ അച്ഛൻ ജയരാജ് വാര്യരും അമ്മ ഉഷയും ഇന്ദുലേഖയുടെ പുതിയ പരീക്ഷണത്തിന്റെ ആഹ്ളാദത്തിലാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ കാൽഡിയൻ സ്കൂളിൽ നടന്ന ഓണപ്പാട്ടു മത്സരത്തിൽ 'ഓണക്കോടിയുടുത്തു മാനം..." എന്ന പാട്ടിന് ഒന്നാം സ്ഥാനം നേടിയ ഇന്ദുലേഖയുടെ സംഗീതലോകം പടർന്നുപന്തലിച്ചതിൽ അവർ അഭിമാനിക്കുന്നുമുണ്ട്. സിനിമയ്ക്കും റാപ്പിനും മാത്രമല്ല, പൂരത്തിന്റെ  ഹരം കൊളളുന്ന പാട്ടിനും ഇന്ദുലേഖയുടെ ശബ്ദമുണ്ടായിരുന്നു. സംഗീതത്തിലെ കാരിക്കേച്ചർ ഷോ പോലെ വ്യത്യസ്തമാകുന്നു  ഈ സംഗീതജീവിതം.2014 ൽ അപ്പോത്തി ക്കിരിയിൽ 'ഈറൻ കണ്ണിനോ" എന്ന പാട്ടിലൂടെയാണ് ഇന്ദുലേഖ ശ്രദ്ധേയയാവുന്നത്. 2018ൽ ഓട്ടോർഷ എന്ന ചിത്രത്തിൽ 'പുതുചെമ്പാ നെല്ലുകുത്തി"എന്നൊരു പാട്ടും പാടി.