
അന്തരിച്ച  നടൻ  അനിൽ മുരളിയുടെ മകൻ ആദിത്യ  അഭിനയരംഗത്തേക്ക്...
'നീ ആയിട്ടില്ലെടാ.."
മകന്റെയുള്ളിലെ സിനിമാ മോഹമറിഞ്ഞപ്പോൾ അനിൽ മുരളി ആദ്യംപറഞ്ഞ മറുപടി ഇതായിരുന്നു.
സമയമാകുമ്പോൾ ഞാൻ പറയാമെന്ന അച്ഛന്റെ വാക്കുകൾ ആദിത്യയും അനുസരിച്ചു.ആറ് മാസങ്ങൾക്കുമുൻപ് അനിൽ മുരളി മകനെ വിളിച്ചു. 'ടാ. നീ തിരിച്ച് എറണാകുളത്തേക്ക് പോര്... നമുക്ക് പരിപാടി തുടങ്ങാം. ആദിത്യ അച്ഛന്റെ അടുത്തേക്കെത്തും മുൻപേ കൊവിഡ് വന്നു.
'കൊവിഡ് കഴിഞ്ഞ് വരാമെന്ന് ഞാൻ അച്ഛനോട് പറഞ്ഞു. ആഗസ്റ്റ് പന്ത്രണ്ടിനായിരുന്നു അച്ഛന്റെ ബർത്ത്ഡേ. അന്ന് വന്നിട്ട് അച്ഛന് ഒരു സർപ്രൈസ് കൊടുക്കാമെന്നായിരുന്നു വിചാരിച്ചിരുന്നത്. പക്ഷേ ജൂലായ് 30ന് അച്ഛൻ ഞങ്ങളെ വിട്ടുപോയി. ബർത്ത് ഡേയ്ക്കും രണ്ടാഴ്ചമുൻപ്."
മകന് അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം അനിൽ മുരളി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നില്ല. അച്ഛന്റെ അടുത്ത സുഹൃത്തുക്കളായിരുന്ന സന്തോഷ് ദാമോദരനോടും ആന്റോ ജോസഫിനോടുമൊക്കെ ആദിത്യ തന്റെ ആഗ്രഹം പറഞ്ഞുകഴിഞ്ഞു.
'എന്റെ മുത്തച്ഛൻ ഒളിമ്പ്യനാണ്; റോം ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒ. ചന്ദ്രശേഖർ."മുത്തച്ഛന്റെ പാത പിന്തുടർന്ന് സ്പോർട്സിനോടാണ് ആദിത്യയ്ക്ക് ആദ്യം പ്രണയം തോന്നിയത്.'വടുതല ചിന്മയ സ്കൂളിൽ പഠിക്കുമ്പോൾ ഫുട്ബാൾ ടീം അംഗമായിരുന്നു. ബംഗളൂരു ക്രൈസ്റ്റ് കോളേജിൽ പഠിക്കുമ്പോൾ ടീം ക്യാപ്ടനായിരുന്നു."
കളിയ്ക്കിടെ സംഭവിച്ച ഒരപകടത്തെതുടർന്ന് കാലിന് പരിക്കേറ്റതിനെ തുടർന്ന് ഫുട്ബാളിനോട് താൽക്കാലികമായി വിട പറഞ്ഞു.'അഞ്ചുവർഷം മുൻപായിരുന്നു ആ അപകടം. തുടർന്ന് ഒരുവർഷത്തോളം കളിച്ചുവെങ്കിലും വേദന സഹിക്കാൻ വയ്യാതെ നിറുത്തേണ്ടിവന്നു.കാർട്ട് ഫിറ്റ് എന്ന ഹെൽത്ത് ആൻഡ് ഫിറ്റ്നസ് കമ്പനിയിൽ ഫുട്ബാൾ കോച്ചായി മൂന്നുവർഷം ജോലി ചെയ്തു. കഴിഞ്ഞമാസമാണ് ആ ജോലി വിട്ടത്."ഇപ്പോൾ ഞാൻ യു.എസിലാണ് നവംബറിൽ തിരിച്ചെത്തും. സിനിമയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്നീടുള്ള തീരുമാനം. വില്ലൻ ടച്ചുള്ള വേഷങ്ങളിൽ തിളങ്ങിയ അച്ഛനെപ്പോലെ ആദിത്യയും ആഗ്രഹിക്കുന്നത് അത്തരം വേഷങ്ങളാണ്.'എന്റെ കഴിവ് തെളിയിക്കാൻ പറ്റുന്ന വേഷങ്ങൾ ചെയ്യണം. വലിയൊരു നടനാകണം." ആദിത്യ മനസിലെ മോഹം പറയുന്നു.ആദിത്യയുടെ അമ്മ സുമ സ്റ്റേറ്റ്സിലാണ്. അനിയത്തി അരുന്ധതി ലണ്ടനിലാണ്.'അമ്മ ന്യൂയോർക്കിൽ ഒരു ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്നു. അനിയത്തി യു.കെയിൽ ലിറ്ററേച്ചർ പഠിക്കുന്നു. ഞാൻ തിരിച്ച് വന്നാലുടൻ എറണാകുളത്ത് സെറ്റിൽ ചെയ്യാനാണ് പ്ളാൻ." അച്ഛന്റെ കഥാപാത്രങ്ങളിൽ തനിക്കേറ്റവും ഇഷ്ടം ഡബിൾ ബാരലിലേതാണെന്ന് ആദിത്യ പറയുന്നു. അച്ഛൻ ശരിക്കും എങ്ങനെയാണോ അതുപോലെ തന്നെയാണ് ഡബിൾ ബാരലിലെ കഥാപാത്രവും.'കൈയിൽ വെറും ആയിരം രൂപയേയുള്ളൂ. അടിച്ചുപൊളിക്കണം" എന്ന മട്ടിൽ ആ സിനിമയിൽ പറയുന്ന ഡയലോഗ് പുള്ളി എന്റെയടുത്തുമിറക്കിയിട്ടുണ്ട്.
'അച്ഛന് സുഖമില്ലായിരുന്നുവെന്ന് അറിയാമായിരുന്നു. ട്രീറ്റ്മെന്റ് പ്ളാൻ ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഇൻഫക്ഷൻ വന്ന് എല്ലാം തകിടം മറിഞ്ഞത്. അവസാന നാളുകളിൽ അച്ഛനോടൊപ്പം കഴിയാനായതാണ് ഒരാശ്വാസം.