padavettu-team

സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ദിനത്തില്‍ സോംഗ് റെക്കോഡിംഗ് മേക്കിംഗ് വീഡിയോ പുറത്തുവിട്ട് പടവെട്ട് ടീം. 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സെന്‍സേഷന്‍ ആയി മാറിയ ഗോവിന്ദ് വസന്ത ആണ് പടവെട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ട് സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ്.

തന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് പടവെട്ട് എന്ന് ഗോവിന്ദ് വസന്ത പറഞ്ഞു. വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നത്. അന്‍വര്‍ അലിയാണ് വരികള്‍ എഴുതുന്നത്. ഗോവിന്ദിനോടൊപ്പം, ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും പാടുന്നു.

''വോയിസ് ഓഫ് വോയിസ്ലെസ്'' എന്ന മലയാളം റാപ്പ് സോംഗിലൂടെ പ്രേക്ഷക ശ്രദ്ധയാര്‍ജ്ജിച്ച വേടന്‍ ആദ്യമായി സിനിമയില്‍ പാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. വരാനിരിക്കുന്ന മലയാളം ചിത്രങ്ങളില്‍ ഇതിനോടകം ഏറ്റവും പ്രതീക്ഷ നല്‍കുന്ന ബിഗ് ബഡജറ്റ് ചിത്രമാണ് പടവെട്ട്. മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിനു ശേഷം സണ്ണി വെയ്നും ലിജു കൃഷ്ണയും വീണ്ടും ഒന്നിക്കുന്ന പടവെട്ടിനെ പറ്റി അണിയറയില്‍ നിന്നും ശുഭപ്രതീക്ഷകള്‍ ആണ് ലഭിക്കുന്നത്.

അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാരിയര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിബിന്‍ പോളാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വി.എഫ്.എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്‍ഡ്മങ്ക്‌സ്.