
ലൈഫ് ഒഫ്  ജോസൂട്ടി  ഞാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ജ്യോതികൃഷ്ണയുടെ കുടുംബ വിശേഷങ്ങൾ
ലൈഫ് ഒഫ് ജോസൂട്ടിയിൽ അഭിനയിച്ച് കഴിഞ്ഞ് നില്ക്കുന്ന സമയത്താണ് ജ്യോതികൃഷ്ണ ആദ്യമായി ദുബായിൽ വരുന്നത്. സിനിമയിൽ വലിയ ഒരു ഇടവേള വന്ന ആ കാലത്ത് ജ്യോതി ദുബായിൽ ക്ളബ് എഫ്.എമ്മിൽ ജോയിൻ ചെയ്തു.
''ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ ജോലി. അവധി ദിവസമായ വെള്ളിയാഴ്ച സുഹൃത്തുക്കൾ വിളിച്ചാലും പുറത്തേക്കെങ്ങും പോകില്ല, കിടന്നുറങ്ങും.കല്യാണം കഴിഞ്ഞ് വീണ്ടും ദുബായിലേക്ക് വന്നപ്പോഴാണ് ദുബായ് ഇങ്ങനെയാണെന്നും ഇത്രയും സ്ഥലങ്ങൾ ഇവിടെ കാണാനുണ്ടെന്നും ഇങ്ങനെയും ഇവിടെ ജീവിക്കാമെന്ന് മനസിലായത്.ജീവിതം മാറി, ജീവിതരീതികൾ മാറി. പുതിയ കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ 'പൊളി".

ദുബായ് മൊത്തം കറങ്ങി. ഇടയ്ക്ക് യൂറോപ്പിലേക്കും ഒരു ട്രിപ്പ് പോയി. ഒന്നര രണ്ട് വർഷത്തോളം ജീവിതത്തിൽ എന്നും ഒരേ കാര്യങ്ങളായിരുന്നു എനിക്ക്. രാവിലെ ഡാൻസ് ക്ളാസ്, വൈകുന്നേരം അമ്പലത്തിൽ പോകുന്നു. ചിലപ്പോൾ മാളിലോ മറ്റോ പോയാലായി. അങ്ങനെയുള്ള ഞാൻ കല്യാണം കഴിഞ്ഞ് ദുബായിൽ വന്നതോടെ പാടെ മാറി. വെറുതേയിരിക്കാൻ തീരെ നേരമില്ലെന്നായി. തിരക്കോട് തിരക്കായി.ഈ ലോക് ഡൗൺ കാലത്ത് എല്ലാവരും സമയം പോകുന്നില്ല, ബോറടിച്ചിരിക്കുകയാണെന്നൊക്കെ പറയുമ്പോൾ എനിക്കാണെങ്കിൽ സമയം തികയുന്നില്ല. മാർച്ച് മുതലേ ദുബായിൽ ലോക് ഡൗണാണ്. വീട്ടിലൊരു ക്ളീനറുണ്ടായിരുന്നു.അവരൊക്കെ ഒരുപാട്പേർക്കൊപ്പം താമസിക്കുന്നവരായതുകൊണ്ട് റിസ്കെടുക്കാൻ വയ്യാതെ അയാളെ നാട്ടിലേക്ക് പറഞ്ഞുവിട്ടു. വീടുപണി, അടുക്കളപ്പണി, മോന്റെ കാര്യങ്ങൾ നോക്കണം എല്ലാം കൂടി തീർത്താൽ തീരാത്ത പണി.
'മിക്കവാറും ഇത് കഴിയുമ്പോൾ ഞാൻ രാജിവയ്ക്കും."പൊറുതിമുട്ടി ഞാനൊരിക്കൽ അരുണിനോട് പറഞ്ഞു.മലയാളികളുടെ ഉടമസ്ഥതയിലെ ഹോട്ടൽ ശൃംഖലയായ ഫ്ളോറാ ഹോസ്പിറ്റാലിറ്റിയിലാണ്  ജോലി. നെടുമ്പാശേരി എയർപോർട്ടിലും അവർക്ക് ഹോട്ടലുണ്ട്. ഫ്ളോറാ ഹോസ്പിറ്റാലിറ്റിയിൽ ഡയറക്ടർ ഒഫ് സെയിൽസാണ് അരുൺ. അവർക്ക് ഇവിടെ അഞ്ച് ഹോട്ടലുകളുണ്ട്.ലോക് ഡൗൺ വന്നപ്പോൾ മൂന്നെണ്ണം അടച്ചിരുന്നു. ഇപ്പോൾ വീണ്ടും തുറന്നു.ധ്രുവ് ശൗര്യയെന്നാണ് മോന്റെ പേര്. അവനിപ്പോൾ ഒരു വയസ് കഴിഞ്ഞു. വിഹാൻ, അഥർവ്വ് അങ്ങനെ കുറേ പേരുകൾ ഞാൻ മോന് വേണ്ടി കണ്ടുവച്ചിരുന്നു. 'ആർക്കുവേണം ഈ പേരൊക്കെ"യെന്ന് പറഞ്ഞ് അരുൺ തന്നെ സെലക്ട് ചെയ്ത പേരാണ് ധ്രുവ് ശൗര്യ..

അരുണിന് വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് കൂടുതൽ ഇഷ്ടം. എനിക്കാണെങ്കിൽ പുറത്തുപോയി കഴിക്കാനാണിഷ്ടം. അതുകൊണ്ട് ഫിഫ്ടി ഫിഫ്ടിയാണ് കുക്കിംഗ്. അമ്പത് ശതമാനം വീട്ടിലുണ്ടാക്കിക്കഴിഞ്ഞാൽ എനിക്ക് പറ്റില്ലാന്ന് ഞാൻ പറയും, അപ്പോൾ പുറത്തുനിന്ന് കുറച്ച് വാങ്ങിക്കും.നല്ല മടിയുള്ള കൂട്ടത്തിലാണ് ഞാൻ. ക്ളീനിംഗിനൊക്കെ നല്ല മടിയാ. അപ്പോ ഞാൻ പോവുകാന്ന് പറയും. അപ്പോൾ അരുൺ ചോദിക്കും: 'എവിടെ പോവുക?"'ഞാൻ വീട്ടിൽ പോവുകാ"'പോവുകയാണെങ്കിൽ നിന്റെയീ കൊച്ചിനേം കൂടി കൊണ്ടുപൊയ്ക്കോ..." 'പറ്റൂല്ല.... വരുമ്പോൾ ഞാൻ തന്നെയല്ലേ വന്നത്? ഇതിനെ ഇവിടെ നിറുത്തിയിട്ട് ഞാൻ പോകും." 'എന്നാൽ, കുഴപ്പമില്ല. നീ പൊയ്ക്കൊ.... ലോക് ഡൗൺ കഴിഞ്ഞിട്ട് വന്നാൽ മതി." കുറച്ച് അടിയും ബഹളവുമൊക്കെയുണ്ടെങ്കിലും ഒരുപാട് പ്രശ്നങ്ങളൊന്നുമില്ലാതെ കുടുംബ ജീവിതം അങ്ങനെ പോകുന്നു.പണ്ടൊക്കെ ഞാനും അരുണും വഴക്കുണ്ടാക്കിയാൽ രണ്ട് ദിവസമൊക്കെ മിണ്ടാതിരിക്കുമായിരുന്നു. ഇപ്പോ പക്ഷേ, ഞങ്ങളുടെ വഴക്കും പിണക്കവുമൊന്നും അധികനേരം നീളില്ല. കുഞ്ഞുണ്ടാകുന്നതിന് മുൻപ് വരെ വഴക്ക് തീർക്കാൻ രണ്ടുപേരും താല്പര്യം കാണിക്കില്ല. ആവശ്യമില്ലല്ലോ രണ്ടുപേർക്കും. ഞാനങ്ങനെ നില്ക്കും. അരുണും അങ്ങനെ നില്ക്കും. പക്ഷേ, കൊച്ചായതോടെ കൂടി എന്റെ പണി പാളി. കോംപ്രമൈസ് ചെയ്തേ പറ്റൂ. മിണ്ടാതിരിക്കാൻ പറ്റില്ല.

അരുൺ ആലപ്പുഴക്കാരനാണ്. ഞാൻ തൃശൂർകാരിയും. രണ്ടിടത്തെയും പാചക രീതികൾ വ്യത്യസ്തമാണ്. കല്യാണം കഴിച്ച് വരുമ്പോൾ, എനിക്ക് പാചകം ഒട്ടുമറിയില്ലായിരുന്നു. അരുണിന് ഇഷ്ടമുള്ള വിഭവങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിച്ച് യൂട്യൂബൊക്കെ നോക്കി പഠിച്ചെടുക്കുകയായിരുന്നു. പാചകത്തിലെ തുടക്കമൊക്കെ വൻ ഫ്ളോപ്പായിരുന്നു.അരുണിന് വെജിറ്റേറിയനാണ് കൂടുതൽ ഇഷ്ടം. അവർ തമിഴ് ഫാമിലിയാണ്. സാമ്പാറൊക്കെ ഞാൻ തമിഴ് സ്റ്റൈലിനൊപ്പം അല്പം തൃശൂർ സ്റ്റൈലും കൂടി ചേർത്തുണ്ടാക്കി. കൂർക്ക മെഴുക്ക്വരട്ടി.... കഞ്ഞിയും പയറുകറിയും ചമ്മന്തിയും അരുണിന് വലിയ ഇഷ്ടമാണ്. ഇടയ്ക്കിടയ്ക്ക് ചോദിക്കും കഞ്ഞിയും പയറുകറിയും ഉണ്ടാക്കിത്തരുമോ എന്ന്.കല്യാണം കഴിഞ്ഞ സമയത്ത് എനിക്ക് പാചകം വലിയ പിടിയില്ലാതിരുന്നതുകൊണ്ട് അരുൺ നന്നായി സഹായിക്കുമായിരുന്നു. അരുണിന് പാചകം അത്യാവശ്യം അറിയാം. പിന്നെപ്പിന്നെ ഞാനും പഠിച്ചു. ആരെങ്കിലുമൊക്കെ അതിഥികളായി വീട്ടിൽ വരുന്ന ദിവസമാണെങ്കിൽ അരുൺ പച്ചക്കറികളൊക്കെ അരിഞ്ഞുതന്ന് സഹായിക്കും.

ഗർഭിണിയായിരിക്കുന്ന സമയത്ത് ഒരു തവണ ഞാൻ നാട്ടിൽ പോയിട്ട് വന്നു. ഞാൻ തിരിച്ചുവന്ന് കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും വന്നു. ഇവിടെയായിരുന്നു മോനെ പ്രസവിച്ചത്. മോന് ഒന്നര മാസമായപ്പോഴാണ് ഞങ്ങൾ തിരിച്ച് വീണ്ടും നാട്ടിലേക്ക് പോയത്.അരുൺ എല്ലാ കാര്യങ്ങൾക്കും എനിക്ക് തരുന്ന സപ്പോർട്ട് വളരെ വലുതാണ്. ഇനിയും സിനിമയിലഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അരുണിനും അത് ഇഷ്ടമാണ്. നല്ല പ്രോജക്ടുകൾ വന്നാൽ ഉറപ്പായും ചെയ്യണമെന്നാണ് അരുൺ പറയാറ്.
ഇനി വെറുതേ പേരിന് പോയി സിനിമ ചെയ്യാനില്ല. അറിയാത്ത സമയത്ത് ഒരാവശ്യവുമില്ലാതെ കുറേ മോശം സിനിമകൾ ചെയ്തിട്ടുണ്ട്. അറിഞ്ഞ് വന്നപ്പോൾ ഞാൻ ചൂസിയായി. അപ്പോൾ സിനിമകൾ കിട്ടാതെയുമായി. നല്ല സിനിമകൾ വന്നാൽ ഞാൻ ഉറപ്പായും ചെയ്യും. സിനിമയ്ക്ക് ആരെയും ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യം. അഭിനയ സാധ്യതയുള്ള നല്ല കാരക്ടർ വേഷങ്ങളാണ് ഇനി ആഗ്രഹിക്കുന്നത്. ടി.വി. സീരിയലുകളോട് താല്പര്യമില്ല.

ഞാനഭിനയിച്ച വേഷങ്ങളിൽ എനിക്കേറ്റവും ഇഷ്ടം ഞാനിലെ ലക്ഷ്മിക്കുട്ടിയാണ്. എവിടെയെങ്കിലുമൊന്ന് പാളിയാൽ ആ കഥാപാത്രത്തിന്റെ ഭംഗി മുഴുവൻ പോകുമായിരുന്നു. ടി.പി. രാജീവൻ എഴുതിയ കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും എന്ന നോവലാണ് ഞാൻ എന്ന സിനിമയ്ക്ക് ആധാരം. നോവലിലുള്ളത് മുഴുവൻ സിനിമയിലുൾപ്പെടുത്തിയിട്ടില്ല. അതിശക്തമായ കഥാപാത്രമാണ് ലക്ഷ്മിക്കുട്ടി. ഉൾക്കാഴ്ചയുള്ള പെൺകുട്ടി. 'മാർച്ചിൽ ഫ്രീയാണോ"എന്ന് ചോദിച്ച് ഒരിക്കൽ രഞ്ജിയേട്ടൻ (തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്) ഒരു മെസ്സേജയച്ചു. ഞാനപ്പോൾ 'അതേ"എന്ന് പറഞ്ഞു. പിന്നെ കുറച്ചുദിവസം കഴിഞ്ഞ് 
'കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും വാങ്ങി വായിക്കുക" എന്ന മെസേജ് വന്നു.

വായിച്ചപ്പോൾ ശക്തരായ ഒരുപാട് സ്ത്രീ കഥാപാത്രങ്ങളുണ്ട്. ലക്ഷ്മിക്കുട്ടിയുടെ വേഷം നന്നായി അഭിനയിക്കുന്നയാർക്കെങ്കിലും കൊടുക്കുമായിരിക്കുമെന്നാണ് ഞാൻ വിചാരിച്ചത്.വായിച്ചുകഴിഞ്ഞ് ഞാൻ 'വായിച്ചു" എന്നുപറഞ്ഞ് രഞ്ജിയേട്ടന് മെസേജയച്ചു.'ലക്ഷ്മിക്കുട്ടിയെക്കുറിച്ച് എന്താണ് പറയാനുള്ള"തെന്ന് തിരിച്ചു ഒരു ചോദ്യം വന്നപ്പോൾ ഞാൻ കിടുങ്ങി. കുറച്ചുനേരം ആലോചിച്ചിട്ട് ഞാൻ മറുപടി അയച്ചു'എനിക്ക് തോന്നുന്നു ഇതിൽ ഏറ്റവും കാഴ്ചയുള്ളത് അവൾക്കാണെന്ന് ".അതിന് മറുപടിയൊന്നും വന്നില്ല. ഞാനെന്തെങ്കിലും തെറ്റ് പറഞ്ഞോ, കൈവിട്ട് പോയോ എന്നൊക്കെ ഞാൻ വിചാരിച്ചു. രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ സേതുമണ്ണാർക്കാട് ഡേറ്റിന്റെ കാര്യമൊക്കെ പറഞ്ഞപ്പോഴാണ് സമാധാനമായത്.