
ലോസ്ആഞ്ചലസ് : അമേരിക്കൻ ജനതയെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായ ദിവസമാണ് നവംബർ 3. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഭരണത്തുടർച്ച ലഭിക്കുമോ ? അതോ ട്രംപിനെ അട്ടിമറിച്ച് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കുമോ ? എല്ലാത്തിനും ഉത്തരം നവംബർ 3ന് അറിയാം. പക്ഷേ, ഇക്കാര്യങ്ങളൊക്കെ ഓർത്ത് 65 ശതമാനത്തോളം അമേരിക്കക്കാരും മാനസിക പിരിമുറുക്കത്തിലാണത്രെ.
തങ്ങൾ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥി ജയിക്കുമോ ഇല്ലയോ എന്ന ടെൻഷൻ മറികടക്കാൻ ജങ്ക് ഫുഡിനെയും മദ്യത്തെയുമാണ് ഇത്തരക്കാർ തിരഞ്ഞെടുക്കുന്നത്. ഒരു അമേരിക്കൻ മാദ്ധ്യമം നടത്തിയ സർവേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഒക്ടോബർ 22നും 24നും ഇടയിൽ ഓൺലൈനായി നടന്ന സർവേയിൽ 48 ശതമാനം പേർക്ക് മുമ്പ് നടന്നതിനേക്കാൾ ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കൂടുതൽ ആകാംഷയോടെയാണ് കാണുന്നതെന്ന് കണ്ടെത്തി.
ഫലം വരുമ്പോഴുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാൻ ജങ്ക് ഫുഡാണ് ലക്ഷ്യമെന്ന് 46 ശതമാനം പേർ പറയുമ്പോൾ ആൽക്കഹോളാണ് തങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് മറ്റു ചിലർ പറയുന്നു. 26 ശതമാനം പേർ ബിയറിനോടും 23 ശതമാനം പേർ വൈനിനോടുമാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. കൊവിഡ് വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യവും ഭൂരിഭാഗം പേരെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.