
മോസ്കോ: കൊവിഡ് വാക്സിന്റെ മൂന്നാ ഘട്ട ക്ലിനിക്കൽ പരീക്ഷണം നിറുത്തിവച്ച് റഷ്യ. ആവശ്യമായ ഡോസുകൾ ലഭിക്കാത്തതിനെ തുടർന്നാണ് പരീക്ഷണം നിറുത്തിവച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പരീക്ഷണത്തിനായി തയ്യാറെടുത്തിരുന്ന 25 സന്നദ്ധപ്രവർത്തകരിൽ വാക്സിൻ ഉടൻ കുത്തിവയ്ക്കില്ലെന്നും അധികൃതർ പറഞ്ഞു.
കൊവിഡ് വാക്സിന് ആവശ്യക്കാർ ഏറെയാണെന്നും എന്നാൽ ഇതിന് ആവശ്യമായ ഡോസുകൾ ലഭ്യമാകുന്നില്ലെന്നും റഷ്യൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് വാക്സിൻ ഗവേഷണം നടത്തുന്ന ക്രോക്കസ് മെഡിക്കൽ പ്രതിനിധി പറഞ്ഞു. നവംബർ 10ന് വാക്സിൻ പരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഉപകരണങ്ങൾ ലഭ്യമാകാത്തതിനാൽ കൊവിഡ് വാക്സിൻ ഉൽപാദിപ്പിക്കുന്നതിന് തങ്ങൾ ഏറെ വെല്ലുവിളി നേരിടുന്നതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ വർഷാവസാനത്തോടു കൂടി വാക്സിൻ കുത്തിവയ്പ്പ് തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും പുടിൻ വ്യക്തമാക്കിയിരുന്നു.
ലോകത്ത് കൊവിഡ് വാക്സിൻ കണ്ടെത്തിയ ആദ്യ രാജ്യമാണ് റഷ്യ. ആഗസ്റ്റ് 19ന് ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും വികസിപ്പിച്ചെടുത്ത വാക്സിൻ സംബന്ധിച്ച വിവരങ്ങൾ റഷ്യ പുറത്തുവിടുന്നത്. വാക്സിൻ ആവശ്യമായ പരിശോധനകൾക്ക് ശേഷം പൂർണവിജയമെന്ന് കണ്ടെത്തിയെന്നും റഷ്യ അവകാശപ്പെട്ടു. ആദ്യ ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവച്ചവരിൽ വിപരീത ഫലങ്ങളില്ലെന്നതും ഏറെ പ്രതീക്ഷ നൽകുന്നു.