
തിരുവനന്തപുരം: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ വൈകിട്ടുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കൊപ്പം ബിനീഷിന്റെ അറസ്റ്റിനെ കുറിച്ചും മാദ്ധ്യമങ്ങൾ ചോദിച്ചിരുന്നു.
എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കേട്ടതിനും അവയ്ക്ക് മറുപടി നൽകിയതിനും ശേഷം മറ്റ് വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലേക്ക് കടക്കാം എന്നായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്. തുടർന്ന് ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം കേട്ട ശേഷം അതിനെല്ലാം ഒന്നിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. മുൻകൂട്ടി എഴുതി തയ്യാറാക്കിയ ദീർഘമായ മറുപടിയായിരുന്നു മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്ക് മുൻപിലായി വായിച്ചത്.
എന്നാൽ ഏറെ നേരമെടുത്ത് തന്റെ മറുപടി വായിച്ച ശേഷം, ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ അദ്ദേഹം അവഗണിക്കുകയായിരുന്നു. സമയം കഴിഞ്ഞുപോയി എന്നുപറഞ്ഞുകൊണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം വിസമ്മതിച്ചത്. 'നിങ്ങൾക്ക് ചോദിക്കാനുമുണ്ട്, എനക്ക് പറയാനുമുണ്ട്, പക്ഷെ സമയം കഴിഞ്ഞുപോയി, അതുകൊണ്ട് ഇന്നിവിടെ അവസാനിപ്പിക്കുകയാണ്'- എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ചത്.