
ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 49ാം മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ ചെന്നെെ സൂപ്പർ കിംഗ്സിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി. ഇത് പിന്തുടർന്ന ചെന്നെെ സൂപ്പർ കിംഗ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടിയാണ് വിജയിച്ചത്.
ചെന്നെെയ്ക്ക് വേണ്ടി ബാറ്റ് ചെയ്ത  രുതുരാജ് ഗെയ്ക്ക്വാഡ്  53 പന്തിൽ 72 റൺസ് നേടി മാൻ ഓഫ് ദ മാച്ചായി.  അംബതി റായുഡു 20 പന്തിൽ 38 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.  രവീന്ദ്ര ജഡേജ 11 പന്തിൽ 31 റൺസ് നേടി. ചെന്നെെ ടീം ക്യാപ്ടൻ  മഹീന്ദ്ര സിംഗ് ധോണി നാല് പന്തിൽ ഒരു റൺസ് മാത്രം നേടി പുറത്താവുകയായിരുന്നു. കൊൽക്കത്തയ്ക്ക് വേണ്ടി നിതീഷ് റാണ 61 പന്തിൽ 87 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 
ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സും  ചെന്നെെ സൂപ്പർ കിംഗ്സും തമ്മിലേറ്റുമുട്ടുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നെെയ്ക്കെതിരെ  കൊൽക്കത്ത 10 റൺസ് വിജയം നേടിയിരുന്നു.