covid-vaccine

വാഷിംഗ്ടൺ: സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് പ്രതിരോധ വാക്സിൻ ഡിസംബർ അവസാനമോ ജനുവരി ആദ്യവാരമോ പുറത്തിറക്കുമെന്ന് യു.എസ് വെെറോളജി വിദഗ്ദ്ധൻ ഡോ. ആന്റണി ഫയുസി പറഞ്ഞു. കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ലെെവ് സംവാദത്തിനിടെയാണ് ഫയുസി ഇക്കാര്യം വ്യക്തമാക്കിയത്.

"എല്ലാം ശരിയായി നടക്കുകയാണെങ്കിൽ , കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസുകൾ ഡിസംബർ അവസാനമോ ജനുവരി ആദ്യമോ അമേരിക്കയിലെ ഉയർന്ന അപകട സാദ്ധ്യതയുള്ള ചില രോഗികൾക്ക് ലഭ്യമാക്കും." ആന്റണി ഫയുസി പറഞ്ഞു. വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട ചില ട്രയൽ പരീക്ഷണങ്ങളുടെ ഫലം അടുത്ത ആഴ്ചകളിൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ ലഭ്യമാക്കിയാലും 2021 അവസാനം വരെ ജീവിതം സാധാരണ നിലയിലേക്ക് വരില്ലെന്നും ഫയുസി പറഞ്ഞു.

വാക്സിൻ നിർമാണ കമ്പനിയായ മോഡേണ അടുത്ത മാസം അവസാനഘട്ട ട്രയൽ പരീക്ഷണം നടത്തുമെന്ന് വ്യക്തമാക്കി. വാക്സിന്റെ ആദ്യ ഡേറ്റ ഒക്ടോബറിൽ പുറത്തിറക്കാനാകുമെന്ന് ഫൈസർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ നവംബർ 3ന് അമേരിക്കയിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇതിന് സാദ്ധ്യതയുള്ളു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും വാക്സിൻ ഡാറ്റ അവലോകനം ചെയ്യേണ്ടതുണ്ട്. ശേഷം അനുമതി ലഭിച്ചാൽ മാത്രമെ വാക്സിൻ വിതരണം സാദ്ധ്യമാവുകയുള്ളു.