
ബംഗളൂരു: ബംഗളൂരുവിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യലിൽ ഉറ്റുനോക്കി സി പി എം. ചോദ്യംചെയ്യൽ ഇന്നും തുടരും. ഇന്നലെ രാത്രി ഒമ്പതു മണിക്ക് അവസാനിപ്പിച്ച ചോദ്യംചെയ്യലാണ് ഇന്ന് വീണ്ടും തുടരുക. ഇന്നലെ വൈകിട്ട് ചോദ്യംചെയ്യലിന് ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നിന്നും ബിനീഷിനെ വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റിയിരുന്നു. സുരക്ഷ കണക്കിലെടുത്തായിരുന്നു നടപടി.
ലഹരി മരുന്ന് ഇടപാടിന് ഇറക്കിയ പണം എവിടെ നിന്ന് വന്നു, അതിൽ ബിനീഷിന്റെ പങ്ക് എന്താണ് എന്നീ കാര്യങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. ബിനീഷിന്റെ നിർദേശത്തെ തുടർന്നാണ് 20 പേർ ലഹരി മരുന്ന് ഇടപാടിന് പണം മുടക്കിയത് എന്ന് നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ് മൊഴി നൽകിയിരുന്നു. ഇതിലാണ് ആന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ തേടുക. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.
ലഹരിമരുന്ന് കടത്തിൽ ബിനീഷിന് ബന്ധം കണ്ടെത്തിയാൽ അതു പാർട്ടിക്ക് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. മകൻ ചെയ്യുന്ന തെറ്റിന് അച്ഛൻ ഉത്തരവാദിയല്ലെന്ന ന്യായം പൊതുസമൂഹത്തിൽ സ്വീകരിക്കപ്പെടില്ലെന്ന വിലയിരുത്തൽ പാർട്ടിയിലുണ്ട്. ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിൽ ബിനീഷ് കോടിയേരി അറസ്റ്റിലായത് സി പി എം കേന്ദ്രങ്ങളിൽ അപ്രതീക്ഷിതമായ ഞെട്ടലുണ്ടാക്കി. ചോദ്യം ചെയ്യലിന് വിധേയനാകാൻ ബംഗളൂരുവിലേക്ക് പോകുമ്പോഴും അറസ്‌റ്റ് ചെയ്യപ്പെടുമെന്ന് കോടിയേരി കരുതിയിരുന്നില്ലെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
ബിനീഷ് ഇ ഡിയുടെ കസ്റ്റഡിയിൽ ചോദ്യം ചെയ്യപ്പെടുന്ന ഓരോ ദിവസവും സി പി എമ്മിന് മറുപടി പറയുക എളുപ്പമല്ല . സാമ്പത്തികകാര്യങ്ങളാണ് ഇ ഡി അന്വേഷിക്കുന്നതെങ്കിലും ലഹരികടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന തെളിവുകൾ ഇ ഡിക്ക് കിട്ടിയാൽ പ്രതിരോധിക്കുക ബുദ്ധിമുട്ടാവും. സംസ്ഥാനത്തെ സി പി എം നേതാക്കളെയും കുടുംബത്തെയും കേന്ദ്രഏജൻസികൾ വേട്ടയാടുകയാണെന്ന മുദ്രാവാക്യം ഉയർത്തിയാലും ബിനീഷിന്റെ കാര്യത്തിൽ അത് അണികൾ ഏറ്റെടുക്കില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
ബിനീഷ് കോടിയേരിക്കെതിരെ പലതവണ ആക്ഷേപമുയർന്നിട്ടുളളതിനാൽ ഇപ്പോഴത്തെ അറസ്റ്റ് സർക്കാരിനെയോ പാർട്ടിയേയോ ബാധിക്കില്ലെന്നാണ് പാർട്ടി കരുതുന്നത്. ബിനീഷിനെ പിതാവ് ഒരിക്കലും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വാദിച്ചാവും സി പി എം മുന്നോട്ട് പോവുക. എന്ത് തെറ്റ് ചെയ്താലും പാർട്ടി സഹായിക്കാനുണ്ടാവില്ലെന്ന് കോടിയേരി നേരത്തെ പറഞ്ഞിട്ടുളളതും പ്രതിസന്ധിയിൽ അയവുണ്ടാക്കുമെന്നാണ് സി പി എം വിലയിരുത്തൽ.