sivasankar

കൊച്ചി: എൻഫോസ്‌മെന്റ് കസ്റ്റഡിയിൽ തുടരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്നും ചോദ്യം ചെയ്യും. ഇ ഡി ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ മുൻനിർത്തിയാണ് ചോദ്യങ്ങൾ. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് ലോക്കർ എടുത്തു നൽകുന്നതുമായി ബന്ധപ്പെട്ട് ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും തമ്മിൽ നടത്തിയ വാട്സാപ്പ് ചാറ്റുകൾ ഇ ഡി കണ്ടെത്തിയിരുന്നു. ശിവശങ്കർ നേരത്തെ നൽകിയ മൊഴികൾ തളളുന്നതാണ് ഈ ഡിജിറ്റൽ തെളിവുകൾ. ഇവ മുൻനിർത്തിയുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നത്.

ഇന്നലെ ഇ. ഡി. കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ നയതന്ത്ര ബാഗേജ്‌ വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കർ വിളിച്ചിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തളിൽ വ്യക്തത തേടാനും ഇ. ഡി. ശ്രമിക്കും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന കാരണത്താൽ ശിവശങ്കറിനെ പകൽ സമയം ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെ മാത്രമേ ചോദ്യം ചെയ്യാൻ അനുവാദമുളളൂ.

കോടതി നിർദേശങ്ങൾ പാലിച്ചുതന്നെയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കസ്റ്റംസ് കേസിൽ തന്റെ രഹസ്യ മൊഴിയുടെ പകർപ്പ് നൽകണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കേസിന്റെ തുടർനടപടികൾക്ക് ഈ മൊഴി അത്യാവശ്യമാണെന്നായിരുന്നു സ്വപ്‌നയുടെ വാദം. രഹസ്യ മൊഴിയുടെ പകർപ്പ് പ്രതിക്ക് നൽകരുതെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്.