
തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായതോടെ അദ്ദേഹത്തെ സർക്കാർ സർവീസിൽ നിന്ന് നീക്കിയേക്കും. സ്വപ്‌ന സുരേഷ് അടക്കമുള്ള സ്വർണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നപ്പോൾ തന്നെ ശിവശങ്കറിനെ സർക്കാർ സസ്‌പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. എൻഫോഴ്സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയായി ശിവശങ്കർ അറസ്റ്റിലായതോടെ അദ്ദേഹത്തെ ഇനി സർവീസിൽ നിലനിറുത്തുന്നത് ഉചിതമല്ലെന്ന ബോദ്ധ്യം സർക്കാരിനുണ്ട്. നിലവിൽ അദ്ദേഹം സസ്‌പെൻഷനിലാണ്.
സ്വർണക്കടത്തിൽ ഉൾപ്പെട്ട ശിവശങ്കർ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നത് എന്നതിനാൽ തന്നെ വകുപ്പുതല നടപടിയുടെ ഭാഗമായി അദ്ദേഹത്തിനെതിരെ നേരത്തെ ചുമത്തിയ കുറ്റങ്ങൾ പരിഷ്‌കരിച്ച് കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തും. ഇതാകട്ടെ സർവീസിൽ നിന്നുള്ള ശിവശങ്കറിന്റെ പുറത്താകലിലേക്കും വഴിവയ്ക്കും.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ശിവശങ്കറിന് എതിരെ വകുപ്പുതല നടപടിയുടെ ഭാഗമായി കുറ്റങ്ങൾ സർക്കാർ ചുമത്തിയത്. ഐ.ടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാർക്കിൽ സ്വപ്‌നയെ ജോലിക്ക് ശുപാർശ ചെയ്തതിലൂടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, സർക്കാരിന്റെ അറിവില്ലാതെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു, ഗുരുതര ക്രിമിനൽ കേസിൽ അറസ്റ്റിലായ പ്രതിയുമായി ബന്ധം പുലർത്തിയതിലൂടെ പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകി തുടങ്ങിയവയാണ് ശിവശങ്കറിന് നൽകിയ കുറ്റാരോപണ മെമ്മോയിൽ വ്യക്തമാക്കിയിരിക്കുന്നത്.
വകുപ്പുതല നടപടി സംബന്ധിച്ചുള്ള റിപ്പോർട്ട് ലഭിച്ച ശേഷമാകും പുതിയ കുറ്റങ്ങൾ കൂടി ചുമത്തി ശിവശങ്കറിന് നോട്ടീസ് നൽകുക. വിശദീകരണം തൃപ്തികരമല്ലാതെ വന്നാൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കും. കമ്മിഷന്റെ റിപ്പോർട്ട് പരിഗണിച്ച് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ പ്രകാരം പിഴ അടക്കമുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കാം. താരതമ്യേന ചെറിയ ശിക്ഷയായ ശാസന, ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കൽ, തരംതാഴ്‌ത്തൽ, നിർബന്ധിത വിരമിക്കൽ, സർവീസിൽ നിന്ന് നീക്കൽ എന്നിവയാണ് മറ്റ് ശിക്ഷാ നടപടികൾ. ശിവശങ്കറിന്റെ കാര്യത്തിൽ സർവീസിൽ നിന്ന് നീക്കലായിരിക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ ഉണ്ടാകുക.
ഐ.എ.എസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന് കീഴിലാണ് വരുന്നത് എന്നതിനാൽ കേന്ദ്രത്തിന് തന്നെ ശിവശങ്കറിനെ അന്വേഷണം പോലും നടത്താതെ നീക്കാൻ കഴിയും. ഉദ്യോഗസ്ഥനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കേന്ദ്രത്തെ സമീപിക്കാനുമാകും.