
റാഞ്ചി: ദുർമന്ത്രവാദികളെന്നാരോപിച്ച് ഗ്രാമവാസികൾ ഒരു കുടുംബത്തിലെ മൂന്നുപേരെ തട്ടിക്കൊണ്ടുപോയി തലവെട്ടിക്കൊന്നു. ജാർഖണ്ഡിലെ കുന്ദി ജില്ലയിലാണ് കൊടുംക്രൂരത നടന്നത്. നാൽപ്പത്തെട്ടുകാരനായ ബിർസാ മുണ്ട, ഭാര്യ സുക്രുപുർത്തി, ഇരുപതുകാരിയായ മകൾ സോംവാർ പുർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നാഴ്ചമുമ്പ് തട്ടിക്കൊണ്ടുപോയ ഇവരുടെ തലയില്ലാത്ത മൃതദേഹങ്ങൾ കഴിഞ്ഞദിവസമാണ് കണ്ടെത്തിയത് . തുടർന്ന് നടത്തിയ തെരച്ചിലിൽ തൊട്ടടുത്തുനിന്ന് അറുത്തുമാറ്റിയ തലകളും കണ്ടെടുത്തു.
ഗ്രാമത്തിലെ ഒരു നവജാതശിശു അടുത്തിടെ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൂന്നംഗ കുടുംബത്തിനെതിരെ ഗ്രാമവാസികൾ തിരിഞ്ഞത്. ഇവർ മന്ത്രവാദം നടത്തിയതാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം. തങ്ങൾ മന്ത്രവാദം നടത്തിയില്ലെന്ന് ബിർസാ മുണ്ട പറഞ്ഞെങ്കിലും ആരും വിശ്വസിച്ചിട്ടില്ല. തുടർന്നായിരുന്നു തട്ടിക്കൊണ്ടുപോയത്. കുടുംബാംഗങ്ങളെ കാണാനില്ലെന്ന വിവരം ബിർസാ മുണ്ടയുടെ മറ്റൊരു മകളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളായ മൂന്നുപേരെ അറസ്റ്റുചെയ്തു. ശേഷിക്കുന്നവർക്കുവേണ്ടി തെരച്ചിലാരംഭിച്ചു.അറസ്റ്റിലായവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ജാർഖണ്ഡിൽ ദുർമന്ത്രവാദം ആരോപിച്ച് നേരത്തേയും കൊലപാതകങ്ങൾ നടന്നിട്ടുണ്ട്.