
ന്യൂഡൽഹി: അതിർത്തി സംഘർഷം പുകയുന്നതിനിടെ സാങ്കേതികമായി പ്രതിരോധരംഗത്ത് മുന്നേറാനുളള നീക്കങ്ങളുമായി രാജ്യം. സൈനികർക്കായി സ്വന്തം മെസേജിംഗ് ആപ്പ് രൂപപ്പെടുത്തിയാണ് ഇന്ത്യയുടെ കരുനീക്കം. വോയ്സ്നോട്ട്, വീഡിയോ കോളിംഗ് ഉൾപ്പടെയുളള സേവനങ്ങൾ ഉറപ്പുവരുത്തുന്ന ആപ്പിന് സായ് എന്നാണ് പേരുനൽകിയിരിക്കുന്നത്. സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്.
രാജ്യത്തെ സൈനികർക്കിടയിൽ പരസ്‌പരമുളള ആശയവിനിമയത്തിന് ആപ്പ് വളരെയധികം ഫലപ്രദമാകുമെന്നാണ് വിലയിരുത്തൽ. സി ഇ ആർ ടിയും, ആർമി സൈബർ ഗ്രൂപ്പും ആപ്പ് സൂക്ഷ്‌മ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്‌താവനയിൽ പറയുന്നു.
വാട്സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകൾക്ക് സമാനമാണ് സായിയുടെ പ്രവർത്തനരീതി. അയക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണാനോ വായിക്കാനോ സാധിക്കില്ല. ഇതിനായി ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.