gold

ന്യൂഡൽഹി: കൊവിഡിന്റെ ആഘാതം പലരാജ്യങ്ങളെയും സാമ്പത്തികമായി പാപ്പരാക്കിയിട്ടുണ്ട്. എങ്ങനെയും ഈ പ്രതിസന്ധിയെ മറികടക്കാനാണ് അവരുടെ ശ്രമം. അതിനായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വൻതോതിൽ വിറ്റഴിക്കുകയാണ്. ജൂലായ് മുതൽ സെപ്തംബർ വരെ വിവിധ കേന്ദ്രബാങ്കുകളുടെ ശേഖരത്തിൽ 12.1 ട‌ൺ സ്വർണത്തിന്റെ കുറവുണ്ടായെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്. കഴിഞ്ഞവർഷം ഇതേസമയത്ത് 141.9 ടൺ സ്വർണം കേന്ദ്രബാങ്കുൾ വാങ്ങിയ സ്ഥാനത്താണിതെന്ന് ഓർക്കണം.

ഉസ്ബെകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിച്ചത്. ഉസ്ബെകിസ്ഥാൻ 34.9 ടൺ സ്വർണം വിറ്റപ്പോൾ തുർക്കി 22.3 ടണ്ണാണ് വിറ്റത്. പതിമൂന്ന് വർഷത്തിനിടെ ആദ്യമായി റഷ്യൻ കേന്ദ്രബാങ്കും സ്വർണം വിറ്റു.

ഒരുവശത്ത് വിൽപ്പന പൊടിപൊടിച്ചപ്പോൾ മറ്റുവശത്ത് ഇന്ത്യയുൾപ്പടെയുളള ചില രാജ്യങ്ങൾ സ്വർണം വാങ്ങിക്കൂട്ടുകയായിരുന്നു. ഇന്ത്യ 6.8 ടൺ സ്വർണമാണ് വാങ്ങിയത്. ഇന്ത്യയ്ക്ക് പുറമേ യു എ ഇ, ഖത്തർ, കിർഗിസ് റിപ്പബ്ളിക്ക്, കസാഖിസ്ഥാൻ,കംബോഡിയ എന്നീരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളാണ് സ്വർണം വാങ്ങിക്കൂട്ടിയത്. ആറ് കേന്ദ്രബാങ്കുകൾ ചേർന്ന് 33ടൺ സ്വർണമാണ് വാങ്ങിയത്.