sandeep

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസിൽ കൂടുതൽ വ്യക്തത വരുത്താൻ വിജിലൻസ് നീക്കങ്ങൾ തുടങ്ങി. ഇതിനായി സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും മൊഴി രേഖപ്പെടുത്തും. തിങ്കളാഴ്ച ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.കൈക്കൂലിയായി നൽകിയ മൊബൈൽഫോണുകളുടെ കാര്യത്തിലും വ്യക്തതേടും.

സ്വപ്നയ്ക്ക് അഞ്ച് ഐഫോണുകൾ നൽകിയതെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ മൊഴിനൽകിയിരുന്നത്. ഇതിലൊന്ന് പ്രതിപക്ഷ നേതാവിന് നൽകിയെന്നാണ് സ്വപ്ന പറഞ്ഞിരുന്നത്. സ്വപ്നയ്ക്ക് കൈമാറിയതിൽ ഏറ്റവും വിലയേറിയ ഐഫോൺ ഉപയോഗിച്ചിരുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറായിരുന്നു. മറ്റുഫോണുകൾ ജിത്തു, പ്രവീൺ, രാജീവൻ എന്നിവർക്ക് ലഭിച്ചുവെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്വപ്നയെ ചോദ്യംചെയ്യുന്നതോടെ ഇതിൽ കൂടുതൽ വ്യക്തതവരുമെന്നാണ് വിജിലൻസിന്റെ പ്രതീക്ഷ. യു എ ഇ ദിനത്തിന് സമ്മാനമായി ലഭിച്ച ഐഫോൺ അഡീഷണൽ പ്രോട്ടോക്കോൾ ഓഫീസർ രാജീവൻ സർക്കാരിന് നൽകി. പൊതുഭരണ സെക്രട്ടറിക്കാണ് ഫോൺ ഹാജരാക്കിയത്. രാജീവൻ ഫോൺവാങ്ങുന്നതിന്റെ ചിത്രങ്ങൾ പ്രതിപക്ഷനേതാവ് പുറത്തുവിട്ടിരുന്നു.

ലൈഫ് മിഷൻ അഴിമതിക്കേസിൽ സി ബി ഐ അന്വേഷണത്തെ എതിർത്ത സംസ്ഥാന സർക്കാരാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയത്. എന്നാൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. അതിനിടെയാണ് ശിവശങ്കറിനെ കഴിഞ്ഞദിവസം ഇഡി അറസ്റ്റുചെയ്തത്. അതോടെ അന്വേഷണത്തിന് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്.