
ബംഗളൂരു: എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിക്ക് സ്വന്തമായുളളത് തിരുവനന്തപുരത്തെ വീടും കണ്ണൂരിലെ സ്ഥലവും മാത്രമെന്ന് രജിസ്ട്രേഷൻ വകുപ്പ്. മൂന്ന് കമ്പനികളിൽ ഓഹരി ഉടമസ്ഥതയും ബാങ്ക് ബാലൻസും ഉണ്ടെന്ന് ബിനീഷ് അറിയിച്ചെങ്കിലും രജിസ്ട്രേഷൻ വകുപ്പിന്റെ പരിധിയിൽ വരുന്നില്ലെന്ന കാരണത്താൽ അത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്രിന്റെ നിർദേശപ്രകാരമാണ് രജിസ്‌ട്രേഷൻ വകുപ്പ് റിപ്പോർട്ട് തയ്യാറാക്കി കൈമാറിയത്.
മുദ്രവച്ച കവറിലാണ് രജിസ്ട്രേഷൻ വകുപ്പ് റിപ്പോർട്ട് കൈമാറിയത്. എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷമാണ് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനോട് ബിനീഷിന്റെ ആസ്‌തി വകകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. രജിസ്ട്രേഷൻ ഐ ജിക്കാണ് എൻഫോഴ്‌സ്‌മെന്റ് കത്ത് നൽകിയിരുന്നത്.
കണ്ണൂരിലെ ഭൂമി സ്വന്തം സമ്പാദ്യത്തിൽ നിന്നും വാങ്ങിയതല്ലെന്നും പൈതൃക സ്വത്തായി കിട്ടിയതാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. ബിനീഷിന്റെ മാത്രം സ്വത്തു വകകളുടെ വിശദാംശങ്ങൾ ആരാഞ്ഞതിനാൽ ഭാര്യയുടെ പേരിലുളള ആസ്തികൾ ഇ ഡിക്ക് കൈമാറിയ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടില്ല. റിപ്പോർട്ട് തയ്യാറാക്കും മുമ്പ് ബിനീഷിനോട് രജിസ്ട്രേഷൻ വകുപ്പ് വസ്‌തു വകകളുടെ വിശദാംശങ്ങൾ ആരാഞ്ഞിരുന്നു.
അതേസമയം അനൂപിന്റെ ഇടപാടുകൾ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചതെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ. അറസ്റ്റിന് തൊട്ടുമുമ്പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു. ലഹരി ഇടപാടിനായി പണംവന്ന അക്കൗണ്ടുകൾ ബിനീഷിന്റെ അറിവിലുളളതാണെന്നും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു. ബിനീഷിനെതിരെ കളളപ്പണ നിരോധന നിയമത്തിലെ നാല്,അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏഴ് വർഷം വരെ തടവ് ലഭിച്ചേക്കാം.