chennithala

തിരുവനന്തപുരം: സർക്കാരിന്റെയും സി പി എമ്മിന്റെയും സമ്പൂർണ തകർച്ചയാണ് ജനം കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണവും പാർട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയിലാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പരിഹിച്ചു. 'ഇന്നലെ മുഖ്യമന്ത്രി രാജിവയ്ക്കുമെന്നാണ് എല്ലാവരും കരുതിയത്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സൂൾ ആയിരുന്നു. പിണറായി വിജയന്റെ ഭരണത്തിൽ പാർട്ടി ഇന്ന് ശരശയ്യയിലാണ്. പാർട്ടിക്കോ, ഭരണത്തിനോ കൂടുതൽ ദുർഗന്ധം എന്നതുമാത്രമാണ് സംശയം.ബിനീഷിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി പ്രതികരിക്കാൻ തയാറായില്ല.മയക്കുമരുന്ന് വിൽക്കുന്ന ശക്തികളുടെ പിന്നിൽ പാർട്ടി സെക്രട്ടറിയുടെ മകനാണ്. ഇതിൽ പാർട്ടിക്കും പങ്കില്ലേ. ഈ സർക്കാർ ഒരു ഭാരമായി മാറി. സ്വർണ്ണകള്ളക്കടത്തിൽ പങ്കുള്ള കൂടുതൽ പേർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഇനിയും കൂടുതൽ ആളുകൾ കുടുങ്ങും'- ചെന്നിത്തല പറഞ്ഞു.

ഒരു ഉദ്യാേഗസ്ഥന്റെ തലയിൽ എല്ലാം കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 'ലാവ്‌ലിനിലും പിണറായി ചെയ്തത് ഇതുതന്നെയാണ്. ഇഡിയുടെ റിപ്പോർട്ടിൽ സ്വർണക്കടത്തിന് ശിവശങ്കറിന്റെ സഹായം വ്യക്തമാണ്. അതായത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം. ഇതിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ലേ? അദ്ദേഹം തുടർച്ചയായി കളളംപറയുകയാണ്. എല്ലാ അഴിമതികളും മുഖ്യമന്ത്രിയുടെ അറിവോടെ ശിവശങ്കർ ചെയ്തതാണ്'-അദ്ദേഹം വ്യക്തമാക്കി. വാളയാറിൽ നിന്ന് ഉയരുന്നത് നീതി നിഷേധത്തിന്റെ കാറ്റാണെന്നും ആ കാറ്റിൽ സർക്കാർ ഒലിച്ചുപോകുമെന്നും ചെന്നിത്തല പറഞ്ഞു.