health

മനുഷ്യശരീരത്തിൽ ത്വക്ക് കഴിഞ്ഞാൽ അന്തരീക്ഷവുമായി സമ്പർക്കം വരുന്ന അവയവമാണ് ശ്വാസകോശം. അതിനാൽ കാലാവസ്ഥയും അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ കാര്യമായി പ്രതിഫലിക്കുന്നതും ശ്വാസകോശത്തിൽ തന്നെ.

മൂക്കു മുതൽ ആൽവിയോളൈ എന്ന ചെറിയ സഞ്ചികൾ വരെ ഉൾപ്പെടുന്നതാണ് ശ്വാസകോശം. വായുവിനൊപ്പം രോഗാണുക്കൾ മുതൽ മാലിന്യം വരെ

ശ്വാസകോശത്തിലൂടെ ശരീരത്തിലെത്തുന്നു. ഇതിലൂടെ വേഗത്തിൽ രോഗാവസ്ഥയിലേക്ക് എത്താൻ സാദ്ധ്യതയുള്ള അവയവമായി മാറുന്നു.

ആസ്ത് മ

ശ്വാസകോശ രോഗങ്ങളിൽ ഭയം സൃഷ്ടിക്കുന്ന ഒന്നാണ് ആസ്ത് മ. ആസ്ത് മ രോഗിയാണെന്ന് കേൾക്കുമ്പോൾ മിക്കവരിലും ഉണ്ടാകുന്ന ചില സംശയങ്ങളുണ്ട്. കുടുംബത്തിൽ ആർക്കുമില്ലാത്ത അസുഖം എനിക്ക് എങ്ങനെ വന്നു? ഇത് പൂർണമായി മാറുമോ? ഞാൻ ഇൻഹേലർ ഉപയോഗിച്ചാൽ അത് അഡിക്ഷൻ ആകുമോ? എന്നിങ്ങനെ പോകുന്നു ആ സംശയങ്ങൾ.

ആസ്ത് മ മിക്കപ്പോഴും അലർജിയോട് കൂടി പ്രകടമാകുന്ന ഒന്നാണ്. വലിവ്, രാവിലെയും രാത്രിയിലുമുള്ള ചുമ, ശ്വാസ തടസം കാരണം ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുക, കഫത്തോടു കൂടിയ ചുമ, ഇടയ്ക്കിടെ ഉണ്ടാകുന്ന കഫക്കെട്ട് എന്നിവയാണ് ആസ്ത് മയുടെ പ്രധാന ലക്ഷണങ്ങൾ.

പ്രധാനകാരണം അലർജിയാണെങ്കിലും ആസ്ത് മ പലതരത്തിലുണ്ട്. നോൺ അലർജിക് ആസ്ത് മ, അഡൽറ്റ് ഓൺസെറ്റ ആസ്ത് മ, അമിതവണ്ണം കാരണമുള്ള ആസ്ത് മ എന്നിവയാണ് അവയിൽ പ്രധാനം.

സ്‌പെറോമെട്രി പരിശോധന

ആസ്ത് മ സ്ഥിരീകരിക്കുന്നത് സ്‌പെറോമെട്രി പരിശോധന വഴിയാണ് . ബ്രോങ്കിയൽ പ്രൊവോക്കേഷൻ ടെസ്റ്റ്, അലർജി ടെസ്റ്റ് എന്നിവയാണ് മറ്റു പരിശോധനകൾ.

മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന അസുഖമാണ് ആസ്ത് മ. ഈ നിയന്ത്രണം ചിലരിൽ വളരെ കാലം വരെ നീണ്ടുനിൽക്കാം. എന്നാൽ അണുബാധ, കാലാവസ്ഥയിലെ കാര്യമായ വ്യതിയാനം എന്നിവ ഫലം കുറയാൻ കാരണമായേയ്ക്കാം.ബ്രോങ്കോ ഡയലേറ്റർ മരുന്നുകളാണ്പ്രധാനമായും ആസ്ത് മയ്ക്ക് ഉപയോഗിക്കുന്നത്. ഇൻഹേലറാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവും.
ഡോക്ടർ നിർദ്ദേശിക്കുന്നതു പോലെ വേണം ഇൻഹേലർ ഉപയോഗിക്കാൻ. അസുഖത്തിന്റെ കാഠിന്യം അനുസരിച്ചായിരിക്കും നിർദ്ദേശം.

ഒരു ക്രമത്തിൽ മരുന്ന് ഉപയോഗിച്ചിട്ടും അസുഖം നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റ് നൂതന ചികിത്സാ രീതികളായ ബയോളജിക്കൽസ്- ഒമലിസുമബ്, ബ്രോങ്കിയൽ തെർമ്മോപ്ലാസ്റ്റി എന്നിവ സ്വീകരിക്കേണ്ടിവരും.

സി.ഒ.പി.ഡി

പുകവലിയുളളവരിൽ കണ്ടുവരുന്ന അസുഖമാണ് ക്രോണിക് ഒബ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി.ഒ.പി.ഡി) എന്ന ദീർഘകാല ശ്വാസതടസം. മരണനിരക്കിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രോഗമാണിത്. ശ്വാസനാളങ്ങൾ ചുരുങ്ങുകയും ഗ്രന്ഥികൾക്ക് വീക്കം വരികയും ചെയ്യുന്നതാണ് രോഗത്തിന്റെ അടിസ്ഥാന പ്രശ്‌നം.

പുകവലി ഏറ്റവും പ്രധാന കാരണം. പാസീവ് സ്മോക്കിംഗ് അഥവാ പുകവലിക്കുന്നവരിൽ നിന്ന് രണ്ടാം ശ്വാസം ശ്വസിക്കുന്നതും സി.ഒ.പി.ഡിക്ക് കാരണമാകാറുണ്ട്.

സ്ത്രീകളിലും സി.ഒ. പി.ഡി ധാരാളമായി കാണുന്നുണ്ട്. ഇതിനുള്ള മുഖ്യ കാരണം അടുക്കളയിലെ കരിയും പുകയുമാണ്. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണം, തിങ്ങിപ്പാർക്കൽ, വീടുകളിലെ വായു സഞ്ചാരമില്ലാത്തതും കാരണമാകാറുണ്ട്.

വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, നടക്കുമ്പോൾ അല്ലെങ്കിൽ വ്യായാമം ചെയ്യുമ്പോഴുള്ള ശ്വാസം മുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

വിന്റർ ബ്രോങ്കൈറ്റിസ്

വിന്റർ ബ്രോങ്കൈറ്റിസ് അഥവാ തണുപ്പുകാലത്ത് വർദ്ധിക്കുന്ന ചുമയും കഫക്കെട്ടും ഈ അസുഖത്തിന്റെ സാദ്ധ്യത ഉയർത്തുന്നു.

പുകവലി നിർത്തുക, ബ്രോങ്കോ ഡയലേറ്റേഴ്‌സ് എന്നിവയാണ് ഇതിനുള്ള പ്രതിവിധി. സി.ഒ.പി.ഡി രോഗികളുടെ പ്രതിരോധശേഷി പൊതുവെ കുറവായതിനാൽ അണുബാധ തടയാൻ വാക്‌സിനേഷനുകൾ ആവശ്യമാണ്.

ഇന്റർ സ്റ്റീഷ്യൽ ലംഗ് ഡിസീസ്

ഇവ അനേകം രോഗങ്ങളുടെ ഒരു കൂട്ടായ്മയാണ്. സന്ധിവാതം മുതൽ പ്രത്യക കാരണം കണ്ടുപിടിക്കാൻ കഴിയാത്ത തരം വരെ ഇന്നുണ്ട്. മൃദുവായ ശ്വാസതടസ്സം, നടക്കുമ്പോഴുള്ള ശ്വാസംമുട്ടൽ, വരണ്ട ചുമ എന്നിവയാണ് ആരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണമുള്ളവർ ശ്വാസകോശത്തിന്റെ പ്രവർത്തന ക്ഷമതയും സ്‌കാനും (ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം) എടുക്കേണ്ടതാണ്. രോഗ നിർണയ ശേഷം വർദ്ധിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം.

ന്യുമോണിയ

അനേകം ആൽവിയോകളെ ബാധിക്കുന്ന അണുബാധയാണ് ന്യൂമോണിയ. ശക്തിയായ പനി, കഫക്കെട്ട്, വിറയൽ, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗിയുടെ ശാരീരിക ഘടനയെ ആശ്രയിച്ചിരിക്കും ന്യുമോണിയയുടെ ശക്തി. പ്രമേഹം, സി.ഒ.പി.ഡി വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയുള്ളവരിൽ ശക്തിയായ ന്യുമോണിയ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കഠിനമായ ന്യൂമോണിയ ഉണ്ടായാൽ അണുബാധ രക്തത്തിലേക്ക് പടരാൻ സാദ്ധ്യത കൂടുതലാണ്. അതിനാൽ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറെ കാണാൻ പ്രത്യേകം ശ്രദ്ധിക്കണം.

ക്ഷയം

ആരോഗ്യം ക്ഷയിക്കുമ്പോഴാണ് ക്ഷയത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ചുമ, പനി, ശരീരഭാരം കുറയുക, രക്തം തുപ്പുക, കഴലകൾ വരുക എന്നിവയാണ് രോഗലക്ഷണങ്ങൾ. ചെസ്റ്റ് എക്‌സ്-റേ, കഫ പരിശോധന എന്നിവയിലൂടെ അണുക്കളെ കണ്ടെത്തിയാൽ ആന്റി ടിബി ട്രീറ്റമെന്റ് 6 മാസം എടുത്താൽ അസുഖത്തെ പൂർണ്ണമായും കീഴ്പ്പെടുത്താനാകും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ചുമ ക്ഷയത്തിന്റെ പ്രാഥമിക സൂചനയാണ്. ചികിത്സയിലുള്ള രോഗികൾ ശരീരത്തിന്റെ പ്രതിരോധംശേഷി കൂട്ടുകയും വേണം. ഇതിനായി നല്ല ആഹാരം, നിത്യ വ്യായാമം എന്നിവ ആവശ്യമാണ്.

ഡോ. ടി. വി. അശ്വതി

പൽമനോളജി ആൻഡ് അലർജി കൺസൾട്ടന്റ്

എസ്.യു.ടി ഹോസ് പിറ്റൽ, പട്ടം,​ തിരുവനന്തപുരം