
മലെർകോട്‌ല: അഖ്സാ മസ്‌ജിദ് പരിസരത്തിലെ കൂവളത്തിലെ ഇലകൾ പറിച്ചാണ് അടുത്തുളള ലക്ഷ്‌മി നാരായൺ ക്ഷേത്രത്തിലെ മഹാദേവന് പൂജ ചെയ്യുക. മസ്‌ജിദിലെ അസാൻ പ്രാർത്ഥന നടക്കുക ക്ഷേത്രത്തിലെ ദീപാരാധനയ്‌ക്ക് ശേഷവുമാണ്. മസ്‌ജിദിലെ മൗലവി ക്ഷേത്രശാന്തിയെ 'റാം റാം..' എന്ന് ആശംസിച്ചാണ് ഓരോ ദിനവും ആരംഭിക്കുക തന്നെ. ദീപാവലിക്കും ഈദിനും പരസ്‌പരം മധുരപലഹാരങ്ങൾ കൈമാറുകയും ചെയ്യും. പഞ്ചാബിലെ മലെർകോട്ലയിലാണ് ഒരു മതിലിന് ഇരുപുറവുമായി ക്ഷേത്രവും മസ്‌ജിദും സ്ഥിതിചെയ്യുന്നത്. ഒരു ഇലക്ഷനും ഒരു രാഷ്‌ട്രീയക്കാരനും തങ്ങളുടെ ബന്ധത്തെ തകർക്കാനാകില്ലെന്നാണ് മൗലവിയും പൂജാരിയും പറയുന്നത്.
അയോദ്ധ്യയ്‌ക്ക് സമാനമായ സാഹചര്യമാണ് ഇരു ദേവാലയങ്ങളും തമ്മിൽ എന്നാൽ ശാന്തിയും സമാധാനവും വിളയുന്ന അയോദ്ധ്യയാണിവിടമെന്നാണ് ഇരുവരും പറയുന്നത്. 26 വയസുകാരനായ ചേതൻ ശർമ്മയാണ് ക്ഷേത്ര പൂജാരി. 26കാരനായ മുഹമ്മദ് ഹാഷിമാണ് മസ്‌ജിദ് മൗലവി. ആവശ്യങ്ങൾക്കെല്ലാം സഹായവും സഹകരണവും നൽകി രണ്ട് ദേവാലയങ്ങളിലെയും കാര്യങ്ങൾ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നെന്ന് ഇരുവരും പറയുന്നു. രാജ്യത്തിന്റെ യഥാർത്ഥ മതസൗഹാർദ്ദം ഇവിടെ ദർശിക്കാനാകും. ഇരു ദേവാലയങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രശ്‌നം സൃഷ്‌ടിക്കുന്നവരെ അകറ്റാനാണിത്.
അൻപത് വർഷം മുൻപാണ് മസ്‌ജിദ് ഇവിടെ സ്ഥാപിച്ചത്.എന്നാൽ ക്ഷേത്രം സ്ഥാപിച്ചത് 2016ലാണ്. റംസാൻ കാലത്ത് നമസ്‌കാരത്തിനും മറ്റ് ചടങ്ങുകൾക്കും മതിയായ സ്ഥലം ക്ഷേത്രഭാരവാഹികൾ ഉറപ്പാക്കി നൽകും. രാഷ്‌ട്രീയത്തിനും വർഗീയതയ്‌ക്കും ഇടമില്ലാതെ ക്ഷേത്രവും മസ്‌ജിദും മലെർകോട്‌ലയിൽ തുടരുകയാണ്.