mahathir-mohamad

പാരിസ്: മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ വിവാദ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തു. ട്വീറ്റിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് നടപടി. മഹാതിർ മുഹമ്മദിന്റെ ട്വിറ്റർ അക്കൗണ്ട് താത്ക്കാലികമായി നിർത്തിവയ്‌ക്കാൻ ഫ്രാൻസിന്റെ ഡിജിറ്റൽ വിഭാഗം സെക്രട്ടറി സെഡ്രിക് ഓ ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

'ഞാൻ ട്വിറ്ററിന്റെ ഫ്രാൻസിലെ മാനേജിംഗ് ഡയറക്ടറുമായി സംസാരിച്ചു. മുൻ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദിന്റെ അക്കൗണ്ട് ഉടൻ സസ്പെൻഡ് ചെയ്യണം. ഇല്ലെങ്കിൽ കൊലപാതകത്തിനുള്ള ഔദ്യോഗിക ആഹ്വാനത്തിൽ ട്വിറ്ററും പങ്കാളിയാകും' എന്നായിരുന്നു സെഡ്രിക് ഓ ട്വീറ്റ് ചെയ്‌തത്.

മുൻകാലങ്ങളിൽ ദശലക്ഷകണക്കിന് മുസ്ലിം ജനങ്ങളെ ഫ്രഞ്ചുകാർ കൊന്നൊടുക്കിയിട്ടുണ്ടെന്നായിരുന്നു 95കാരനായ മഹാതിർ മുഹമ്മദിന്റെ ട്വീറ്റ്. ഫ്രഞ്ചുകാർ അവരുടെ ചരിത്രത്തിൽ ദശലക്ഷകണക്കിന് ആളുകളെ കൊന്നിട്ടുണ്ട്. പലരും മുസ്ലീങ്ങളായിരുന്നു. ഇതിനാൽ കോപിക്കാനും ദശലക്ഷകണക്കിന് ഫ്രഞ്ചുകാരെ കൊല്ലാനും മുസ്ലിം ജനതയ്ക്ക് അവകാശമുണ്ട് എന്നായിരുന്നു മഹാതിർ മുഹമ്മദ് ട്വീറ്റ് ചെയ്‌തത്.

കണ്ണിന് പകരം കണ്ണെന്ന നിയമം മുസ്ലിം സമൂഹം ഇത് വരെ സ്വീകരിച്ചിട്ടില്ലെന്നും മഹാതിർ മുന്നറിയിപ്പ് നൽകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശങ്ങൾക്കെതിരെയും മഹാതിർ രംഗത്തെത്തിയിരുന്നു. മാക്രോൺ പരിഷ്‌കൃതനായ നേതാവല്ല. ഇസ്ലാമിനെ അപമാനിച്ച അദ്ധ്യാപകനെ കൊന്ന സംഭവത്തിൽ മാക്രോൺ മുഴുവൻ ഇസ്ലാം വിശ്വസികളെയും കുറ്റപ്പെടുത്തുകയാണ്. മാക്രോൺ എല്ലാ മുസ്ലിം മതവിശ്വാസികളെയും കുറ്റപ്പെടുത്തിയതിനാൽ മുസ്ലിം ജനതയ്ക്ക് ഫ്രഞ്ചുകാരെ ശിക്ഷിക്കാൻ അധികാരമുണ്ടെന്നും മഹാതിർ പറഞ്ഞു.