
കട്ടപ്പന: വീട്ടുമുറ്റവും വീടിനോടുചേർന്നുള്ള 12 സെന്റ് സ്ഥലവും ഏദൻതോട്ടമാക്കി മാറ്റിയ ലൂസി തോമസിന് ജില്ലയിലെ മികച്ച കർഷകയ്ക്കുള്ള പുരസ്‌കാരം. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയിലെ ഓണത്തിന് ഒരുമുറം പച്ചക്കറി വിഭാഗത്തിലാണ് കട്ടപ്പന പിരിയാനിക്കൽ തോമസ് ജോസിന്റെ ഭാര്യ ലൂസി തോമസ് പുരസ്‌കാരത്തിന് അർഹയായത്. സവാള, ഉള്ളി, ക്യാരറ്റ് എന്നിവ അടക്കം 35ൽപ്പരം ഇനം പച്ചക്കറികളാണ് വീട്ടമ്മ കൃഷി ചെയ്യുന്നത്.
ജൈവക്കൃഷി രീതിയിൽ മികച്ച പരിപാലനത്തിലൂടെ മെച്ചപ്പെട്ട വിളവാണ് ലഭിക്കുന്നത്. മുളക്, മഞ്ഞൾ, പിരിയൻ മുളക്(കാശ്മീരി ചില്ലി) അടക്കം വിളവെടുത്ത് പൊടിച്ച് വീട്ടാവശ്യത്തിനായി ഉപയോഗിച്ചുവരുന്നു. മൂന്നുവർഷത്തിലധികമായി വീട്ടിൽ പുറത്തുനിന്ന് പച്ചക്കറി വാങ്ങിയിട്ടില്ല.പാവൽ, പടവലം, അച്ചിങ്ങ പയർ, ബീൻസ്, വഴുതന, വെണ്ടയ്ക്ക, ബീറ്റ്റൂട്ട്, കാബേജ്, ഔഷധഗുണമുള്ള കെയിൽ, വിവിധയിനം ചീരകൾ, തക്കാളി, മത്തങ്ങ, കോവയ്ക്ക, ഉരുളക്കിഴങ്ങ്, ചേന, ചേമ്പ്, കറിവേപ്പില, മല്ലിയില, കാന്താരി, ഇഞ്ചി, കുമ്പളങ്ങ തുടങ്ങിയവയ്ക്ക് പുറമേ വിവിധയിനം വാഴകളും ഫലവൃക്ഷങ്ങളും കൃഷി ചെയ്തുവരുന്നു.
പച്ചിലകളും വേപ്പിൻ പിണ്ണാക്കും ചാണകവും മണ്ണിര കമ്പോസ്റ്റുമാണ് പ്രധാനമായും വളമായി പ്രയോഗിക്കുന്നത്. വേപ്പിൻ പിണ്ണാക്കും വേപ്പെണ്ണയും വെളുത്തുള്ളി കഷായവും ഉപയോഗിച്ച് കീടങ്ങളെയും പ്രതിരോധിക്കുന്നു. അയൽവാസികൾക്കും ബന്ധുക്കൾക്കും നൽകി മിച്ചമുള്ള പച്ചക്കറികൾ കട്ടപ്പനയിലെ കാർഷിക വിപണിയിലും വിൽക്കുന്നുണ്ട്. ജില്ലാതല അവാർഡ് ലഭിച്ചതോടെ ലൂസി തോമസ് സംസ്ഥാനതല പുരസ്‌കാരത്തിനും പരിഗണിക്കപ്പെട്ടിട്ടുണ്ട്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ അനീഷ് കൃഷ്ണൻ, സുരേഷ് നീലാംബരി, സോണി ജോസഫ് എന്നിവർ വീട്ടിലെത്തി വീട്ടമ്മയെ അഭിനന്ദിച്ചു.