pig

കോഴിക്കാേട്: ജില്ലയിലെ കൂരാച്ചുണ്ടിൽ വീട്ടിലെ കിടപ്പുമുറിയിലേക്ക് പാഞ്ഞുകയറിയ രണ്ട് കാട്ടുപന്നികളെയും വെടിവച്ചുകൊന്നു. ഒരു പന്നിയെ തോക്ക് ലൈസൻസുളള ഒരാളും രണ്ടാമത്തെ പന്നിയെ വനംവകുപ്പധികൃതരുമാണ് കൊന്നത്. ഇന്നുരാവിലെയാണ് ഏഴുമണിയോടെയാണ് കൂരാച്ചുണ്ട് പൂവത്തുംചോല പാലമലയിൽ മോഹനന്റെ വീട്ടിലെ കിടപ്പുമുറിയിലേക്ക് പന്നികൾ ഓടിക്കയറിയത്. ഇതോടെ ഭയന്ന വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി. വനംവകുപ്പിനെയും വിവരമറിയിച്ചു.

ഇതിനിടെ പന്നിശല്യത്തിൽ നിന്ന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കാൻ തുടങ്ങി. ഡി എഫ് ഒ വരാതെ പന്നികളെ തുറന്നുവിടില്ലെന്നും അവർ നിലപാടെടുത്തു. ഡി എഫ് ഒ എത്തിയശേഷം പന്നികളെ മയക്കുവെടിവച്ച് പുറത്തെത്തിച്ച് കൊല്ലണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.

അല്പം കഴിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തി.അപകടകാരികളായ പന്നികളെ വെടിവച്ചുകൊല്ലാൻ നിയമതടസമില്ലെന്ന നിലപാടിലായിരുന്നു ഡി എഫ് ഒ. വീട്ടിനുളളിൽ അതിക്രമിച്ചുകയറിയാൽ അപകടകാരികളെന്ന വിഭാഗത്തിൽ പെടുത്താവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് ലൈസൻസുളള ഒരാളെ കൊണ്ടുവന്ന് ഒരു പന്നിയെ വെടിവച്ചുകൊന്നത്. വനംവകുപ്പാണ് രണ്ടാമത്ത പന്നിയെ വെടിവച്ചുകൊന്നത്. കിടപ്പുമുറിക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

വനവനമേഖലയോട് അടുത്ത ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരെ നിരവധി തവണ പരാതികൾ ഉന്നയിച്ചിട്ടും കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.