
കൊച്ചി: കേരളപ്പിറവി ആഘോഷങ്ങളോട് അനുബന്ധിച്ച് ഇടപാടുകാർക്ക് ആകർഷക ഇളവുകളുമായി പീപ്പിൾസ് അർബൻ സഹകരണ ബാങ്ക്. 2020 ഫെബ്രുവരി 28 വരെയുള്ള കണക്കുപ്രകാരം നിഷ്‌ക്രിയ ആസ്‌തിയല്ലാത്ത (എൻ.പി.എ) വായ്‌പകൾക്ക് മോറട്ടോറിയം ലഭ്യമാണ്.
ഇക്കാലയളവിൽ റിക്കവറി നടപടികൾ നിറുത്തിവയ്ക്കാനും മോറട്ടോറിയം കാലയളവിലെ വായ്‌പാ തിരിച്ചടവ് വീഴ്‌ച, ഇടപാടുകാരന്റെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കാത്തവിധം ഫെബ്രുവരി 29ലെ സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കാനും ബാങ്ക് തീരുമാനിച്ചുവെന്ന് ചെയർമാൻ സി.എൻ. സുന്ദരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മോറട്ടോറിയം കാലയളവിൽ വായ്‌പ തിരിച്ചടച്ചവർക്ക് പലിശയുടെ 10 ശതമാനം റിബേറ്റ് നൽകും. മോറട്ടോറിയം ആഗസ്‌റ്റ് 31ന് അവസാനിച്ച പശ്‌ചാത്തലത്തിൽ വായ്‌പാ പുനഃക്രമീകരണ വ്യവസ്ഥകളും ബാങ്ക് പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്‌തംബർ ഒന്നുമുതൽ പലിശസഹിതം വായ്‌പകൾ തിരിച്ചടയ്ക്കണം. സെപ്‌തംബർ മുതൽ എൻ.പി.എ നിബന്ധനകൾ കൃത്യമായി പാലിച്ച് വായ്‌പകൾ തരംതിരിക്കുന്നുണ്ട്. വായ്‌പാ റിക്കവറി നടപടികളും പുനരാരംഭിക്കും. ഫെബ്രുവരി 28 പ്രകാരം സ്‌റ്റാൻഡേർഡ് അസറ്റായി (പി.എ) തരംതിരിച്ച വായ്‌പകളിൽ ടേം ലോൺ, കാഷ് ക്രെഡിറ്റ് വായ്‌പകൾക്ക് പ്രത്യേകം മാനദണ്ഡപ്രകാരം തിരിച്ചടവ് പുനഃക്രമീകരിക്കും.
ഡിസംബർ 31 വരെ വായ്‌പ തിരിച്ചടയ്ക്കുന്നവർക്ക്, മോറട്ടോറിയം കാലാവധിക്ക് ശേഷമുള്ള കുടിശികയ്ക്ക് പിഴപ്പലിശ ഈടാക്കില്ല. കൊവിഡിൽ പ്രതിസന്ധിയിലായ എൻ.പി.എ ആയതുൾപ്പെടെയുള്ള വായ്‌പകൾ ഡിസംബർ 31നകം ഗഡുക്കൾ തിരിച്ചടച്ച് പി.എ. ആയി ക്ളാസിഫൈ ചെയ്‌താൽ അടച്ച പലിശയുടെ 10 ശതമാനം വൺടൈം സെറ്റിൽമെന്റായി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് ആശ്വാസ് ഗോൾഡ് ലോൺ, നാലു ശതമാനം പലിശയ്ക്ക് സ്വർണപ്പണയ വായ്‌പ, പലിശരഹിത വിദ്യാഭ്യാസ വായ്‌പ എന്നീ പദ്ധതികളും ബാങ്ക് അവതരിപ്പിച്ചിരുന്നു. പത്രസമ്മേളനത്തിൽ ഡയറക്‌ടർമാരായ ദാസൻ, സാജു, പദ്മിനി, മല്ലിക സ്‌റ്റാലിൻ, എ.ജി.എം. മേഴ്‌സി മാളിയേക്കൽ, വൈസ് ചെയർമാൻ കെ.ടി. സൈഗാൾ, ജനറൽ മാനേജർ കെ. ജയപ്രസാദ് എന്നിവരും സംബന്ധിച്ചു.