
മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വിക്രം വേദയിലൂടെ പ്രശസ്തയായ ശ്രദ്ധ ശ്രീനാഥ്  നായികയാകുന്നു. ആസിഫ് അലി നായകനായ കോഹിന്നൂരിലൂടെയാണ് ശ്രദ്ധ മലയാളത്തിലെത്തിയത്.
18 കോടി ബഡ്ജറ്റിലാണ്  മോഹൻലാൽ  ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്. പുലി മുരുകനുശേഷം ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന മോഹൻലാൽ ചിത്രമെന്ന  പ്രത്യേകതയും  ഇതിനുണ്ട്.  ദൃശ്യം 2 വിന്റെ ചിത്രീകരണത്തിന് ശേഷം നവംബർ അവസാനത്തോടെയാണ് മോഹൻലാൽ ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം ആരംഭിക്കുക. ആക്ഷനും കോമഡിക്കും ഒരേപോലെ പ്രാധാന്യം നൽകുന്നതായിരിക്കും പുതിയ ചിത്രമെന്ന് ബി. ഉണ്ണിക്കൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ബി. ഉണ്ണിക്കൃഷ്ണനുവേണ്ടി ആദ്യമായിട്ടാണ് ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്നത്. മോഹൻലാലിനെ വച്ച് ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്.വില്ലനാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.