
മുംബയ്: നടപ്പ് സാമ്പത്തികവർഷത്തിലെ ആദ്യ അഞ്ച് മാസത്തിൽ ക്രെഡിറ്റ് കാർഡ് വിതരണത്തിൽ നെഗറ്റീവ് വളർച്ചയെന്ന് ചൂണ്ടിക്കാട്ടി ക്രെഡിറ്റ് കാർഡ് ഡാറ്റ പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ക്രെഡിറ്റ് കാർഡുകൾ വഴിയുളള ബാങ്ക്‌ലോൺ കുടിശ്ശിക ഒരു ലക്ഷം കോടിയായെന്ന് ഡാറ്റയിൽ സൂചിപ്പിക്കുന്നു. വായ്‌പാ കുടിശിക വരുത്തിയ ചരിത്രമുളളവർക്ക് ക്രെഡിറ്റ് കാർഡുകൾ നൽകാൻ ബാങ്കുകൾ മടിക്കുകയാണ്. വളരെ കുറച്ച് ക്രെഡിറ്റ് കാർഡുകളേ ഇക്കാലയളവിൽ ബാങ്കുകൾ പുറത്തിറക്കിയുളളൂ.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനാണ് ഇത്തരത്തിൽ ലോൺ കുടിശ്ശികയുളളതിൽ ഒന്നാം സ്ഥാനം. രാജ്യത്തെ രണ്ടാമത് വലിയ കാർഡ് വിതരണ ബാങ്കുമാണിത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ക്രെഡിറ്റ് കാർഡ് ലോൺ തിരിച്ചടവ് കുടിശിക ഇരട്ടിയായി 4.29 ശതമാനമായി. കേന്ദ്ര സർക്കാർ ആറ് മാസത്തെ മൊറട്ടോറിയം നൽകിയതിന് പുറമേയാണ് ഈ ലോൺ കുടിശ്ശിക വർദ്ധന. നിലവിൽ ജോലി നഷ്‌ടം കാരണമോ വരുമാന നഷ്‌ടം കാരണമോ വായ്‌പ തിരിച്ചടക്കാൻ കഴിയാത്തവർക്ക് ബാങ്കുകൾ ലോൺ തിരിച്ചടവ് പുനക്രമീകരിച്ച് കൊടുക്കുകയാണ്.
ഒരു ലക്ഷം കോടി ബാങ്ക്ലോൺ കുടിശ്ശിക ഉയരാൻ കാരണം കൊവിഡ്-19 മൂലമുണ്ടായ സാമ്പത്തിക മാന്ദ്യമാണ്. കൂടുതൽ ജനങ്ങൾ പണം തിരിച്ചടക്കാതെ വരുമ്പോൾ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് വായ്‌പയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരുത്താൻ ഇടയായേക്കും. കഴിഞ്ഞ വർഷം ഈ സമയം 10 ശതമാനം വളർച്ചയാണ് ക്രെഡിറ്റ് കാർഡ് വായ്‌പയിൽ ബാങ്കുകൾ നേടിയത്.
ലോകമാകെയുളള ബാങ്കുകൾ കൊവിഡ് മൂലമുളള സാമ്പത്തിക മാന്ദ്യം കാരണം തിരിച്ചടവിൽ കുറവ് നേരിടുകയാണിപ്പോൾ. സാമ്പത്തികമാന്ദ്യം നീളുന്നതുവരെ ഭൂരിഭാഗം ജനങ്ങളും തിരിച്ചടവ് മുടക്കാനാണ് സാദ്ധ്യതയെന്ന് ബാങ്കുകൾ കണക്കുകൂട്ടുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ക്രെഡിറ്റ് കാർഡുകൾ വഴിയുളള ബാങ്ക്‌ലോൺ കുടിശ്ശിക ഉയർന്നതോതിൽ തുടരാൻ ഇടയില്ലെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ബാങ്കുകൾ രണ്ട് വർഷത്തേക്ക് തിരിച്ചടവ് ക്രമപ്പെടുത്തി നൽകിയതാണ് കാരണം.
വരുന്ന രണ്ട് വർഷത്തേക്ക് വായ്പാ തിരിച്ചടവിൽ വീഴ്‌ചകൾ വരുത്തുന്നത് തുടരാൻ തന്നെയാണ് സാദ്ധ്യതയെന്നാണ് റിസർവ് ബാങ്ക് പുറത്തിറക്കിയ ഡാറ്റയിൽ നിന്നും മനസ്സിലാക്കേണ്ടത്. ഈ അവസ്ഥയെ പ്രതിരോധിക്കാൻ അടുത്ത രണ്ട് വർഷത്തേക്ക് കരുതൽ ശേഖരം 10 ശതമാനം വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും നിർദ്ദേശിച്ചു കഴിഞ്ഞു.