cyber-bullying

വെല്ലിംഗ്ടൺ: കൊവിഡ് പ്രതിരോധ പ്രവ‌ർത്തനങ്ങളിലൂടെ ലോകജനതയ്ക്ക് മാതൃകയായി മാറിയ ജസിന്ത ആർഡേൻ രണ്ടാം തവണയും മികച്ച ഭൂരിപക്ഷത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ ജസിന്ത ഉൾപ്പെടെയുള്ള വനിതാ സ്ഥാനാർത്ഥികൾ കടുത്ത സൈബർ ആക്രമണത്തിന് ഇരയായെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രണ്ട് ലക്ഷത്തോളം ട്വീറ്റുകളാണ് വനിതാ സ്ഥാനാർത്ഥികളെ ഇകഴ്ത്തിക്കാണിക്കുന്നതിനായി പോസ്റ്റ് ചെയ്യപ്പെട്ടത്.

പാരിറ്റി ബോട്ട് എന്ന സ്വതന്ത്ര സംഘടനയാണ് ഈ കണ്ടെത്തൽ നടത്തിയത്. അധിക്ഷേപ ട്വീറ്റുകളിൽ ഭൂരിഭാഗവും ജസിന്ത അർഡേനെയും എതിർ സ്ഥാനാർത്ഥി ജൂഡിത്ത് കോളിൻസിനേയും ലക്ഷ്യം വച്ചുള്ളതായിരുന്നു എന്ന് ദ ന്യൂസിലൻഡ് ഹെറാൾഡ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മെഷീൺ ലേണിംഗിന്റെ സഹായത്തോടെ ട്വീറ്റുകൾ ഫിൽറ്റർ ചെയ്താണ് കണ്ടെത്തൽ നടത്തിയതെന്ന് സാങ്കേതിക വിദഗ്ദ്ധയായ ജാക്വിലിൻ കോമർ പറഞ്ഞു. എന്നാൽ പുരുഷ സ്ഥാനാർത്ഥികൾ വിദ്വേഷ പ്രചരണത്തിന് ഇരയായോയെന്ന് കണ്ടെത്താൻ വിവരങ്ങളൊന്നും ലഭ്യമല്ല.

അതേസമയം, തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം നവംബർ ആറിന് നടക്കും.