
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുന്ന 75 ശതമാനം കിടക്കകളും നിറഞ്ഞു. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, എസ്.എ.ടി ആശുപത്രി എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികളുള്ളത്. സർക്കാർ ആശുപത്രികളിലായി കൊവിഡ് രോഗികൾക്ക് 161 തീവ്രപരിചരണ (ഐ.സി.യു) യൂണിറ്റുകളാണുള്ളത്. ഇവയിൽ 76 ശതമാനവും നിറഞ്ഞിട്ടുണ്ട്. 26 ശതമാനം വെന്റിലേറ്ററുകൾ മാത്രമാണ് ഒഴിവുള്ളത്.
കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിലെ 65 ശതമാനം പേരും കഴിയുന്നത് സർക്കാർ ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ ആണ്. ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളിൽ കാറ്റഗറി ബി വിഭാഗത്തിൽ പെട്ടവരാണ് ചികിത്സയിലുള്ളത്. രോഗബാധിതരിൽ 18 ശതമാനം പേർ കാറ്റഗറി സി വിഭാഗത്തിൽ വരുന്നവരാണ്. ഏറ്റവും ഒടുവിലെ കണക്ക് അനുസരിച്ച് സർക്കാർ ആശുപത്രികളിൽ കഴിയുന്ന രോഗികളിൽ 211 പേർ സി കാറ്റഗറിയിൽ വരുന്നവരാണ്.
സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 460 പേർ ബി കാറ്റഗറിയിലും 62 പേർ സി കാറ്റഗറിയിലും പെടുന്നവരാണ്. രോഗം ബാധിച്ചവരിൽ 14 ശതമാനം പേർ എ കാറ്റഗറിയിൽ പെട്ടവരാണ്. സ്വകാര്യ ആശുപത്രികളിൽ കഴിയുന്ന രോഗികളിൽ 2.39 ശതമാനം പേർ വെന്റിലേറ്ററിലാണ്. സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 0.55 ശതമാനം പേരും വെന്റിലേറ്ററിലാണ്. നിലവിൽ 8,678 പേരാണു രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ആശുപത്രികളിൽ 1559 പേർ നിരീക്ഷണത്തിലുണ്ട്. 57,344 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചത്.