
വാഷിംഗ്ടൺ: പാശ്ചാത്യ രാജ്യങ്ങൾ ആഘോഷപൂർവം കൊണ്ടാടുന്ന ഹാലോവീൻ ദിനം ഇന്നാണ്. ഹോളിവുഡ് സിനിമകളിലും മറ്റും ഹാലോവീൻ ആഘോഷങ്ങളെ ആധാരമാക്കിയുള്ള രംഗങ്ങളൊക്കെ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അത്ര പ്രചാരമുള്ള ആഘോഷമല്ലിത്.
ഹലോവീൻ ദിനമാഘോഷിക്കാനായി ആളുകൾ ഏറ്റവും ഭീകരവും പേടിപ്പെടുത്തുന്നതുമായ വസ്ത്രങ്ങൾ ധരിയ്ക്കും. ഭയാനകമായ മേയ്ക്ക്അപ്പും ചെയ്യും. ദുർമന്ത്രവാദികൾ, ദുഷ്ടകഥാപാത്രങ്ങൾ, പ്രേതങ്ങൾ, അർബാൻ ലെജൻഡുകൾ എന്നിവരുടെ വേഷവിധാനങ്ങളാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. അന്നേ ദിവസം വമ്പൻ പാർട്ടികൾ നടക്കും. എല്ലാ വീടുകളിലും മറ്റുള്ളവർക്ക് നൽകാനായി മിഠായികളും കരുതിവയ്ക്കും. ട്രിക്ക്- ഓർ ട്രീറ്റിംഗ് എന്നാണിത് അറിയപ്പെടുന്നത്.
ഈ നാളുകളിൽ നിരവധി കോലങ്ങളും രൂപങ്ങളും അമേരിക്കയിലെ വീടുകളുടെ മുന്നിൽ എത്താറുണ്ട്. മത്തങ്ങയെ ഭീകരരൂപത്തിലാക്കി വീടിനുള്ളിലും പുറത്തും വെയ്ക്കുന്ന ജാക്ക് ഓ ലാന്റേൺ എന്ന ചടങ്ങാണ് ഏറ്റവും പ്രശസ്തം.
 ഹാലോവീൻ ചരിത്രം
എട്ടാം നൂറ്റാണ്ടിൽ ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പ നവംബർ ഒന്ന് എല്ലാ വിശുദ്ധന്മാരെയും ആരാധിക്കാനുള്ള ദിവസമായി നിശ്ചയിച്ചു. ഓൾ സെയിന്റ്സ് ഡേ എന്നാണിത് അറിയപ്പെടുന്നത്. ഈ തിരുനാളിന്റെ തലേദിവസം ഓൾ ഹാലോസ് ഈവ് എന്നാണ് അറിയപ്പെടുന്നത്. പിന്നീട്, ഇത് ഹലോവീനായി മാറിയെന്ന് പറയപ്പെടുന്നു.
പുരാതന കെൽറ്റിക് ഉത്സവമായ സാംഹെയ്‌നിൽ നിന്ന് ഉത്ഭവിച്ചതാണ് ഹാലോവീനെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന കെൽറ്റുകൾ നവംബർ ഒന്നിനാണ് അവരുടെ പുതുവർഷം ആഘോഷിച്ചുവന്നിരുന്നത്. ഈ ദിവസം വേനൽക്കാലത്തിന്റെ അവസാനമായും വിളവെടുപ്പിന്റെയും ഇരുണ്ട തണുത്ത ശൈത്യകാലത്തിന്റെയും ആരംഭമായും രേഖപ്പെടുത്തി. പുതുവർഷത്തിന്റെ തലേദിവസം പ്രേതങ്ങൾ ഭൂമിയിലേക്ക് മടങ്ങിവരുമെന്നും ഇവർ വിശ്വസിച്ചിരുന്നു. അങ്ങനെ, ഒക്ടോബർ 31 രാത്രി അവർ സംഹെയ്ൻ ആഘോഷിച്ചു. ഇത് പരിണമിച്ച് ഹാലോവീനായെന്ന് കരുതപ്പെടുന്നു.
കർശനമായ പ്രൊട്ടസ്റ്റന്റ് വിശ്വാസ സമ്പ്രദായങ്ങൾ ഉണ്ടായിരുന്ന കൊളോണിയൽ ന്യൂ ഇംഗ്ലണ്ടിൽ ഹാലോവീൻ ആഘോഷം പരിമിതമായിരുന്നു. അതേസമയം, മേരിലാൻഡിലും തെക്കൻ കോളനികളിലും ഹാലോവീൻ വളരെ സാധാരണമായിരുന്നു.വിവിധ യൂറോപ്യൻ വംശീയ വിഭാഗങ്ങളുടെയും അമേരിക്കൻ വംശജർ വിശ്വാസങ്ങളും ആചാരങ്ങളും കൂടിച്ചേർന്നപ്പോൾ, ഹാലോവീനിന്റെ വ്യക്തമായ അമേരിക്കൻ പതിപ്പ് ഉയർന്നുവരാൻ തുടങ്ങി.
വിളവെടുപ്പ് ആഘോഷിക്കുന്നതിനായി നടന്ന പൊതുപരിപാടികളായ പ്ലേ പാർട്ടികളാണ് അവയിൽ പ്രധാനം.
അയൽക്കാർ മരിച്ചവരുടെ കഥകൾ പങ്കിടുകയും പരസ്പരം സൗഭാഗ്യങ്ങളെക്കുറിച്ച് പറയുകയും നൃത്തം ചെയ്യുകയും പാടുകയും ചെയ്യും. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്ക പുതിയ കുടിയേറ്റക്കാരാൽ നിറഞ്ഞിരുന്നു. പ്രത്യേകിച്ചും ഐറിഷ് സ്വദേശികൾ. ഇത്, ദേശീയതലത്തിൽ ഹാലോവീൻ ആഘോഷം ജനപ്രിയമാക്കാൻ സഹായിച്ചു.