kashmir

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ യുവമോർച്ച ജില്ലാ സെക്രട്ടറിയുൾപ്പെടെ മൂന്ന് ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടു. യുവമോർച്ച ജില്ലാ സെക്രട്ടറി ഫിദ ഹുസൈൻ യാട്ടൂ, പാർട്ടിപ്രവർത്തകരായ ഉമർ റാഷിദ് ബീഗ്, ഉമർ റംസാൻ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ വൈ.കെ. പോറയിലൂടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്.

ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

വൈ കെ പോര സ്വദേശിയായ ഫിദ ഹുഹൈൻ യാട്ടൂ (ബി.ജെ.പി ജില്ലാ യൂത്ത് ജനറൽ സെക്രട്ടറി), സോഫാത്ത് ദേവ്സർ സ്വദേശിയായ ഉമർ റാഷിദ് ബയ്ഗ്, വൈ.കെ പോര സ്വദേശിയായ ഉമർ റംസാൻ ഹജാം എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഭീകരർക്കായി പ്രദേശത്ത് പൊലീസ് തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ കുറച്ചുമാസങ്ങളായി ജമ്മു കാശ്‌മീരിൽ ബി.ജെ.പി പ്രവർത്തകർക്കു നേരെ ഭീകരാക്രമണം നടക്കുന്നുണ്ട്. 9 പേർ ഇതുവരെ കൊല്ലപ്പെട്ടെന്നാണ് വിവരം.

ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയും പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയും ആക്രമണത്തെ അപലപിച്ചു.