
കൊവിഡ് - 19 വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും മലയാള സിനിമ വീണ്ടും ഷൂട്ടിംഗ് തിരക്കിൽ മുങ്ങിക്കഴിഞ്ഞു. മമ്മൂട്ടിയും ദുൽഖർ സൽമാനും ഒഴികെയുള്ള താരങ്ങളെല്ലാം പുതിയ സിനിമകളുടെ ചിത്രീകരണത്തിരക്കിലാണ്.
കൊവിഡ് ഭീതി പൂർണമായും ഒഴിഞ്ഞ ശേഷം മാത്രം പുതിയ സിനിമകളിലഭിനയിച്ചാൽ മതിയെന്നാണ് മമ്മൂട്ടിയുടെയും ദുൽഖറിന്റെയും തീരുമാനം. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രങ്ങൾ കൂടാതെ നവംബറിൽ അഞ്ച് പുതിയ  സിനിമകളുടെയും ചിത്രീകരണം ആരംഭിക്കും.
നിവിൻ പോളി പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച് നായകവേഷമവതരിപ്പിക്കുന്ന കനകം മൂലം കാമിനി മൂലമാണ് ഇതിലൊന്ന്. നവംബർ ആദ്യവാരം എറണാകുളത്ത് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്.
അമർ അക്ബർ അന്തോണിക്ക് ശേഷം നാദിർഷയും ജയസൂര്യയും ഒന്നിക്കുന്ന ചിത്രീകരണത്തിന്റെ ഷൂട്ടിംഗ് നവംബർ 15ന് തുടങ്ങും. ലൊക്കേഷന്റെ കാര്യത്തിൽ വരും ദിവസങ്ങളിൽ അന്തിമതീരുമാനമാകും. നമിതാ പ്രമോദാണ് ഈ ചിത്രത്തിലെ നായിക. സലിംകുമാർ മറ്റൊരു പ്രധാന വേഷവുമതവരിപ്പിക്കുന്നു. സുനീഷ് വാരനാട് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ സുജിത്ത് വാസുദേവാണ്. ഒ.ടി.ടി റിലീസായാണ് ചിത്രം പ്ളാൻ ചെയ്യുന്നത്.
ജോജു ജോർജ്, സിദ്ദിഖ്, ലെന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൻസീർ സംവിധാനം ചെയ്യുന്ന ചിത്രവും നവംബർ 15ന് തുടങ്ങും. എറണാകുളമാണ് ലൊക്കേഷൻ.
മോഹൻലാലും ബി. ഉണ്ണിക്കൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രവും നവംബർ 15ന് തുടങ്ങും. പാലക്കാടാണ് ലൊക്കേഷൻ. വിജയ് സേതുപതിയും മാധവനും അഭിനയിച്ച വിക്രം വേദയിലൂടെ ശ്രദ്ധേയയായ ശ്രദ്ധ ശ്രീനാഥാണ് നായിക. സിദ്ദിഖ്, വിജയരാഘവൻ തുടങ്ങിയവരും താരനിരയിലുണ്ട്.
ഇപ്പോൾ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2-ൽ അഭിനയിച്ച് വരികയാണ് മോഹൻലാൽ. നവംബർ 5ന് ദൃശ്യം - 2ന്റെ ചിത്രീകരണം പൂർത്തിയാകും.
പാ. വ, എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ ചിത്രങ്ങൾക്ക് ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 25ന് തൊടുപുഴയിൽ തുടങ്ങും. വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് ഈ ചിത്രത്തിലെ നായകൻ.
കോഴിക്കോട് ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ സിബി മലയിലിന്റെ ആസിഫ് അലി ചിത്രമായ കൊത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം എന്ന് തുടങ്ങുമെന്ന് തീരുമാനമായിട്ടില്ല.
കള എന്ന ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ടൊവിനോ തോമസ് ഈ മാസം തന്നെ കളയുടെ അവസാനഘ ഘട്ട ചിത്രീകരണത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
നയൻതാരയും ചാക്കോച്ചനും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന അപ്പു. എൻ. ഭട്ടതിരി സംവിധായകനാകുന്ന നിഴലിന്റെ ചിത്രീകരണം എറണാകുളത്ത്പുരോഗമിക്കുകയാണ്.
നവാഗതനായ തനുബാലക് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തുടങ്ങി. പൃഥ്വിരാജ് നവംബർ ആദ്യവാരം ജോയിൻ ചെയ്യും.
സുരേഷ് ഗോപിയും രൺജി പണിക്കരും പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന കാവൽ നവംബർ ആറിന് വണ്ടിപ്പെരിയാറിൽ പൂർത്തിയാകും.
ഉണ്ണി മുകുന്ദൻ നിർമ്മാതാവാകുന്ന മേപ്പടിയാന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ പുരോഗമിക്കുന്നു. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക.
കാമറമാൻ സാനു വർഗീസ് സംവിധായകനാകുന്ന ചിത്രം കോട്ടയത്ത് പുരോഗമിക്കുകയാണ്. ബിജുമേനോൻ നായകനാകുന്ന ചിത്രത്തിൽ പാർവതി തിരുവോത്താണ് നായിക.
മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്ന ദ പ്രീസ്റ്റിന്റെ അവസാന ഘട്ട ചിത്രീകരണം കുട്ടിക്കാനത്ത് നടക്കുകയാണിപ്പോൾ. മഞ്ജുവാര്യർ അഭിനയിക്കുന്ന രംഗങ്ങളാണ്ഇപ്പൾ ചിത്രീകരിക്കുന്നത്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ നാലിന് പായ്ക്കപ്പാകും.