taiwan

വാഷിംഗ്ടൺ: യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെ കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിൽ ഉഴറുമ്പോൾ പ്രദേശിക സമ്പർക്ക കേസുകളില്ലാതെ 200 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ് തായ്‌വാൻ. ഏപ്രിൽ 12നാണ് അവസാനമായി പ്രദേശിക വ്യാപന കേസ് റിപ്പോർട്ട് ചെയ്തത്.

തായ്‌വാനിൽ ഇതുവരെ 553 കേസുകളും ഏഴ് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. അതിർത്തികൾ നേരത്തെ അടച്ചതും കർശന യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, കൂടാതെ, സമ്പർക്ക രോഗ ബാധ കണ്ടെത്തുന്നതിൽ കാണിച്ച ശ്രദ്ധയും, ക്വാറന്റൈൻ കർശനമാക്കിയതും,മാസ്ക് ധാരണം വ്യാപകമാക്കിയതും രാജ്യത്തിന് ഗുണകരമായി.

സമ്പർക്ക വ്യാപനക്കേസുകളില്ലെങ്കിലും വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ചിലർക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ ഇവർക്ക് നിരീക്ഷണം ശക്തമാക്കി. ക്വാറന്റൈൻ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡിജിറ്റൽ ഫെൻസിംഗ് സംവിധാനവും നടപ്പിലാക്കി. നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യവസ്തുക്കൾ എത്തിക്കാൻ പ്രത്യേക ഡിജിറ്റൽ -നോൺ ഡിജിറ്റൽ സംവിധാനം ഏർ‌പ്പെടുത്തിയിട്ടുണ്ട്. ലോകോത്തര കോൺടാക്ട് ട്രെയ്‌സിംഗ് റിപ്പോർട്ട് ചെയ്ത രാജ്യമാണ് തായ്‌വാൻ. സമ്പർക്കം പുലർത്തിയവർ നെഗറ്റീവ് ആണെങ്കിലും 14 ദിന ഹോം ക്വാറന്റൈന് വിധേയമാകണം

ഇതുവരെ 340,000 ആളുകൾ ഹോം ക്വാറന്റൈനിലിരുന്നിട്ടുണ്ട്. ഇത് ലംഘിച്ചാൽ പിഴ അടയ്ക്കണം.

2003ലെ സാർസ് വ്യാപനത്തിൽ 73 പേരാണ് തായ്‌വാനിൽ മരണപ്പെട്ടത്. സാർസ്, എച്ച്1എൻ1. പക്ഷിപ്പനി തുടങ്ങിയവയെ നേരിട്ട അനുഭവപാഠങ്ങളാണ് കൊവിഡിനെ നേരിടാൻ ജനങ്ങൾക്ക് സഹായകമായത്.

അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 45,452,276 ആയി. മരണം 1,188,007 എത്തി. 33,046,771 പേർ രോഗവിമുക്തരായി.