
കാൻബെറ : അമേരിക്കൻ ബുൾഡോഗ് ഇനത്തിൽപ്പെട്ട ' ടെക്‌സസ് ' എന്ന തന്റെ വളർത്തുനായയെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഓസ്ട്രേലിയയിലെ പെർത്ത് സ്വദേശിയായ ജോഷ്വാ വാക്കർ. ഡേറ്റിംഗ് ആപ്പിലൂടെ ജോഷ്വാ പരിചയപ്പെട്ട യുവതിയെ ടെക്‌സസ് മാരകമായ പരിക്കേൽപ്പിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇപ്പോൾ ആക്രണത്തിന്റെ പേരിൽ നിയമനടപടികൾ നേരിടുന്ന 28കാരനായ ജോഷ്വാ യുവതി നൽകിയ പരാതിയിലെ കാര്യങ്ങളെല്ലാം കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ തന്റെ വളർത്തുനായയെ വധിക്കാൻ സമർപ്പിക്കപ്പെട്ട അപേക്ഷക്കെതിരെ പോരാടുകയാണിയാൾ.
ടിന്ററിലൂടെ ജോഷ്വാ വാക്കർ യുവതിയുമായി പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം ക്രിസ്മസിന് ഇരുവരും ഒരു ഹോട്ടലിൽ വച്ച് കണ്ടുമുട്ടി. പുറത്ത് ചുറ്റിക്കറങ്ങിയ ശേഷം ഇരുവരും ജോഷ്വായുടെ താമസസ്ഥലത്തെത്തി. താൻ ടെക്സസിനെ പുറത്ത് സുരക്ഷിതമായി കൊണ്ട് നിറുത്തിയതിന് ശേഷം വീടിനകത്തേക്ക് കയറാമെന്നും അതുവരെ കാത്തുനിൽക്കണമെന്നും വീടിനുള്ളിൽ കയറുന്നതിന് മുമ്പ് ജോഷ്വാ യുവതിയോട് പറഞ്ഞു. ടെക്സസിനെ കണ്ടയുടൻ യുവതി അതിനെ കൈനീട്ടി വിളിച്ചു. എന്നാൽ ടെക്‌സസ് യുവതിയുടെ നേർക്ക് ചാടിവീണ് മുഖത്ത് മാരകമായി കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
യുവതിയുടെ മുഖത്തിന്റെ ഒരുഭാഗം നായ കടിച്ചെടുത്തു. തുടർന്ന് യുവതി പ്ലാസ്റ്റിക് സർജറിയ്ക്ക് വിധേയ ആകുകയായിരുന്നു. 21 സ്റ്റിച്ചാണ് മുഖത്ത് വേണ്ടി വന്നത്. ജോഷ്വാ തന്റെ നായയെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിന്റെ മൈക്രോചിപ്പ് വിവരങ്ങൾ പ്രാദേശിക അധികൃതർക്ക് കൈമാറിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. യുവതിയ്ക്കെതിരെ നടന്ന മാരക ആക്രമണത്തെ തുടർന്ന് നായയെ ഇല്ലാതാക്കണമെന്നാണ് കോടതിയിൽ വാദം ഉയർന്നിരിക്കുന്നത്.
ടെക്സസിനെ നിലവിൽ കാണാനില്ല. നായയെ കണ്ടെത്തി വധിക്കണമെന്ന അപേക്ഷ ജോഷ്വാ എതിർത്തു. നായയെ കണ്ടെത്തിയാൽ അതിനെ തനിക്ക് തിരികെ തരേണം. യുവതി നായയെ പ്രകോപിപ്പിക്കുകയായിരുന്നുവെന്നും ടെക്സസ് ഒറ്റത്തവണ മാത്രമാണ് കടിച്ചതെന്നും താൻ തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നുമാണ് ജോഷ്വാ പറയുന്നത്. ആക്രമണത്തിൽ ജോഷ്വായ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും ഇയാളെ ശിക്ഷിക്കണമെന്നുമാണ് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസമാണ് കേസിന്റെ വിധി.