b-s-dhanova

ന്യൂഡൽഹി: ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ ഏതെങ്കിലും തരത്തിൽ പാക് സൈന്യം തിരിച്ചടിക്ക് ശ്രമിച്ചിരുന്നെങ്കിൽ അവരുടെ മുൻനിര സൈനികവ്യൂഹത്തെ തുടച്ചുനീക്കാൻ ഇന്ത്യൻ സൈന്യം സജ്ജരായിരുന്നുവെന്ന് വ്യോമസേനാ മുൻ മേധാവി റിട്ട. എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ. വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വിട്ടയ്ക്കുകയല്ലാതെ പാകിസ്ഥാന് മുന്നിൽ മറ്റ് പോംവഴികളില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

​അ​ഭി​ന​ന്ദ​ൻ​ ​വ​ർ​ധ​മാ​നെ​ ​വി​ട്ട​യച്ചില്ലെ​ങ്കി​ൽ​ ​ഇ​ന്ത്യ​ ​ആ​ക്ര​മി​ക്കു​മെ​ന്ന്​ ​പാ​ക് ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​ഷാ​ ​മു​ഹ​മ്മ​ദ് ​ഖു​റേ​ഷി​ ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽകിയപ്പോ​ൾ​ ​പാ​ക് ​സൈ​നി​ക​ ​മേ​ധാ​വി​ ​ഖ​മ​ർ​ ​ജാ​വേ​ദ് ​ബ​ജ്‍​വ​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​ന്ന​ത​ ​നേ​താ​ക്ക​ളു​ടെ​ ​മു​ട്ടി​ടി​ച്ചെ​ന്ന് ​പാ​കി​സ്ഥാ​ൻ​ ​എം.പി ​സ​ർ​ദാ​ർ​ ​അ​യാ​സ് ​സാ​ദി​ഖി​ന്റെ​വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'അഭിനന്ദൻ പിടിയിലായതിന് ശേഷം ഞാനും അഭിനന്ദന്റെ പിതാവും പഴയ കാര്യങ്ങളാണ് സംസാരിച്ചത്. ഞങ്ങൾ ഫ്ളൈയിംഗ് ഇൻസ്ട്രക്ടർ കോഴ്‌സിന് ഒരുമിച്ചായിരുന്നു. കാർഗിൽ യുദ്ധത്തിൽ എന്റെ ഫ്ളൈറ്റ് കമാൻഡർ അഹൂജ പാക് പിടിയിലായിരുന്നു. നമുക്ക് അഹൂജയെ തിരിച്ചു കിട്ടിയില്ല. പക്ഷേ അഭിനന്ദനെ ഉറപ്പായും തിരികെ കൊണ്ടുവരുമെന്ന് ഞാൻ അഭിനന്ദന്റെ പിതാവിനോട് പറഞ്ഞു'.- ധനോവ വ്യക്തമാക്കി. 1999ൽ മിഗ് 21 പറത്തിയിരുന്ന സ്‌ക്വാഡ്രൻ ലീഡർ അജയ് അഹൂജയെ പാക് സൈന്യം വെടിവച്ച് കൊന്നിരുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെക്കുറിച്ച് പാകിസ്ഥാൻ കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് വർദ്ധമാന് യാതൊരു പ്രശ്‌നവും ഉണ്ടാകാതെ അവർ നോക്കിയത്.
നയതന്ത്ര, രാഷ്ട്രീയ സമ്മർദ്ദമാണ് പ്രധാനമായും ഉണ്ടായിരുന്നത്. അതിനൊപ്പം പാക് എം.പി അയാസ് സാദിഖ് പറഞ്ഞതുപോലെ ഇന്ത്യൻ സൈന്യം ആക്രമിക്കുമെന്ന ഭീതിയും അവരെ ഉലച്ചു. മൂന്നു സേനാവിഭാഗങ്ങളും ആക്രമിക്കാനുള്ള ഒരുക്കത്തിലായിരുന്നു. - ബി.എസ്. ധനോവ പറഞ്ഞു. മിഗ് 21 സ്‌ക്വാഡ്രനിൽ ബി.എസ് ധനോവയും അഭിനന്ദന്റെ പിതാവും ഒരുമിച്ചാണ് സേവനം അനുഷ്ഠിച്ചിരുന്നത്. അഭിനന്ദന്റെ പിതാവ് എയർ മാർഷലായാണ് വിരമിച്ചത്.

കോൺഗ്രസ് മാപ്പ് പറയണമെന്ന്

പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് സമ്മതിച്ച് പാക് മന്ത്രി രംഗത്തെത്തിയത് കോൺഗ്രസിനെയും അവരുടെ നേതാക്കളെയും തുറന്നുകാട്ടുന്നുവെന്ന് ബി.ജെ.പി.

പുൽവാമ ഭീകരാക്രമണം മോദി സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ആരോപിച്ച കോൺഗ്രസ് നേതാക്കൾ രാജ്യത്തോടും മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തു.

 മലക്കം മറിഞ്ഞ് പാക് മന്ത്രി

സംഭവം വിവാദമായതോടെ പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ചുള്ള പാർലമെന്റിലെ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന വിശദീകരണവുമായി പാക് മന്ത്രി ഫവാദ് ചൗധരി രംഗത്തെത്തി. പുൽവാമ ആക്രമണത്തിന് ശേഷമുള്ള നടപടിയാണ് താൻ ഉദ്ദേശിച്ചതെന്നായിരുന്നു ന്യായീകരണം.

'എന്റെ പ്രസ്താവന വളരെ വ്യക്തമാണ്. പുൽവാമയ്ക്ക് ശേഷം ബാലാക്കോട്ടിലെ പാകിസ്ഥാൻ പ്രദേശത്തേക്ക് കടക്കാൻ ഇന്ത്യ തുനിഞ്ഞതിനെത്തുടർന്ന് ഞങ്ങൾ ഏറ്റെടുത്ത ഓപ്പറേഷനെ കുറിച്ചാണ് പറഞ്ഞത്." ചൗധരി വിശദീകരിച്ചു.

കഴിഞ്ഞദിവസമാണ് പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് സമ്മതിച്ച് ശാസ്ത്ര സാങ്കേതികവകുപ്പുമന്ത്രി ഫവാദ് ചൗധരിയുടെ പ്രസംഗം പുറത്തുവന്നത്.
''ഇന്ത്യയെ അവരുടെ തട്ടകത്തിൽ കയറി നമ്മൾ ആക്രമിച്ചു. പുൽവാമയിലെ നമ്മുടെ വിജയം ഇമ്രാൻഖാന്റെ നേതൃത്വത്തിന്റെ വിജയമാണ്. നമ്മളെല്ലാവരും അതിന്റെ ഭാഗമാണെന്നാണ്" പാക് പാർലമെന്റിൽ ചൗധരി പറഞ്ഞത്.

2019 ഫെബ്രുവരിയിൽ കാശ്‌മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആ സമയത്ത് വാർത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രിയായിരുന്ന ചൗധരി പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അടുത്ത അനുയായികളിലൊരാളായാണ് അറിയപ്പെടുന്നത്.

ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയയ്ക്കാൻ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഇന്ത്യ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തപ്പോൾ പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വ ഉൾപ്പെടെ ഉന്നത നേതാക്കളുടെ മുട്ടിടിച്ചെന്ന് പാകിസ്ഥാൻ മുസ്‍ലിം ലീഗ് (നവാസ്) നേതാവ് സർദാർ അയാസ് സാദിഖിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഫവാദ് ചൗധരിയുടെ പ്രസ്താവനയും വിവാദമായത്.