
ലണ്ടൻ: മുറിവേറ്റ പട്ടാളക്കാരുടെ നിലവിളി കൊണ്ട് ബ്രിട്ടനിലെ ബിർമ്മിങ്ങാമിലെ സെല്ലി ഓക്ക് ആശുപത്രിയിലെ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്. അതിനിടെയിലാണ് ആ ശബ്ദം എല്ലാവരുടേയും കാതിൽ തേന്മഴയായി എത്തിയത്. കേക്ക് ലേഡി വരുന്നു, കേക്ക് ലേഡി വരുന്നു...'
മുറിവേറ്റ പട്ടാളക്കാരുടെ ഇടയിലൂടെ വ്യത്യസ്തമായി വസ്ത്രധാരണം ചെയ്ത മദ്ധ്യവയസ്കയായ ആ സ്ത്രീ ഒരു ട്രോളിയിൽ കേക്കുമായി എത്തി. നഴ്സുമാരോ ബന്ധുക്കളോ ഡോക്ടർമാരോ ആരും അവരെ തടയുന്നില്ല. മുറിവേറ്റ സൈനികരെ ആലിംഗനം ചെയ്ത് കൊണ്ട് അവർക്ക് കേക്കുകൾ നൽകുകയാണ് റിട്ടയേർഡ് നഴ്സായ കാത് റയനെന്ന 59കാരി. 2009ലെ അഫ്ഗാൻ യുദ്ധകാലത്ത് നടന്ന സംഭവമാണിത്. മുറിവേറ്ര സൈനികർക്ക് സ്നേഹവും പരിഗണനയും ഒപ്പം മധുരമൂറുന്ന കേക്കും അവർ ദിവസവും നൽകി. 1260 ൽ കൂടുതൽ തവണ അവർ ആശുപത്രി സന്ദർശിച്ചതായാണ് രേഖകൾ. അതിപ്പോഴും തുടരുന്നു. അന്ന് സ്വയം തയ്യാറാക്കിയ ഏകദേശം ഒരു മില്യൺ കേക്ക് കഷണങ്ങൾ അവർ അവിടെ വിതരണം ചെയ്തു.
സൈന്യത്തിലായിരുന്ന മുറിവേറ്റ സഹോദരിക്കു വേണ്ടിയാണ് റയൻ കേക്കുകൾ ഉണ്ടാക്കിത്തുടങ്ങിയത്. അവൾ അത് തന്റെ സഹസൈനികർക്ക് വേണ്ടി പങ്കുവച്ചിരുന്നു. പിന്നീട് ഈ സൈനികർ അവർക്കും കേക്ക് വേണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയതോടെ റയൻ എല്ലാവർക്കും കേക്ക് നൽകിത്തുടങ്ങി.
ആറ് ഡസനോളം ബട്ടർഫ്ളൈ കേക്ക് 48 കസ്റ്റാർഡ് സ്ലൈസ്, ബെയ്ക്ക്വെൽ ടാർട്ട്സ്, കോക്കനട്ട് കേക്ക്, ചോക്ലേറ്റ് മഫിൻസ് എന്നിവയാണ് മിക്ക ആഴ്ചകളിലും റയൻ നൽകുന്നത്.
സൈനികരുടെ ഇഷ്ടത്തിനനുസരിച്ചുള്ള കേക്കുകളും റയൻ തയ്യാറാക്കാറുണ്ട്. വിവാഹിതയല്ലാത്ത റയാന് എല്ലാ സഹായത്തിനും ഒപ്പമുള്ളതും ചികിത്സ കഴിഞ്ഞ് പോകുന്ന സൈനികരാണ്. സൈനികരുടെ കുടുംബങ്ങളിലെ ചടങ്ങുകളിൽ വിശിഷ്ടാതിഥിയായും റയാൻ എത്തും.
കൊവിഡ് വ്യാപനം തുടങ്ങിയതോടെ റയാന്റെ ആശുപത്രി സന്ദർശനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടി വന്നു. എങ്കിലും തന്റെ വീടിനടുത്തുള്ള ചെറിയ സൈനിക ആശുപത്രിയിൽ കേക്കുകളെത്തിക്കാൻ റയൻ മറക്കാറില്ല.